- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് വെച്ച് കടിച്ചത് ഉഗ്ര വിഷമുള്ള പാമ്പ്; 16 തവണ ഡയാലിസിസ്; തലച്ചോറിന്റെ പ്രവർത്തനം തകരാറിലായതോടെ ജീവൻ നിലനിർത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ: 19-ാം വയസ്സിൽ സിദ്ധാർത്ഥിന് രണ്ടാം ജന്മം നൽകി തൃശൂർ മെഡിക്കൽ കോളജ്
വീട്ടുമുറ്റത്ത് വെച്ച് ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 19കാരന് 32 ദിവസത്തെ അതി തീവ്രപരിചരണത്തിനൊടുവിൽ പുനർജന്മം. വൃക്കയുടേയും തലച്ചോറിന്റേയും ശ്വാസകോശത്തിന്റെയും പ്രവർത്തനം തകരാറിലായ യുവാവാണ് തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കയറിയത്. തൃശൂർ വേലൂർ സ്വദേശിയായ സിദ്ധാർഥിനെയാണ് പാമ്പു കടിച്ചത്.
സ്വകാര്യ ആശുപത്രിയിൽ 20 ലക്ഷം രൂപയിൽ അധികം വരുന്ന ചികിത്സയാണ് ഈ യുവാവിന് സൗജന്യമായി നൽകാനായത്. 16 തവണ ഡയാലിസിസ് ചികിത്സയും വെന്റിലേറ്റർ ചികിത്സയും നൽകിയാണ് ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. വിഷബാധ മൂലം തലച്ചോറിന്റെ പ്രവർത്തനം തകരാറിലാവുന്ന സ്ഥിതിവരെയുണ്ടായി. നവംബർ 26നാണ് സിദ്ധാർഥിനെ വീട്ടു മുറ്റത്തു നിന്ന് പാമ്പ് കടിയേറ്റ് തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചത്. ഉടൻ തന്നെ പാമ്പിൻ വിഷബാധക്കെതിരെ എഎസ്വി കുത്തിവയ്പ്പ് ഉടനെയെടുത്തു. എന്നാൽ പിന്നീട് രോഗിക്ക് മൈക്രോ ആഞ്ചിയോ പതിക് ഹീമോളിറ്റിക് അനീമിയ എന്ന അവസ്ഥ ഉണ്ടാവുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തു.
ഉടൻ തന്നെ ഡയാലിസിസ് നടത്തി. 16 തവണ ഡയാലിസിസ് ചികിത്സ നടത്തിയാണ് വൃക്കകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയത്. ഇതിനിടെ ഉഗ്രവിഷം കാരണം തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുകയും ശ്വാസകോശത്തിൽ കടുത്ത ന്യൂമോണിയ ബാധ കൂടുകയും ചെയ്തതോടെ ആരോഗ്യ നില വഷളായി. കൂടാതെ ശ്വാസകോശത്തിൽ കടുത്ത നീർക്കെട്ടുമുണ്ടായി. തുടർന്ന് വെന്റില്ലേറ്ററിലേക്ക് മാറ്റി അതിതീവ്ര പരിചരണം നൽകി. 32 ദിവസത്തെ അതിതീവ്ര പരിചരണം. രോഗം ഭേദമായതിനെ തുടർന്ന് സിദ്ധാർത്ഥിനെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു.
മികച്ച ചികിത്സയും പരിചരണവും നൽകി സിദ്ധാർഥിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മുഴുവൻ ടീമിനേയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ചുമട്ട് തൊഴിലാളിയായ ബൈബുവിന്റെയും വേലൂർ ഹെൽത്ത് സെന്റർ കാന്റീൻ ജീവനക്കാരിയായ കവിതയുടേയും മകനാണ് സിദ്ധാർഥ്.
മെഡിസിൻ യൂണിറ്റ് ചീഫ് ആര്യമോൾ, നെഫ്രോളജി വിഭാഗം ഡോക്ടർമാർ അനീബ്, വരദ, അനസ്തീസിയ വിഭാഗം ഡോ. ഷാജി, പിജി ഡോക്ടർമാർ ഹൗസ് സർജന്മാർ നഴ്സിങ് വിഭാഗം ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവരാണ് ചികിത്സയും പരിചരണവും നൽകിയത്.