തിരുവനന്തപുരം: സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും യുജിസി അദ്ധ്യാപകരുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക നൽകുന്നത് സാമ്പത്തിക പ്രതിസന്ധി കാരണം മരവിപ്പിക്കുമ്പോൾ ചർച്ചയാകുന്നത് ഖജനാവിന്റെ യഥാർത്ഥ ചിത്രം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ കുടിശിക നൽകുമെന്നും ധനവകുപ്പിന്റെ ഉത്തരവിലുണ്ട്. 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ യുജിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഇതാണ് സർക്കാരിന് വിനയായത്. ഇനിയും ഇത്തരത്തിൽ നടപടികൾ തുടരും. കെവി തോമസിനെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയാക്കി ഖജനാവിനെ കൊള്ളടിക്കാനുള്ള ശ്രമം നടക്കുന്നത് ചർച്ചയിൽ തുടരുമ്പോഴാണ് ഈ നടപടി.

യുജിസി അദ്ധ്യാപകരുടെ കുടിശിക ഈ മാസം, ഇക്കൊല്ലം ജൂൺ, 2024 ജനുവരി, 2024 ജൂൺ എന്നീ മാസങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2123.04 കോടി രൂപയാണു കുടിശിക. 1061.52 കോടി വീതമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതം ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാലും സംസ്ഥാന വിഹിതം കണ്ടെത്തുക നിലവിലെ സാമ്പത്തികാവസ്ഥയിൽ ബുദ്ധിമുട്ടാണ്. അതിനിടെ, പ്രതിസന്ധി കാരണം വരുന്ന ബജറ്റിൽ പദ്ധതികൾക്കായി ഈ വർഷത്തെ അതേ തുക തന്നെ മാറ്റിവച്ചാൽ മതിയെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ വകുപ്പിനു മാത്രമാണ് സംസ്ഥാന ധനകമ്മിഷന്റെ നിർദേശപ്രകാരം വാർഷിക പദ്ധതി അടങ്കലിൽ അര ശതമാനം തുക അധികമായി നീക്കിവയ്ക്കാൻ കഴിഞ്ഞ ആസൂത്രണ ബോർഡ് യോഗം തീരുമാനിച്ചത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. കഴിഞ്ഞ 2 വർഷമായി തുടരുന്ന പദ്ധതി അടങ്കലായ 30,370 കോടി തന്നെയാകും അടുത്ത വർഷവുമുണ്ടാകുക.

സർക്കാർ ജീവനക്കാർക്ക് 4 ഗഡു ക്ഷാമബത്ത കുടിശിക കൊടുക്കാനുള്ള തീരുമാനവും പ്രതിസന്ധിയിലാണ്. ആകെ 11%. ഈ മാസത്തേതു കൂടിയാകുമ്പോൾ 5 ഗഡു കുടിശികയാകും. ഇതിനൊപ്പം സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കൾ നൽകാൻ ബാക്കിയുണ്ട്. ജീവനക്കാരുടെ അവധി സറണ്ടർ തുക നൽകാൻ പണമില്ലാത്തതിനാൽ പിഎഫിൽ ലയിപ്പിച്ചു. ഇതു പിൻവലിക്കാൻ കഴിയുക 4 വർഷത്തിനുശേഷം മാത്രം. ഇതിനൊപ്പമാണ് യുജിസി അദ്ധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നത്.

അതിനിടെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അടക്കമുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും വകുപ്പു മേധാവികൾക്കും സംസ്ഥാനത്തിനകത്തെ വിമാനയാത്രച്ചെലവിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണു നിശ്ചയിച്ചിരുന്നത്. ഇത് ഖജനാവിന് ബാധ്യത കൂട്ടും. കേരളത്തിലെ യാത്രകൾക്ക് ഇനി പരിധിയില്ലാതെ പണം ചെലവിടാം. എന്നാൽ സർവ്വകലാശാലകളിലും മറ്റും ഇടപെട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഇത് ഇരട്ടത്താപ്പാണെന്ന അഭിപ്രായവും സജീവമാണ്.

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി സർവകലാശാലകൾക്ക് ബാങ്കുകളിലുള്ള സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റാനും നീക്കമുണ്ട്. ഓരോ സർവകലാശാലയ്ക്കുമുള്ള സ്ഥിരംനിക്ഷേപം, ബാങ്ക് നിക്ഷേപം, തനത് വരുമാനം എന്നിവയുടെ വിശദാംശങ്ങൾ സർക്കാർ തേടി. സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റുമ്പോൾ സർവകലാശാലകൾക്ക് പലിശയിൽ ചെറിയ വർധന ലഭിക്കും. എന്നാൽ സാമ്പത്തിക ഞെരുക്കം കാരണം ട്രഷറിയിൽനിന്ന് പണം പിൻവലിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയാൽ സർവകലാശാലകളെ ബാധിക്കും. 25 ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കാൻ സർക്കാർ അനുമതിയും ആവശ്യമാണ്.

കൊച്ചി ഒഴികെയുള്ള സർവകലാശാലകൾക്ക് പദ്ധതിയേതര വിഹിതമായി സർക്കാർ നൽകുന്ന പണം ട്രഷറി വഴിയാക്കിയിരുന്നു. ശമ്പളവും പെൻഷനും മറ്റു പദ്ധതിയേതര ചെലവുകളും ഈ ഫണ്ടിൽനിന്നാണ് നിർവഹിക്കുക. രണ്ട് മാസമായി ഈ വിഹിതവും മുടങ്ങിയിരിക്കുകയാണ്. പദ്ധതിയേതര സഹായം മുടങ്ങിയതോടെ സർവകലാശാലകൾ തനത് ഫണ്ടിൽനിന്ന് ശമ്പളവും പെൻഷനും നൽകാനുള്ള ശ്രമത്തിലാണ്. കുസാറ്റിൽ സർക്കാർ വിഹിതം മുടങ്ങിയതോടെ ബാങ്കിലെ സ്ഥിരംനിക്ഷേപത്തിൽനിന്ന് പണമെടുത്ത് ശമ്പളവും പെൻഷനും നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി സംസ്‌കൃതം, കാർഷിക സർവകലാശാലകളിൽ വിരമിക്കൽ ആനുകൂല്യം നൽകുന്നതിനെയും ബാധിച്ചിട്ടുണ്ട്.

സർവകലാശാലകളുടെ സ്ഥിരംനിക്ഷേപം ട്രഷറിയിലേക്ക് മാറ്റുന്നതിലൂടെ 1000 കോടി രൂപയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സർവകലാശാലകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് മങ്ങലേൽക്കും. സർവകലാശാലകൾ തനത് വരുമാനം വർധിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെടാറുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല. ഫീസിനത്തിലും മറ്റുമുള്ള വരുമാനമാണ് തനത് വരുമാനത്തിൽ പ്രധാനം.