ലിംഗ അസമത്വം ഉൾപ്പടെ ലോകം ഇന്നഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ലോക നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ഉച്ചകോടിക്ക് എത്തിയതോടെ സ്വിറ്റ്‌സർലൻഡിലെ റിസോർട്ട് പട്ടണമായ ദാവോസിൽ വേശ്യകൾക്ക് ആവശ്യക്കാർ ഏറെയായി.

ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നായി എല്ലാ വർഷവും നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരും, ബിസിനസ്സ് പ്രമുഖരുമൊക്കെ ഇവിടെ എത്തുമ്പോൾ ലൈംഗിക തൊഴിലാളികൾക്കുള്ള ആവശ്യകത കുതിച്ചുയരാറുണ്ട്. ജനുവരി 16 ന് ആരംഭിച്ച ഈ അഞ്ചു ദിവസ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയവർ താമസിക്കുന്ന ഹോട്ടലുകളിൽ തന്നെയാണ് അവർക്കായുള്ള വേശ്യകൾക്കും മുറി ബുക്ക് ചെയ്തിരിക്കുന്നത്.

സ്വിറ്റ്‌സർലാൻഡിൽ വേശ്യാവൃത്തി നിയമവിധേയമാണ്. എന്നിരുന്നാലും, കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതിരിക്കാൻ താൻ ബിസിനസ്സ് എക്‌സിക്യൂട്ടീവിനെ പോലെ വസ്ത്രം ധരിച്ചാണ് ഈ അഞ്ച് ദിവസവും തന്റെ പങ്കാളിക്കൊപ്പം ഉണ്ടാകാറുള്ളത് എന്ന് ഒരു ലൈംഗിക തൊഴിലാളി പറയുന്നു. 2700 ഓളം പേരാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. അവരിൽ പലരും എല്ലാവർഷവും ഇവിടെ എത്താറുള്ളവരാണ്. അവരിൽ പലർക്കും സ്ഥിരമായ ലൈംഗിക തൊഴിലാളികളും ഉണ്ടെന്ന് ലനിയ എന്നൊരു ലൈംഗിക തൊഴിലാളി പറയുന്നു. എല്ലാവർഷവും ഒന്നിലധികം തവണ സ്വിറ്റ്‌സർലൻഡിൽ എത്താറുള്ള ഒരു അമേരിക്കക്കാരനൊപ്പമാണ് താൻ എല്ലാ വർഷവും ഉണ്ടാവുക എന്നും അവർ പറയുന്നു.

ഒരു മണിക്കൂറിന് 760 ഡോളറാണ് അവർ ഈടാക്കുന്നത്. ഒരു രാത്രിക്കാണെങ്കിൽ 2500 ഡോളർ നൽകണം. കൂടാതെ ഭക്ഷണം, താമസം യാത്രാചെലവ് എന്നിവയും ബുക്ക് ചെയ്യുന്നവർ വഹിക്കണം. ഇത്തരത്തിൽ എസ്‌കോർട്ടുകളെ വിതരണം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ മാനേജർ പറഞ്ഞത് അവർക്ക് ഇതുവരെ25 ഓളം ബുക്കിങ് ലഭിച്ചിടുണ്ട് എന്നാണ്. അൻപതിലേറെ അന്വേഷണങ്ങളും വന്നിരുന്നു. ഇത്തരത്തിലുള്ള നിരവധി ഏജൻസികൾക്ക് ഇപ്പോൾ ദാവോസിൽ സാന്നിദ്ധ്യമുണ്ട്.

എഴുത്തുകാരിയും ലൈംഗിക തൊഴിലാളിയുമായ സലോമി ബാൽത്തസ് ഇത്തവണയും ഡാവോസിലെത്തിയിട്ടുണ്ട്. ഒന്നിലധികം കക്ഷികൾ തനിക്കുണ്ടെന്ന് പറഞ്ഞ അവർ പക്ഷെ കക്ഷികൾ ആരെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. ഒഴിവു സമയങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറച്ച ശരീരം നോക്കി ആസ്വദിക്കുകയും, തനിക്ക് സമ്മാനമായി ലഭിക്കുന്ന ചോക്ലേറ്റുകൾ അവർക്ക് നൽകുകയും ചെയ്യുമെന്നും അവർ പറയുന്നു.

ദാവോസിൽ ആവശ്യത്തിന് ലൈഗിക തൊഴിലാളികൾ ഇല്ലാത്തതിനാൽ, മറ്റു പല ഭാഗങ്ങളിൽ നിന്നും ഉച്ചകോടി സമയത്ത് ഇവിടെ ലൈംഗിക തൊഴിലാളികൾ എത്തിച്ചേരാറുണ്ട്. ഇത്തവണ കുറഞ്ഞത് നൂറ് വേശ്യകളെങ്കിലും ഡാവോസിന് പുറത്തു നിന്നും എത്തിയിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. കോവിഡ് പ്രതിസന്ധി മൂലം നിലച്ചു പോയ ഉച്ചകോടി രണ്ടു വർഷത്തിനു ശേഷമാണ് ഇപ്പോൾ വീണ്ടും ആരംഭിക്കുന്നത്.