തിരുവനന്തപുരം: കഴിഞ്ഞ വർഷമാണ് ഓണം ബംബർ തുക 25 കോടിയായി ഉയർത്തിയത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് കോടികളുടെ ഭാഗ്യം ലഭിച്ചത്. ഇപ്പോഴിതാ അനൂപ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെ ലോട്ടറിയെ തന്നെ ഉപജീവന മാർഗമായി സ്വീകരിച്ചിരിക്കുകയാണ്. മണക്കാട് ജങ്ഷനിൽ ലോട്ടറിക്കച്ചവടം തുടങ്ങിയിരിക്കുകയാണ് അനൂപ്. വെള്ളിയാഴ്ചയാണ് അനൂപ്് ഭാഗ്യക്കുറിക്കട തുടങ്ങിയത്. ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ച അനൂപിൽ നിന്നും ലോട്ടറി എടുക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.

നിലവിൽ മറ്റ് ഏജൻസികളിൽനിന്ന് ടിക്കറ്റെടുത്ത് വിൽക്കുകയാണ്. ഉടൻതന്നെ സ്വന്തമായി ഏജൻസിയും തുടങ്ങും. ലോട്ടറിയാണ് തന്റെ ജീവിതത്തിൽ ഭാഗ്യമെത്തിച്ചതെന്നും അതുകൊണ്ടാണ് ലോട്ടറിക്കച്ചവടംതന്നെ തുടങ്ങിയതെന്നും അനൂപ് പറയുന്നു. ഭാര്യ മായയുടെയും അനൂപിന്റെയും പേരുകളുടെ ആദ്യക്ഷരം ചേർത്ത് എം.എ. ലക്കി സെന്റർ എന്നാണ് അനൂപ് തന്റെ കടയ്ക്ക് പേരിട്ടിരിക്കുന്നത്.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അനൂപ്, സമ്മാനാർഹനായശേഷം കുറച്ചുനാൾ ഓട്ടോ ഓടിച്ചിരുന്നു. സഹോദരനാണ് ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോൾ 5000 രൂപവരെ അനൂപിന് സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 25 കോടിയുടെ ലോട്ടറി അടിച്ചപ്പോള് 15.70 കോടി രൂപയാണ് അനൂപിന് സമ്മാനത്തുകയായി ലഭിച്ചത്. അതിൽനിന്ന് മൂന്ന് കോടിയോളം നികുതിയിനത്തിൽ നൽകി. അനൂപിന് പണം കൈകാര്യംചെയ്യുന്നതിൽ പരിശീലനം നൽകാമെന്ന് ലോട്ടറിവകുപ്പ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ല.

ാേലാട്ടറിയടിച്ചതോടെ അനൂപിന്റെ ശ്രീവരാഹത്തെ വീട്ടിൽ സഹായാന്വേഷികൾ നിരന്തരം എത്തിയിരുന്നു. പരിചയക്കാർമുതൽ അപരിചിതർവരെ എത്തിയതോടെ ഇവിടെനിന്നും കുറച്ചുനാൾ മാറിത്താമസിച്ചു. ഇപ്പോൾ മണക്കാടിനടുത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയാണ്.