പാരീസ്: ''ഇത്രയും ധൈര്യം ഞാനെന്റെ ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു'' ഇന്നും ട്രോളന്മാർ ധാരാളമായി ഉപയോഗിക്കുന്ന ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെ ഡയലോഗാണിത്. ചാൾസ് ശോഭരാജ് എന്ന വ്യക്തി മലയാളികളുടെ മനസ്സിൽ എത്രമാത്രം ഉറച്ചു പോയി എന്നതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയാണിത്. മലയാളികൾ മാതമല്ല, ലോകം മുഴുവൻ തന്നെ ഭയം കലർന്ന ഒരുതരം ആരാധനയോടെ ഒരുകാലത്ത് നോക്കിക്കണ്ടിരുന്ന വ്യക്തിയായിരുന്നു ചാൾസ് ശോഭരാജ് എന്ന ക്രിമിനൽ.

അയാളുടെ കഥകൾ ഒരുമാതിരി എല്ലാ ഭാഷകളിലും സിനിമ ആയിട്ടുമുണ്ട്. മയക്കുമരുന്ന് കച്ചവടം, മോഷണം, കൊലപാതകം എന്നിങ്ങനെ ഇയാൾ ചെയ്യാത്ത കുറ്റങ്ങൾ ഒന്നും തന്നെയില്ലെന്നാണ് പറയുന്നതെങ്കിലും ഇയാൾ കൂടുതലായി അറിയപ്പെടുന്നത് ഒരു സീരിയൽ കില്ലർ ആയിട്ടാണ്. ഇന്ത്യയിലും നേപ്പാളിലും ഇയാൾ ദീർഘകാലം ശിക്ഷിക്കപ്പെട്ടതും കൊലപാതകത്തിന്റെ പേരിൽ തന്നെയായിരുന്നു. എന്നാൽ, ഈയൊരു കുറ്റകൃത്യം മാത്രം താൻ ഇതുവരെ ചെയ്തിട്ടില്ല എന്നാണ് ചാൾസ് ശോഭരാജ് പറയുന്നത്.

ഫ്രഞ്ച് പൗരത്വമുള്ള ഇന്ത്യൻ വംശജനായ ചാൾസ് ശോഭരാജ് ലേ മോണ്ടെ എന്ന ഫ്രഞ്ച് മാധ്യമത്തോട് സംസാരിക്കുന്നതിനിടയിലാണ് ഇത് പറഞ്ഞത്. 150 ഓളം പേർക്ക് മയക്കുമരുന്ന നൽകി അവരുടെ പാസ്സ്പോർട്ട് അടക്കമുള്ളവ മോഷ്ടിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ശോഭരാജ് പറയുന്നത് പക്ഷേ ജീവിതത്തിൽ ഇന്നുവരെ താൻ ആരെയും കൊന്നിട്ടില്ല എന്നാണ്. ഇംഗ്ലീഷിൽ സർപ്പന്റ് എന്ന് വിളിപ്പേരുള്ള ഈ 78 കാരന്റെ കഥ അതേ പേരിൽ ബി ബി സിയിലും സീരിയലായി വന്നിരുന്നു.

1970 കളിൽ ഇന്ത്യയിലും തായ്ലാൻഡിലുമായി നിരവധി ടൂറിസ്റ്റുകളെ, പ്രധാനമായും പാശ്ചാത്യ ടൂറിസ്റ്റുകളെ കൊന്നു എന്ന ആരോപണം ഇയാൾ പാടെ നിഷേധിക്കുകയാണ്. മോഷ്ടിച്ച പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് അനേകം യാതകൾ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞ അയാൾ താൻ കൊലപാതകിയല്ലെന്ന് തെളിയിക്കാൻ ആവുകയും ചെയ്യുമെന്ന് പറഞ്ഞു. ഇപ്പോൾ തന്റെ രേഖകൾ എല്ലാം കൃത്യമാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് താൻ എന്നും ഈ 78 കാരൻ പറയുന്നു..

സ്വജന്യ വൈദ്യ പരിശോധനക്കുള്ള കാർഡ് പോലും തനിക്കില്ല എന്ന് പറഞ്ഞ ശോഭരാജ് പറയുന്നത് തനിക്ക് ഒരു സോഷ്യൽ സെക്യുരിറ്റി നമ്പർ പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ്. ഫ്രാൻസിലെ നിയമം അനുസരിച്ച് മൂന്ന് മാസം തുടർച്ചയായി ഫ്രാൻസിൽ ജീവിക്കുന്നു എന്ന് തെളിയിച്ചാൽ മാ്ര്രതമേ ഈ നമ്പർ ലഭിക്കുകയുള്ളു.

തെക്കൻ ഏഷ്യയിൽ ഒരു ജൂവലറി സെയിൽസ്മാൻ ആയി പ്രവർത്തിക്കുന്ന സമയത്ത് താൻ ഇരകളെ എങ്ങനെയാണ് ലക്ഷ്യം വച്ചിരുന്നത് എന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്. റൂബി, സഫയർ, എമെറാൾഡ് തുടങ്ങിയ കല്ലുകൾ താൻ വിൽക്കുമായിരുന്നു എന്ന് പറഞ്ഞ ശോഭരാജ് ഇതിന്റെ ഭാഗമായി താൻ നിരവധി പേരെ സന്ദർശിക്കാറുണ്ടായിരുന്നു എന്നും പറഞ്ഞു. ഇതിൽ ടൂറിസ്റ്റുകളും ബിസിനസ്സുകാരും ഉൾപ്പെടും.

ബിസിനസ്സ് ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ, വൈകുന്നേരങ്ങളിൽ മദ്യ സത്ക്കാരത്തിനായി പോകും. അവിടെവെച്ച് ഇരയുടെ മദ്യഗ്ലാസ്സിൽ താൻ ഇര അറിയാതെ മയക്കു മരുന്ന് ചേർക്കും. സ്വന്തം താമസസ്ഥലത്ത് എത്തുമ്പോഴേക്കും ഇര ഉറങ്ങിക്കാണും. പിന്നെ താൻ അവിടെയുള്ള സാധനങ്ങൾ മോഷ്ടിക്കും. കൂടുതലും, പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമാണ് മോഷ്ടിച്ചിട്ടുള്ളത് എന്നും ചാൾസ് ശോഭരാജ് പറയുന്നു.

പിന്നീട് ഒരിക്കലും ജീവനോടെ കാണാത്ത, ശ്വാസം മുട്ടിയും, കത്തിക്കരിഞ്ഞും മറ്റും മൃതദേഹങ്ങളായി മാത്രം കാണപെട്ട പലരോടും ഒപ്പം ചാൾസ് ശോഭരാജിനെ കണ്ടിട്ടുണ്ട് എന്ന തെളിവുകളെ പറ്റി ചോദിച്ചപ്പോൾ ഇയാൾ പറയുന്നത് അത് തനിക്ക് ഓർമ്മയില്ല എന്നായിരുന്നു. ഞാൻ ഒരു കൊലപാതകിയല്ല, ഞാൻ ആരെയും കൊന്നിട്ടില്ല, ചാൾസ് ശോഭരാജ് ഉറപ്പിച്ചു പറയുന്നു. ലോകം മുഴുവൻ തനിക്ക് എതിരായതിനാലായിരുന്നു വിവിധ കോടതികൾ തനിക്ക് ശിക്ഷ വിധിച്ചതെന്നും ഇയാൾ പറയുന്നു.

തന്റെ ഏറെ ദുരിതങ്ങൾക്കും കാരണം മാധ്യമങ്ങൾ ആണെന്നു പറഞ്ഞ ചാൾസ് ശോഭരാജ് ചോദിക്കുന്നത് അവർ തന്നെയെന്തിനാണ് സെർപ്പന്റ് എന്ന് വിളിക്കുന്നത് എന്നാണ്. ഒരുപക്ഷെ ജയിൽ ചാടാനുള്ള തന്റെ കഴിവിനെ മാനിച്ചായിരിക്കാം എന്ന് അയാൾ തന്നെ ഉത്തരവും നൽകുന്നു. ലോകത്തെ പല ജയിലുകളിൽ നിന്നായി പത്തോളം തവണ താൻ ചാടി രക്ഷപ്പെട്ടിട്ടുണ്ട് എന്നും അയാൾ പറഞ്ഞു. നിരവധി പാസ്സ്പോർട്ടുകൾ മോഷ്ടിച്ചിട്ടുള്ള ശോഭരാജ് താൻ വ്യാജ പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് സ്ഥിരമായി യാത്ര ചെയ്യുമായിരുന്നു എന്നും പറഞ്ഞു.

അന്നത്തെ കാലത്ത് ഒരു പാസ്സ്പോർട്ടിലെ ഫോട്ടോ മാറ്റുന്നത് അത്ര വലിയ ജോലിയുമൊന്നും ആയിരുന്നില്ല. വെറും ഇരുപത് മിനിട്ട് സമയം കൊണ്ട് അത് സാധിക്കുമായിരുന്നു എന്നും അയാൾ പറയുന്നു. ബി ബി സിയിലും പിന്നീട് നെറ്റ്ഫ്ളിക്സിലും വന്ന സെർപ്പന്റ് എന്ന സീരിയലിൽ പാസ്സ്പോർട്ടിലെ ഫോട്ടോ മാറ്റുന്നതും മറ്റും വിശദമായി കാണിക്കുന്നുമുണ്ട്. തഹാർ റഹിം എന്ന ഫ്രഞ്ച്-അൾജീരിയൻ നടനാണ് ഇതിൽ ചാൾസ് ശോഭരാജിന്റെ ഭാഗം അഭിനയിച്ചിരിക്കുന്നത്.