- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിക്ക് പുറമെ ഗോവയ്ക്കും ഹൈദരാബാദിനും അഹമ്മദാബാദിനും എല്ലാം റീഷെഡ്യുൾ; എയർ ഇന്ത്യ മുഴുവൻ റൂട്ടുകളും റീഷെഡ്യുൾ ചെയ്യുന്നുവെന്ന് സൂചന; കൊച്ചി- ലണ്ടൻ വിമാനം തുടർന്നേക്കും; ആശങ്കകൾക്ക് ഒടുവിൽ വിരാമമാകുന്നു
എയർ ഇന്ത്യയുടെ ബുക്കിങ് പോർട്ടലിൽ വരുന്ന വിവരം അനുസരിച്ച് 2023 മാർച്ച് 24 മുതൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ഫ്ളറ്റിലെ ബുക്കിംഗുകൾ റദ്ദാക്കുകയോ റീഷെഡ്യുൾ ചെയ്യുകയോ ചെയ്യും. ഈ തീയതിക്ക് ശേഷം ബുക്ക് ചെയ്തവർക്കെല്ലാം മാർച്ച് 24 ന് ശേഷം ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് റദ്ദ് ചെയ്തതായി ബുക്കിങ് ഏജന്റുമാരിൽ നിന്നും ഈമെയിൽ സന്ദേശങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.
ഷെഡ്യുളിൽ വരുത്തുന്ന ചില മാറ്റങ്ങൾ മൂലമാണ് ഇപ്പോൾ വിമാന സർവ്വീസ് റദ്ദാക്കിയത് എന്നറിയുന്നു. ഇക്കാര്യത്തിൽ എയർലൈൻസിൽ നിന്നും വ്യക്തമായ ഒരു ഉത്തരം ലഭിക്കാത്തതിനാൽ ഏതാനും ആഴ്‌ച്ചകൾ കൂടി കാത്തിരിക്കുന്നതാണ് നല്ലത്. റദ്ദാക്കിയ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുക മടക്കി നൽകുകയോ അല്ലെങ്കിൽ മുംബൈ, ഡൽഹി വഴിയുള്ള വിമാനത്തിൽ ടിക്കറ്റ് നൽകുകയോ ചെയ്യും.
ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്താതെ എയർ ഇന്ത്യ വരുത്തിയ ഈ മാറ്റങ്ങൾ ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിൽ ലണ്ടനും കൊച്ചിക്കും ഇടയിൽ നേരിട്ടുള്ള സർവ്വീസ് നടത്തുന്നത് എയർ ഇന്ത്യ മാത്രമാണ്. ഇത് യു കെ മലയാളികൾക്ക് ഏറെ അനുഗ്രഹവുമാണ്. നിലവിൽ ആഴ്‌ച്ചയിൽ മൂന്ന് ദിവസമാണ് ഈ സർവ്വീസ് ഉള്ളത്, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ.
പത്ത് മണിക്കൂർ നേരത്തെ ഈ സർവ്വീസ് യു കെയിലുള്ള കുടിയേറ്റക്കാർക്ക് അവരുടെ രാജ്യത്തേക്ക് യാത്രചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം കൂടിയായിരുന്നു. സ്റ്റോപ്പ് ഓവർ ഇല്ലാത്തതിനാൽ യാത്രയ്ക്കായി കൂടുതൽ സമയം പാഴാക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. ലണ്ടൻ- കൊച്ചി വിമാനത്തിനു പുറമെ, ലണ്ടൻ- ഗോവ, ലണ്ടൻ- ഹൈദരാബാദ് വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കിയതായി ബുക്കിങ് ഏജന്റുമാർ പറയുന്നു.
അതിനു പുറമെ അഹമ്മദാബദിലേക്കും അമൃത്സറിലേക്കുമുള്ള വിമാനങ്ങൾ 2023 മാർച്ച് 26 മുതൽ റദ്ദാക്കും. സത്യത്തിൽ 2022 നവംബർമുതൽ തന്നെ ഈ വിമാനങ്ങളിലേക്കുള്ള ബുക്കിങ് നിർത്തലാക്കിയിരുന്നു. എന്നാൽ, 2022 ഡിസംബറിൽ മാത്രമായിരുന്നു ഈ വാർത്ത മാധ്യമങ്ങളിൽ വന്നത്. അതേസമയം, ഇപ്പോൾ റദ്ദാക്കിയ നേരിട്ടുള്ളവിമാന സർവ്വീസുകളിൽ പലതും സ്ഥിരമായി റദ്ദാക്കാൻ ഇടയില്ലെന്നണ് ഈ രംഗത്തുള്ളവർ പറയുന്നത്.
എയർ ഇന്ത്യയ്ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന സർവ്വീസുകളാണ് ഇതിൽ പലതും. മാത്രമല്ല, നഷ്ടം തീരെയുണ്ടാക്കാത്ത സർവ്വീസുകൾ കൂടിയാണിവ. അതുകൊണ്ടു തന്നെ ഇപ്പോൾ റദ്ദാക്കിയ ഈ നടപടി താത്ക്കാലികം മാത്രമായിരിക്കും എന്നും അവർ പറയുന്നു. ഹീത്രൂ വിമാനത്താവളത്തിലെ സ്ലോട്ട് അലോക്കേഷൻ സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉള്ളതിനാൽ, ചില സർവ്വീസുകൾ എയർ ഇന്ത്യ റീഷെഡ്യുൾ ചെയ്തേക്കും എന്നൊരു സൂചന ലഭിക്കുന്നുണ്ട്.
അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. സ്ലോട്ട് അലോക്കേഷൻ പ്രശ്നം പരിഹരിച്ചാൽ ഉടൻ തന്നെ ഈ സർവ്വീസുകൾ പുനരാരംഭിച്ചേക്കും എന്നും സൂചനകൾ ലഭിക്കുന്നുണ്ട്. 2023 ജനുവരിയോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. സർവ്വീസുകൾ പുനരാരംഭിച്ചാലും അവയുടെ ദിവസത്തിനും സമയത്തിനും മാറ്റം വരാൻ സാധ്യതയുണ്ട്.
അതേസമയം 2023 ജൂലായിലേക്കും 2023 ആഗസ്റ്റിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ടിക്കറ്റുകൾ റീഷെഡ്യുൾ ചെയ്തതായ റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അവർക്ക് ഇത് സംബന്ധിച്ച് എയർ ഇന്ത്യയിൽ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു. ഈ ഷെഡ്യുൾ ചേഞ്ച് ഉപഭോക്താക്കൾ സ്വീകരിച്ചാൽ, വിമാന സർവ്വീസ് പുനരാരംഭിക്കുമ്പോൾ അത് വീണ്ടും മാറ്റാവുന്നതാണ്. എയർ ഇന്ത്യയുടെ യു കെ സെയിൽസ് ഓഫീസ് സ്ഥിരീകരിക്കാൻ തയ്യാറല്ലെങ്കിലും അവർ പറയുന്നത് 2023 ജനുവരി മുതൽ ബുക്കിങ് പുനരാരംഭിക്കും എന്നാണ്. ലണ്ടൻ- കൊച്ചി വിമാനം നിർത്തലാക്കില്ലെന്നും അവർ പറയുന്നു.
ഇതിനു മുൻപും എയർ ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനമില്ലാതെ കൊച്ചിയിലേക്കുള്ള വിമാന സർവ്വീസ് നിർത്തലാക്കിയിരുന്നു. അന്ന് യു കെയിലെ മലയാളെ സമൂഹം വേണ്ടപ്പെട്ടവരെ കണ്ട് എയർ ഇന്ത്യയ്ക്ക് മേൽ സർവീസ് പുനരാരംഭിക്കുവാനായി സമ്മർദ്ദം ചെലുത്തിയിരുന്നു. അതിന്റെ ഫലമായിട്ടായിരിക്കാം, സർവ്വീസ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ മലയാളി സമൂഹം തയ്യാറെടുത്തു കഴിഞ്ഞു.
ലണ്ടനിൽ അടുത്തിടെ നടന്ന ലോക കേരള സഭ യോഗത്തിൽ ലണ്ടൻ- കൊച്ചി വിമാന സർവ്വീസിന്റെ കാര്യവും ഉയർന്ന് വന്നിരുന്നു. ആഴ്‌ച്ചയിൽ കൂടുതൽ ദിവസം ഈ സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടർ യൂസഫ് അലിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ലോക കേരള സഭ ലണ്ടൻ ചാപ്റ്ററും ഇപ്പോൾ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. അതേസമയം. ഇക്കാര്യവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവിന് കത്ത് എഴുതിയതായി നോർക്കയും വെളിപ്പെടുത്തി. അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന മറുപടി ലഭിച്ചതായും നോർക്ക വക്താവ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ