- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവികളുടെ ജനനനിയന്ത്രണത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ആനകളുടെ വന്ധ്യംകരണ മാതൃക നടപ്പാക്കാൻ ആലോചന; പ്രജനനം നിയന്ത്രിച്ച് വന്യമൃഗ വളർച്ച കുറച്ചില്ലെങ്കിൽ മലയോരത്തെ ഭീതി ഇനിയും ഉയരും; കാട്ടാനയേയും കടുവയേയും പേടിച്ച് പശ്ചിമഘട്ടം; സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ കേരളവും
തിരുവനന്തപുരം: വന്യജീവികളുടെ ജനനനിയന്ത്രണത്തിന് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ ആനകളുടെ വന്ധ്യംകരണ മാതൃക നടപ്പാക്കാൻ നീക്കം. കേരളത്തിൽ ആനശല്യം കൂടുന്ന സാഹചര്യത്തിലാണ് ഇത്. സുപ്രീംകോടതിയിലുള്ള കേസിൽ കക്ഷിചേരാനാണ് വനംവകുപ്പ് തീരുമാനം. നിയമനടപടികൾക്കായി മുഖ്യവനപാലകനെ വനംവകുപ്പ് ഉന്നതതലയോഗം ചുമതലപ്പെടുത്തി.
ആഫ്രിക്കയിൽ ആനകളെ പിടികൂടിയും അല്ലാതെയും നടത്തുന്ന വാക്‌സിനേഷൻ വഴി നാലുമുതൽ അഞ്ചുവർഷംവരെ പ്രജനനം നിയന്ത്രിക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷം ആനകൾ സാധാരണനിലയിലാകും. സമാനനടപടി പരീക്ഷണാടിസ്ഥാനത്തിൽ പശ്ചിമബംഗാളിൽ നടപ്പാക്കാനുള്ള നീക്കമാണ് സുപ്രീംകോടതി തടഞ്ഞത്. ഈ കേസിലാണ് കേരളം കക്ഷി ചേരാൻ ശ്രമിക്കുന്നത്. കേരളത്തിൽ ആനകളും കടുവകളും ക്രമാതീതമായി കൂടുന്നുവെന്നാണ് സൂചന. ആനകളുടെ എണ്ണം ഏറെ ഉയരുന്നു.
വന്യമൃഗങ്ങൾ പെരുകുന്നതനുസരിച്ച് വനവിസ്തൃതിയില്ലെന്നതാണ് കേരളത്തിന്റെ പ്രശ്‌നം. തീറ്റകുറഞ്ഞതോടെ മൃഗങ്ങളുടെ കാട്ടിലെ സഞ്ചാരമേഖല കൂടി. തമിഴ്‌നാട്, കർണാടക വനമേഖലയിൽനിന്നുള്ള മൃഗങ്ങൾ കേരളത്തിലേക്ക് കടക്കുന്നുണ്ട്. ഇതെല്ലാം വനം വകുപ്പിനെ ആശങ്കയിലാക്കുന്നു. നിലവിൽ 5706 ആനകളും 190 കടവുകളും കേരളത്തിലുണ്ടെന്നാണ് കണക്ക്. 1993ൽ 76 കടുവകളേ കേരളത്തിലുണ്ടായിരുന്നുള്ളൂ. കാട്ടുപന്നിയും കൂടുന്നു. ഇതു കാരണം മനുഷ്യാവസ മേഖലകളില്ഡ സംഘർഷവും. അതുകൊണ്ടാണ് ആനകളെ നിയന്ത്രിക്കാൻ പുതിയ ആലോചനകൾ.
റോഡരികിൽ ഉറങ്ങുന്നവരെ പോലും വിളിച്ചുണർത്തുന്ന തരത്തിലേക്ക് വയനാട്ടിലും മറ്റും കാട്ടാനകൾ സജീവമാകുന്നു. ധോണിയിലും മൂന്നാറിലും എല്ലാം മാസങ്ങളായി കാട്ടാന നാശം വിതയ്ക്കുന്നു. കണ്ണൂരിൽ കടുവ പേടിയിലാണ് ജനങ്ങൾ. കേരളത്തിന്റെ പശ്ചിമഘട്ടത്തിൽ ആകെ ഈ ഭീതിയുണ്ട്. അതുകൊണ്ടാണ് പുതിയ ആലോചനകളിലേക്ക് വനം വകുപ്പ് കടക്കുന്നത്.
11,524.149 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വനവിസ്തൃതി. സംസ്ഥാന ഭൂവിസ്തൃതിയുടെ 29.65 ശതമാനം വരുമിതെങ്കിലും ഇടതൂർന്ന മരങ്ങളുള്ളതും വന്യമൃഗങ്ങൾക്ക് വിഹരിക്കാനാവുന്നതുമായ സ്ഥലം ഇത്രയുമില്ല. ആകെ വനവിസ്തൃതിയിൽ 6450.913 ചതുരശ്രകിലോമീറ്ററാണ് സംരക്ഷിതവനം. സംരക്ഷിതവനമായി ശുപാർശ ചെയ്ത 285.093 ചതുരശ്രകിലോമീറ്ററും കാർഷികാവശ്യത്തിനും മറ്റും യോഗ്യമല്ലാത്തതിനാൽ തിരിച്ചെടുത്ത നിക്ഷിപ്തവനം 1586.147 ചതുരശ്രകിലോമീറ്ററും വരും. ബാക്കി സംരക്ഷിതപ്രദേശവും പരിസ്ഥിതി ദുർബലപ്രദേശവുമാണ്.
മാനന്തവാടി പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി ഉയരുന്നു. ഇത്തവണ മാനന്തവാടി നഗരസഭ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയുടെ മൂന്നാംവാർഡായ പിലാക്കാവ് മണിയൻക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. കടുവകളേയും നിയന്ത്രിക്കേണ്ടതുണ്ട്. എന്നാൽ ഇതിന് വ്യക്തമായ പദ്ധതിയൊന്നും വനം വകുപ്പിനുണ്ട്. രാത്രി മാത്രമല്ല പകലും വന്യമൃഗങ്ങളെത്തുന്നുവെന്നതും ആശങ്കയാണ്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോട് അടുത്താണ് കടുവ എത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരൻ പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ടതായിരുന്നു. തേയില തോട്ടത്തിൽ നിന്നും ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെ ഉണ്ടായിരുന്നവർ ബഹളം വെച്ചപ്പോൾ ഓടിപോകുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് ഒരു കിലോമീറ്റർ മാറി വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടേതായി നാനൂറോളം ഏക്കർ എസ്റ്റേറ്റ് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നുണ്ട്. കടുവ പോലെയുള്ള വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ ജനവാസ മേഖലയിലേക്ക് എത്തിപ്പെടാൻ ഇത് മൂലം കഴിയുന്നുണ്ട്. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് നിന്നാണ് മുമ്പ് ആടിനെയും, പശുവിനെയും കടുവ കൊന്നിട്ടുള്ളത്.
കഴിഞ്ഞ നവംബർ നാലിന് വട്ടക്കുനിയിൽ ജോൺസൺ എന്ന ബിജുവിന്റെ ആടും, നവംബർ 17ന് ഊന്നുകല്ലിങ്കൽ കുമാരന്റെ പശുക്കിടാവിനെയുമാണ് പിലാക്കാവ് മണിയൻ കുന്നിൽ വെച്ച് കടുവ കൊന്നത്. വിവരമറിഞ്ഞ് ബേഗൂർ റെയ്ഞ്ച് ഓഫീസർ രാഗേഷ്, മാനന്തവാടി എസ്‌ഐ. സോബിൻ വനം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഒ.ആർ. കേളു എംഎൽഎയും പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കാനും നോർത്ത് വയനാട് ഡി.എഫ്.ഒയോട് എംഎൽഎ നിർദ്ദേശിച്ചു.
രണ്ട് മാസത്തിനിടെ മൂന്ന് വളർത്തുമൃഗങ്ങളാണ് മണിയൻകുന്നുകാർക്ക് നഷ്ടപ്പെട്ടത്. നവംബറിൽ ആദ്യം കടുവയുടെ ആക്രമണം ഉണ്ടായപ്പോൾ തന്നെ വനാതിർത്തിയിൽ വൈദ്യുത കമ്പിവേലി സ്ഥാപിച്ചതു കൊണ്ടും ഫലമില്ലാത്ത അവസ്ഥ.
മറുനാടന് മലയാളി ബ്യൂറോ