- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വർഷം മുൻപ് ഇന്ത്യൻ തെരുവുകളിൽ കണ്ട അതേ കാഴ്ച്ച ഇപ്പോൾ നൈജീരിയയിൽ ആവർത്തിക്കുന്നു; വലിയ നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചെങ്കിലും പകരം നോട്ടുകൾ അടിക്കാൻ വൈകിയതോടെ എ ടി എമ്മുകൾക്ക് മുൻപിൽ നാട്ടുകാരുടെ അടിപിടി തുടരുന്നു
ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു സംഭവമായിരുന്നു ഏഴു വർഷം മുൻപത്തെ നോട്ടു നിരോധനം. അതിന് അനുകൂലമായും പ്രതികൂലമായും ഉയർന്ന വാദഗതികളും തർക്കങ്ങളും ഒക്കെ പ്രാധാന്യമുള്ളവയാണെങ്കിലും, ആ സംഭവം എന്നും ഓർമ്മിക്കപ്പെടുക എ ടി എമ്മുകൾക്ക് മുന്നിലെ നീണ്ട ക്യുവിലൂടെയായിരിക്കും. സമാനമായ സാഹചര്യമാണ് ഇപ്പോൾ നൈജീരിയയിൽ ഉണ്ടായിരിക്കുന്നത്.
സുപ്രധാനമായ പൊതു തെരഞ്ഞെടുപ്പിന് ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കവെയാണ് നൈജീരിയൻ സർക്കാർ ഉയർന്ന മൂല്യങ്ങളുടേ കറൻസി നോട്ടുകൾ മുഴുവൻ പിൻവലിച്ചത്. എന്നാൽ, പകരം നോട്ടുകൾ ലഭ്യമാക്കാൻ വൈകിയതോടെ ഒരു ആഭ്യന്തര കലാപത്തിന്റെ അന്തരീക്ഷമാണ് ഇപ്പോൾ നൈജീരിയയിൽ നിലനിൽക്കുന്നത്. അന്ന് ഇന്ത്യയിൽ കണ്ടതുപോലെ എ ടി എമ്മുകൾക്ക് മുൻപിൽ നീണ്ട ക്യു ഇവിടെയുമുണ്ട്. എന്നാൽ, ഇന്ത്യയിലേതിൽ നിന്നും വ്യത്യസ്തമായി ഇവിടെ കാണുന്നത് എ ടി എമ്മിലെ ക്യുവിൽ തുടരുന്ന അടിപിടികളാണ്.
അതുകൊണ്ടു തീരുന്നില്ല പ്രശ്നം. നിരവധി ഇടങ്ങളിൽ ജനങ്ങൾ ബാങ്കുകളിൽ പണം ആവശ്യപ്പെട്ട് അതിക്രമിച്ചു കയറുകയാണ്. തങ്ങളുടെ സ്വന്തം പണം ആണ് ചോദിക്കുന്നതെന്നും, ആവശ്യമുള്ളപ്പോൾ പണം മടക്കി നൽകാനുള്ള ബാധ്യത ബാങ്കിനുണ്ടെന്നും പറഞ്ഞാണ് ആളുകൾ പ്രക്ഷോഭണത്തിലേക്ക് ഇറങ്ങിയിരിക്കുന്നതും ബാങ്കുകളിൽ അതിക്രമിച്ചു കയറുന്നതും. പലയിടങ്ങളിലും ബാങ്ക് ഉദ്യോഗസ്ഥരും ഇടപാടുകാരും തമ്മിൽ ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്.
നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിൽ എ ടി എമ്മുകൾക്ക് മുൻപിൽ നീണ്ട ക്യു ദൃശ്യമാകുന്നുണ്ട്. ആവശ്യത്തിന് പുതിയ നോട്ടുകൾ അച്ചടിക്കാൻ അധികൃതർക്ക് ആകാതെ പോയതാണ് ഈ ദുര്യോഗത്തിന് കാരണമായിരിക്കുന്നത്. ഐകോയ് ജില്ലയിൽ ഇടപാടുകാർക്ക് നൽകാൻ പണമില്ലാത്തതിനാൽ ഫസ്റ്റ് ബാങ്കിന്റെ ഒരു ശാഖ അടച്ചു പൂട്ടി. ഇടപാടുകാർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ അടച്ചുപൂട്ടാൻ ബാങ്ക് അധികൃതർ ഉത്തരവിടുകയായിരുന്നു എന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു.
ഏതാനും മണിക്കൂറുകൾക്ക് അകം ആ ബാങ്കിലെ ക്യാഷ് ഡിസ്പെൻസിങ് മെഷീൻ പ്രവർത്തനം ആരംഭിച്ചെങ്കിലും ഒരു ഉപഭോക്താവിന് 10,000 നൈറ മാത്രമെ നൽകുന്നുള്ളു. തൊട്ടടുത്തുള്ള ലോട്ടസ് ബാങ്കിൽ, ക്യുവിൽ നിൽക്കുന്നവരെ കടുത്ത വെയിലിൽ നിന്നും രക്ഷിക്കാൻ പന്തലുയർത്തിയിട്ടുണ്ട്. ഒരാഴ്‌ച്ച മുൻപ് ശമ്പളം ലഭിച്ചിട്ടും അത് ഇനിയും പിൻവലിക്കാൻ സാധിക്കാത്തവർ നിരവധിയാണ്. പലർക്കും പലവട്ടം ബാങ്കുകൾ കയറിയിറങ്ങിയതിനു ശേഷമാണ് പരിമിതമായ തുകയെങ്കിലും ലഭിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നുനൈജീരിയയുടെ കേന്ദ്രബാങ്ക്, 200,500, 1000 നൈറകളുടെ കറൻസി നോട്ടുകൾ പിൻവലിക്കും എന്ന് പ്രഖ്യാപിച്ചത്. ജനുവരി 31 മുതൽ പഴയ നോട്ടുകൾ പൂർണ്ണമായും പിൻവലിക്കുമെന്ന് അറിയിപ്പ് നൽകിയിരുന്നതുമാണ്. എന്നാൽ ആവശ്യത്തിന് പുതിയ നോട്ടുകൾ ഈ സമയപരിധിക്കുള്ളിൽ ലഭ്യമാക്കാൻ കഴിയാതെ പോയതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമായിരിക്കുന്നത്. അതുകൊണ്ടു തന്നെ വരുന്ന വെള്ളിയാഴ്‌ച്ച വരെ പഴയ നോട്ടുകൾ മാറിയെടുക്കാനുള്ള സമയം നീട്ടിക്കൊടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ