- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നാം വയസിൽ ഗാന്ധിജിയുടെ പ്രസംഗം കേട്ടത് വഴിത്തിരിവായി; സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായത് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടതോടെ; ഗാന്ധിയെയും ഖാദിയെയും കൂട്ടുപിടിച്ച പൊതുപ്രവർത്തകൻ; വി.പി. അപ്പുക്കുട്ട പൊതുവാളിന് പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരം
തിരുവനന്തപുരം: ഗാന്ധിയെയും ഖാദിയെയും എന്നും നെഞ്ചോട് ചേർത്തുപിടിച്ച് എട്ട് പതിറ്റാണ്ടായി പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനി പയ്യന്നൂർ സ്വദേശിയായ വിപി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ നൽകി രാജ്യത്തിന്റെ ആദരം. സംസ്‌കൃത പണ്ഡിതനാണ് അദ്ദേഹം. ഗാന്ധിമാർഗത്തെ പാഠപുസ്തകമാക്കി ഗാന്ധിയൻ ദർശന വഴിയിലെ ചൈതന്യമായി മാറിയ ആളാണ് വി.പി.അപ്പുക്കുട്ട പൊതുവാൾ.
പ്രായത്തിന്റെ അവശതകളില്ലാതെ 99-ാം വയസ്സിലും അപ്പുക്കുട്ടപൊതുവാളിനെ പയ്യന്നൂരിന്റെ പൊതുസമൂഹത്തിൽ കാണാൻ കഴിയും. ഗീതയും ഗാന്ധിയുമാണ് തന്റെ ശക്തിയും പ്രചോദനവുമെന്ന് അദ്ദേഹം പറയുന്നു.
പരേതരായ കരിപ്പത്ത് കമ്മാരപ്പൊതുവാളുടെയും വി.പി.സുഭദ്രാമ്മയുടെയും മകനായി 1923 ഒക്ടോബർ 9നാണ് ജനനം. സ്വതന്ത്രസമരസേനാനി, ഖാദിപ്രചാരകൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു. 1934 ജനുവരി 12ന് ഗാന്ധിജിയെ കാണാനും പ്രസംഗം കേൾക്കാനും ഇടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്.
1930ന് ഉപ്പുസത്യാഗ്രഹ ജാഥ നേരിട്ടുകണ്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് നയിച്ചു. 1942-ൽ വി.പി.ശ്രീകണ്ഠപൊതുവാളെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്തതോടെ സമരരംഗത്ത് സജീവമായി. സമരസമിതിയുടെ നിർദ്ദേശാനുസരണം പിന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം വിദ്യാർത്ഥി വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രവർത്തനങ്ങളെ തുടർന്ന് 1943ൽ അറസ്റ്റിലെങ്കിലും തെളിവില്ലാത്തതിന്റെ പേരിൽ തലശ്ശേരി കോടതി വിട്ടയച്ചു.
1944ൽ അഖില ഭാരതീയ ചർക്കസംഘത്തിന്റെ കേരള ശാഖയിൽ ചേർന്നു പ്രവർത്തിച്ചു.1957ൽ കെ.കേളപ്പൻ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതോടെ അപ്പുക്കുട്ടൻ പൊതുവാളും സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രവർത്തനങ്ങളിലും സജീവമായി. 1947 മുതൽ മദിരാശി സർക്കാരിന് കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചു. വിനോഭഭാവെ, ജയപ്രകാശ് നാരായണൻ എന്നിവരോടൊപ്പം ഭൂദാനപദയാത്രയിലും പങ്കാളിയായി.
1934 ജനുവരി 12-ന് ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഗാന്ധിജി അന്ന് പയ്യന്നൂരിലെത്തിയത്. സ്വാമി ആനന്ദതീർത്ഥൻ താഴ്ന്ന ജാതിയിൽപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ വരവ്. വിദ്യാലയമുറ്റത്ത് മാവിൻതൈ നട്ട് ആശ്രമത്തിൽനിന്ന് ഭക്ഷണം കഴിച്ചാണ് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡിന് കിഴക്കുള്ള വയലിൽ പൊതുയോഗത്തിന് ഗാന്ധിജിയെത്തുന്നത്.
അന്ന് ഏട്ടനൊപ്പം പ്രസംഗം കേൾക്കാൻ പോയ 11 വയസ്സുമാത്രം പ്രായമുള്ള അപ്പുക്കുട്ട പൊതുവാൾ ഗാന്ധിജി മലയാളം പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. ഹരിജൻസേവാ ഫണ്ടിലേക്ക് ലഭിച്ച സ്വർണാഭരണങ്ങൾ ലേലംചെയ്യുമ്പോൾ ലേലക്കാരനെ അനുകരിച്ചാണ് ഗാന്ധിജി 'ഒരുതരം, രണ്ടുതരം' എന്ന് മലയാളത്തിൽ പറഞ്ഞത്.
അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.പി.ശ്രീകണ്ഠ പൊതുവാളാണ് കുട്ടിയായ അപ്പുക്കുട്ടനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത്. 1930-ന് ഉപ്പുസത്യാഗ്രഹജാഥ നേരിട്ടുകണ്ട ആവേശം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നതിലേക്ക് അപ്പുക്കുട്ടപൊതുവാളിനെ നയിച്ചു.
ഗാന്ധിസ്മാരകനിധി പ്രോഗ്രാം എക്സിക്യൂട്ടീവ് ഓഫീസറായും ഭാരതീയ സംസ്‌കൃത പ്രചാരസഭയുടെ അധ്യക്ഷനായും സംസ്‌കൃത മഹാവിദ്യാലയം പ്രിൻസിപ്പലായും പ്രവർത്തിച്ചു. പൊളിറ്റിക്കൽ സയൻസിൽ എം.എ. ബിരുദം നേടിയ ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്മികത, ഭഗവദ്ഗീത- ആത്മവികാസത്തിന്റെ ശാസ്ത്രം എന്നിവ രചിച്ചു. ഭാര്യ: അത്തായി ഭാരതിയമ്മ. മക്കൾ: യോഗേഷ്, ഗായത്രി, മഹേഷ്. മരുമക്കൾ: ജയശ്രീ, കെ.എ.ബാലഗോപാലൻ, പി.എം.യമുന.
മറുനാടന് മലയാളി ബ്യൂറോ