ലണ്ടൻ: ലണ്ടൻ-ഹീത്രൂ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയെന്ന വാർത്ത ഏറെ ആശങ്ക പരത്തിയിരുന്നു. എന്നാൽ, സർവീസുകളുടെ റീഷെഡ്യുളിംഗിനു വേണ്ടിയുള്ള താത്ക്കാലിക ക്രമീകരണം മാത്രമാണതെന്ന് എയർ ഇന്ത്യ അറിയിച്ചതോടെ ആ ആശങ്ക അകലുകയും ചെയ്തിരുന്നു. പിന്നീടാണ് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും അഹമ്മദാബാദ്, അമൃത്സർ, ഗോവ, കൊച്ചി എന്നീ നാലു നഗരങ്ങളിലേക്കുള്ള സർവ്വീസുകൾ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് മാറ്റിക്കൊണ്ടുള്ള അറിയിപ്പ് വന്നത്.

മാർച്ച് 26 മുതൽക്കായിരിക്കും ഈ മാറ്റം. ഓരോ റൂട്ടിലും ആഴ്‌ച്ചയിൽ ബോയിങ് 787-8 വിമാനങ്ങൾ ഉപയോഗിച്ചുള്ള മൂന്ന് സർവ്വീസുകളായിരിക്കും നടത്തുക. നാലു നഗരങ്ങളിലേക്കുള്ള സർവ്വീസുകൾ ഗാറ്റ്‌വിക്കിലേക്ക് മാറ്റുമ്പോൾ ഹീത്രൂവിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കും. നിലവിൽ ഡൽഹിയിലേക്ക് അഴ്‌ച്ചയിൽ 14 സർവ്വീസുകൾ ഉള്ളത് 17 ആക്കും. മുംബൈയിലേക്ക് 13 സർവ്വീസ് ഉള്ളത് 14 ആയി വർദ്ധിപ്പിക്കും. എന്നാൽ, നിലവിൽ ഹീത്രൂവിൽ നിന്നും ഹൈദരാബാദിലേക്ക് ആഴ്‌ച്ചയിൽ മൂന്നു തവണയുള്ള സർവ്വീസ് മാർച്ച് അവസാനത്തോടെ നിർത്തലാക്കിയേക്കും.

അതുപോലെ, ഹീത്രൂവിൽ നിന്നും അഹമ്മദാബാദ്, അമൃത്സർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള ടിക്കറ്റ് എടുത്തവർക്ക് അത് ഗാറ്റ്‌വിക്കിലേക്ക് മാറ്റാൻ കഴിയുമെന്ന് പത്രക്കുറിപ്പിൽ പറയുന്നു. അതിനുപുറമെ റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഡെൽഹി അല്ലെങ്കിൽ മുംബി വഴി യത്രചെയ്യാനും കഴിയും. യാത്ര ആരംഭിക്കുന്ന സ്ഥലത്തിനും ലക്ഷ്യത്തിനും വ്യത്യസമില്ലെങ്കിൽ ഇത് സ്പേസ് മാനേജ്മെന്റ് ടീം ട്രാൻസ്ഫർ ചെയ്യുന്നതിനനുസരിച്ചായിരിക്കും.

ടിക്കറ്റുകൾ റീ ഇഷ്യൂ ചെയ്തുകഴിഞ്ഞാൽ, നിരക്കുമായി ബന്ധപ്പെട്ട മറ്റു മാറ്റങ്ങൾ ബധകമാകും. അതുമല്ലെങ്കിൽ, റദ്ദ് ചെയ്ത ടിക്കറ്റുകൾക്ക് ഫുൾ റീഫണ്ടും നൽകപ്പെടും. നാലു നഗരങ്ങളിലേക്ക് ഗാറ്റ്‌വിക്കിൽ നിന്നും സർവ്വീസ് ആരംഭിക്കുവാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ ഗാറ്റ്‌വിക്ക് വിമാനത്താവള അധികൃതർ സ്വാഗതം ചെയ്തു. പ്രധാന നഗരങ്ങളും ബീച്ച് സിറ്റികളും ലക്ഷ്യത്തിൽ ഉൾപ്പെടുത്തിയതിനാൽ ധാരാളം യാത്രക്കാരെ പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

നേരത്തേ ഹീത്രൂവിൽ നിന്നുള്ള വിമാന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അവരുടെ ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ട് ടിക്കറ്റ് റീറൂട്ട് ചെയ്യാവുന്നതാണ്.