ന്യൂഡൽഹി: കോവിഡ് ഭീതിയിൽ കൂടുതൽ നിയന്ത്രണം വന്നേക്കും. ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന രാജ്യാന്തര യാത്രക്കാരാണ് 'എയർ സുവിധ' ഫോം പൂരിപ്പിക്കിക്കേണ്ടതും 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാഫലം കരുതേണ്ടതും. അടുത്ത ആഴ്ച മുതൽ നിർബന്ധമാക്കും. കിഴക്കൻ ഏഷ്യയിൽ കോവിഡ് വ്യാപിച്ച് 30-35 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ വ്യാപനം തുടങ്ങുന്നതാണ് രീതി. ഇത് മനസ്സിലാക്കിയാണ് നിയന്ത്രണം.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പരിശോധന നടത്തിയ 6000 പേരിൽ 39 രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യയിലെ കോവിഡ് കേസുകളിൽ കുതിച്ചുചാട്ടം ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ട്. അടുത്ത 40 ദിവസങ്ങൾ നിർണായകമാണ്. ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെ ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്.അതുകൊണ്ടാണ് നിയന്ത്രണം കൂട്ടുന്നത്. ഏത് സാഹചര്യത്തിനും തയാറായിരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിന്റെ കാര്യത്തിൽ പുതുവർഷത്തിലെ ആദ്യ നാളുകൾ ഇന്ത്യയ്ക്ക് നിർണായകമാണ്. മുൻ വർഷങ്ങളിലെ വ്യാപനരീതി കണക്കിലെടുക്കുമ്പോൾ ഇനിയുള്ള 40 ദിവസം കരുതലെടുക്കണമെന്നാണ് നിർദ്ദേശം. വ്യാപനം ഉണ്ടാകാമെങ്കിലും അത്ര കടുത്തതാകില്ല. മരണത്തിലും ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകും. ചൈനയിൽ നിന്നെത്തിയ 2 പേർക്ക് ഇന്നലെ മഥുര വിമാനത്താവളത്തിലെ പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചു.

യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കെങ്കിലും അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നേക്കും. വിമാനത്താവളങ്ങളിൽ ഇടവിട്ട് 2% യാത്രക്കാരിൽ മാത്രം നടത്തുന്ന പരിശോധന തുടരുന്നുണ്ട്. റിസ്‌ക് വിഭാഗത്തിൽപെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കു നിർബന്ധിത പരിശോധനയും വൈകാതെ തുടങ്ങും.

പല സർക്കാർ ആശുപത്രികളിലും വാക്‌സീൻ ക്ഷാമം രൂക്ഷമായിരിക്കെ, കോവിഷീൽഡ് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് 2 കോടി ഡോസ് വാക്‌സീൻ കേന്ദ്ര സർക്കാരിനു സൗജന്യമായി നൽകാൻ സന്നദ്ധത അറിയിച്ചു. 410 കോടി രൂപ വിലമതിക്കുന്ന വാക്‌സീൻ ലഭ്യമാക്കാമെന്നാണ് വാഗ്ദാനം. അതിനിടെ നാലാം ഡോസിലേക്കു കടക്കേണ്ടതില്ലെന്നും ഇതിനു ശാസ്ത്രീയ പഠനമോ വിദഗ്ധസമിതിയുടെ അനുമതിയോ ഇല്ലെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു.

നേരത്തെ തന്നെ കരുതൽ ഡോസ് എടുത്തവർ നാലാം ഡോസ് എടുക്കാനോ നേസൽ വാക്‌സീനെടുക്കാനോ മുതിരരുതെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. മൂന്നാം ഡോസ് എടുക്കുന്ന കാര്യത്തിൽ ഉപേക്ഷ പാടില്ലെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു.