തിരുവനന്തപുരം: സർവ്വകലാശാലയിലെ ചാൻസലർ ഗവർണ്ണറാണ്. സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദ്ദേശം നൽകിയത് സർവ്വകലാശാല അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിഷയം രാജ്ഭവൻ എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം. നിലവിൽ കേരള സർക്കാരുമായി ഗവർണ്ണർ നല്ല ബന്ധത്തിലാണ്. റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രിയും കുടുംബവും രാജ്ഭവനിൽ എത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഗവർണ്ണർ എതിർക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റേയും പ്രതീക്ഷ. ഗവർണ്ണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതേ മന്ത്രിയുടെ വകുപ്പാണ് ഗവർണ്ണർ ചാൻസലറായ സർവ്വകലാശാലകളിലെ ഫണ്ടിൽ കണ്ണു വയ്ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനാൽ സർവകലാശാലകളുടെ അക്കൗണ്ടിൽ ഇപ്പോൾ പണമില്ല. കുറച്ചെങ്കിലും പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കേരള, കാലിക്കറ്റ് സർവകലാശാലകളാണ്. ഇവർ പണം ട്രഷറിയിലേക്കു മാറ്റേണ്ടി വരും. ബാങ്കിനെക്കാൾ പലിശ ട്രഷറി നൽകുന്നതിനാൽ സർവകലാശാലകൾക്ക് ഈ തീരുമാനം ഗുണം ചെയ്യുമെങ്കിലും ആവശ്യത്തിന് അനുസരിച്ച് പിൻവലിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. നിലവിൽ 25 ലക്ഷത്തിനു മേൽ പണം ട്രഷറിയിൽ നിന്നു വാങ്ങാൻ വകുപ്പുകൾ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

എന്നാൽ, സ്ഥിര നിക്ഷേപം പിൻവലിക്കുന്നതിനു ഈ നിയന്ത്രണം ബാധകമല്ലെന്നു ധനവകുപ്പ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് സ്ഥിരനിക്ഷേപങ്ങൾ ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദ്ദേശം നൽകിയത്. ഈ പണം സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി വിനയോഗിക്കാം. ഈ വർഷം പദ്ധതി തുകയിൽ 45 ശതമാനം മാത്രമാണ് ചെലവാക്കാനായത്. കടമെടുപ്പിന് നിയന്ത്രണവുമുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ ഇടപെടൽ. യുജിസി അദ്ധ്യാപകർക്കുള്ള ശമ്പള കുടിശിക കൊടുക്കുന്നത് മരവിപ്പിച്ചത് ഈയിടെയാണ്. ഇതിന് കാരണവും പ്രതിസന്ധിയാണ്.

സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും യുജിസി അദ്ധ്യാപകരുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക നൽകുന്നത് സാമ്പത്തിക പ്രതിസന്ധി കാരണം മരവിപ്പിക്കുമ്പോൾ ചർച്ചയാകുന്നത് ഖജനാവിന്റെ യഥാർത്ഥ ചിത്രമായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ കുടിശിക നൽകുമെന്നും ധനവകുപ്പിന്റെ ഉത്തരവിലുണ്ട്. 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ യുജിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. ഇതാണ് സർക്കാരിന് വിനയായത്. ഇനിയും ഇത്തരത്തിൽ നടപടികൾ തുടരും. കെവി തോമസിനെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയാക്കി ഖജനാവിനെ കൊള്ളടിക്കാനുള്ള ശ്രമം നടക്കുന്നത് ചർച്ചയിൽ തുടരുമ്പോഴാണ് ഈ നടപടി.

യുജിസി അദ്ധ്യാപകരുടെ കുടിശിക ഈ മാസം, ഇക്കൊല്ലം ജൂൺ, 2024 ജനുവരി, 2024 ജൂൺ എന്നീ മാസങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2123.04 കോടി രൂപയാണു കുടിശിക. 1061.52 കോടി വീതമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതം ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാലും സംസ്ഥാന വിഹിതം കണ്ടെത്തുക നിലവിലെ സാമ്പത്തികാവസ്ഥയിൽ ബുദ്ധിമുട്ടാണ്. അതിനിടെ, പ്രതിസന്ധി കാരണം വരുന്ന ബജറ്റിൽ പദ്ധതികൾക്കായി ഈ വർഷത്തെ അതേ തുക തന്നെ മാറ്റിവച്ചാൽ മതിയെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

തദ്ദേശ വകുപ്പിനു മാത്രമാണ് സംസ്ഥാന ധനകമ്മിഷന്റെ നിർദ്ദേശപ്രകാരം വാർഷിക പദ്ധതി അടങ്കലിൽ അര ശതമാനം തുക അധികമായി നീക്കിവയ്ക്കാൻ കഴിഞ്ഞ ആസൂത്രണ ബോർഡ് യോഗം തീരുമാനിച്ചത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. കഴിഞ്ഞ 2 വർഷമായി തുടരുന്ന പദ്ധതി അടങ്കലായ 30,370 കോടി തന്നെയാകും അടുത്ത വർഷവുമുണ്ടാകുക.

സർക്കാർ ജീവനക്കാർക്ക് 4 ഗഡു ക്ഷാമബത്ത കുടിശിക കൊടുക്കാനുള്ള തീരുമാനവും പ്രതിസന്ധിയിലാണ്. ആകെ 11%. ഈ മാസത്തേതു കൂടിയാകുമ്പോൾ 5 ഗഡു കുടിശികയാകും. ഇതിനൊപ്പം സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കൾ നൽകാൻ ബാക്കിയുണ്ട്. ജീവനക്കാരുടെ അവധി സറണ്ടർ തുക നൽകാൻ പണമില്ലാത്തതിനാൽ പിഎഫിൽ ലയിപ്പിച്ചു. ഇതു പിൻവലിക്കാൻ കഴിയുക 4 വർഷത്തിനുശേഷം മാത്രം. ഇതിനൊപ്പമാണ് യുജിസി അദ്ധ്യാപകർക്കുള്ള ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നത്.