- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലൻഡിൽ വാടകയ്ക്ക് എടുത്ത വീട് സ്വന്തമെന്ന് ധരിപ്പിച്ച് മറിച്ച് നൽകി; മാസ വാടകയിൽ അധികമായി വാങ്ങിയത് 500 യൂറോ വീതം; യഥാർത്ഥ ഉടമകളായ ഐറിഷ് ദമ്പതികൾ തട്ടിപ്പ് തിരിച്ചറിഞ്ഞത് രണ്ട് വർഷത്തിന് ശേഷം; തട്ടിപ്പിന് ഇരയാക്കിയതും മലയാളികളെ; 20,000 യൂറോ പിഴ
ഡബ്ലിൻ: അയർലൻഡിൽ വാടകയ്ക്ക് എടുത്ത വീട് സ്വന്തമെന്ന് ധരിപ്പിച്ച് കൂടുതൽ വാടക ഈടാക്കി മറിച്ചു നൽകിയ സംഭവത്തിൽ മലയാളി ദമ്പതികൾക്ക് ഇരുപതിനായിരം യൂറോ പിഴ വിധിച്ച് കോടതി. ഡബ്ലിനിൽ നഴ്സുമാരായി ജോലി ചെയ്യുന്ന മലയാളി ദമ്പതികൾക്കാണ് കോടതി പിഴ ചുമത്തിയത്.
ഐറിഷ് ദമ്പതികളിൽ നിന്നും വാടകയ്ക്ക് എടുത്ത വീട് സ്വന്തം എന്ന് ധരിപ്പിച്ചാണ് മറ്റൊരു മലയാളി കുടുംബത്തിന് 500 യൂറോ കൂടുതൽ വാടകയ്ക്ക് കൊടുത്തത്. രണ്ട് വർഷത്തിന് ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്.
അയർലണ്ടിലെ ഭവന പ്രതിസന്ധി മുതലെടുത്തായിരുന്നു മലയാളി ദമ്പതികൾ തട്ടിപ്പ് നടത്തിയത്. ഇരയാക്കിയതും മറ്റൊരു മലയാളി കുടുംബത്തെയായിരുന്നു. ഇവർ താമസിച്ചിരുന്ന അപ്പാർട്‌മെന്റ് പുതിയ വീട് വാങ്ങിയപ്പോൾ ഒഴിയുന്നതിനു പകരം ഉടമ അറിയാതെ മറ്റൊരു മലയാളി കുടുംബത്തിന് വാടകയ്ക്ക് നൽകുകയായിരുന്നു.
1300 യൂറോ വാടകയ്ക്ക് എടുത്ത അപ്പാർട്ട്‌മെന്റ് സ്വന്തമാണ് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വാടകയ്ക്ക് മറിച്ചു നൽകി, മലയാളി കുടുംബത്തിൽ നിന്നും മാസം 1800 യൂറോ വാടക ഈടാക്കുകയും ചെയ്തു. സ്വന്തം അപ്പാർമെന്റ് എന്ന നിലയിൽ അറ്റകുറ്റ പണികളും ഈ തട്ടിപ്പുകാരൻ നേരിട്ട് പൂർത്തിയാക്കിയിരുന്നു.
എന്നാൽ യഥാർത്ഥ ഉടമകൾ ഐറിഷുകാരായ മുതിർന്ന പൗരന്മാർ ആയിരുന്നു. വാടക കൃത്യമായി ലഭിക്കുന്നതിനാൽ അവർ അപാർട്‌മെന്റ് സന്ദർശിക്കുക അപൂർവമായിരുന്നു.
ഇങ്ങനെ രണ്ടു വർഷത്തിൽ അധികം മാസം 500 യൂറോ വീതം അധികം വാങ്ങിയ മലയാളി ദമ്പതികൾ നാട്ടിൽ പോയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇവരെ വിളിച്ചിട്ട് കിട്ടാതെ വന്നത്തോടെ യഥാർത്ഥ ഉടമകളായ ഐറിഷ് ദമ്പതികൾ നേരിട്ട് അപാർട്‌മെന്റ് സന്ദർശിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിയുകയായിരുന്നു. വീട് വാടകയ്ക്ക് നൽകിയ മലയാളി ദമ്പതിമാർക്ക് എതിരെ പരാതി നൽകാൻ മലയാളി കുടുംബത്തിന് ഐറിഷ് ദമ്പതികൾ നിർദ്ദേശവും പിന്തുണയും നൽകി.
അധികമായി ഈടാക്കിയ തുകയടക്കം ഇരുപതിനായിരം യൂറോയിലധികം നഷ്ടപരിഹാരമായി മലയാളി കുടുംബത്തിന് നൽകാനാണ് കോടതി വിധിച്ചത്. ഇവരോടൊപ്പം ഒരു കുഞ്ഞുണ്ടായിരുന്നത് പരിഗണിച്ച് മാത്രമാണ് ജയിൽ ശിക്ഷയിൽ നിന്നും കോടതി ഒഴിവാക്കിയത്. നഴ്‌സിങ് ജോലി കൂടാതെ ഡബ്ലിനിൽ മറ്റു പല ബിസിനസും ഇവർ നടത്തുന്നുണ്ട്.
സ്വന്തം നാട് വിട്ട് പ്രവാസികളായി മാറുന്ന മലയാളികൾ ഏതു നാട്ടിലെത്തിയാലും ഒപ്പമുള്ളവർക്ക് താങ്ങും തണലുമായി മാറുകയാണ് പതിവ്. എയർപോർട്ടിൽ വന്നിറങ്ങുന്നത് മുതൽ വന്ന കാര്യം സാധിക്കുന്നത് വരെ മലയാളികളെ സഹായിക്കാൻ സന്നദ്ധരായിട്ടുള്ള ഒട്ടേറെ മലയാളികൾ അയർലൻഡിൽ ഉണ്ട്.
എന്നാൽ ഇതിനിടയിൽ സ്വന്തം നാട്ടുകാരെ ചതിയിൽ പെടുത്തുന്നവരും തട്ടിപ്പിന് ഇരയാക്കുന്നവരും ഉണ്ടെന്നത് ഞെട്ടലോടെയാണ് അയർലൻഡിലെ മലയാളി സമൂഹം തിരിച്ചറിഞ്ഞത്. അയർലൻഡിൽ പുതുതായി ജോലിക്ക് എത്തുന്നവരും വിദ്യാർത്ഥികളെ അടക്കം ഇത്തരക്കാർ പലപ്പോഴും ഇരകളാക്കുന്നതായി ആക്ഷേപമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ