- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
72 മണിക്കൂർ മണ്ണിനടിയിൽ കുടുങ്ങി കിടന്ന ഒരു കുടുംബത്തിലെ ആറു പേരെയും രക്ഷപ്പെടുത്തിയ കഥ ആവേശമായി; പ്രസിഡണ്ട് എർദോഗനെതിരെ ജനരോഷം പുകയുന്നു; തുർക്കി-സിറിയ ദുരന്തത്തിലെ മരണ സംഖ്യ 12,000 തൊട്ടു
ഭൂചലനം നടന്ന ഉടൻ പ്രതികരിക്കാൻ വൈകിയ തുർക്കി പ്രസിഡണ്ട് എർദോഗനെതിരെ കനത്ത പ്രതിഷേധം ഉയരുകയാണ്. ഒരു ദുരന്തം ഉണ്ടാകാനായി തയ്യാറെടുത്ത് നിൽക്കാൻ കഴിയില്ല എന്നായിരുന്നു എർദോഗന്റെ പ്രതികരണം. രക്ഷാ പ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇപ്പോഴും ആളുകളെ രക്ഷിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ,72 മണിക്കൂർ കഴിഞ്ഞതോടെ കൂടുതൽ ആളുകളെ രക്ഷപ്പെടുത്താനാകും എന്ന പ്രതീക്ഷയും മങ്ങി വരികയാണ്.
രക്ഷാപ്രവർത്തകരുടെ അത്ഭുത പ്രവർത്തികൾ
ഈ നിരാശക്കിടയിലും തുർക്കി പ്രസിഡണ്ട് എർദ്ദോഗനെതിരെ കടുത്ത ജനരോഷം ഉയരുകയാണ്. അതിനിടയിലും, രക്ഷാ പ്രവർത്തനങ്ങൾ ചില അത്ഭുതങ്ങൾ കാഴ്‌ച്ചവെച്ച് ജനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. വീടു തകർന്ന്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ ആറുപേരെയും 72 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയതായിരുന്നു അതിലൊന്ന്. അതുപോലെ സിറിയയിലെ ഇൽഡിബിൽ രണ്ട് പെൺകുട്ടികളേയും ഒരു ആൺകുട്ടിയേയും ഇപ്രകാരം രക്ഷപ്പെടുത്തുകയുണ്ടായി.
സമയത്തിനെതിരെയുള്ള ഓട്ടത്തിൽ രക്ഷാപ്രവർത്തകർ വലിയൊരു പരിധിവരെ വിജയിച്ചു എന്നതിന്റെ സൂചനായായിരുന്നു ഈ സംഭവങ്ങൾ. രക്ഷപ്പെടുത്തിയവരെ എല്ലാം ഉടനടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുർക്കിയിലെ ഹാറ്റേ നഗരത്തിൽ എട്ടുവയസ്സുള്ള ഒരുബാലനെ രക്ഷപ്പെടുത്തിയത് മറ്റൊരു അത്ഭ്തമായിരുന്നു. നീണ്ട 52 മണിക്കൂറാണ് ഈ ബാലൻ ഒറ്റക്ക് കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത്. രക്ഷപ്പെടുത്തിയ ഉടൻ തന്നെ ബാലനെ അവന്റെ അമ്മയെ ഏൽപ്പിക്കുകയായിരുന്നു.
തുർക്കിയിൽ തന്നെ മറ്റൊരിടത്ത് വലിയൊരു കോൺക്രീറ്റ് സ്ലാബിനടിയിൽ കുടുങ്ങിപ്പോയ ഒരു കൊച്ചു കുട്ടിക്ക് കുപ്പിയുടെ അടപ്പ് ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തകർ വെള്ളം നൽകിക്കൊണ്ടിരുന്നത്. നീണ്ട 45 മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആ കുരുന്നിനെ രക്ഷിക്കാനായത്. അതുവരെ കുപ്പിയുടെ അടപ്പിൽ കുടി വെള്ളം നൽകിയായിരുന്നു ആ ജീവൻ നിലനിർത്തിയത്. മരണമടഞ്ഞ ഭാര്യയ്ക്കൊപ്പം രണ്ട് ദിവസം കോൺക്രീറ്റ് കൂനയിൽ കിടനന്തിനു ശേഷമായിരുന്നു മറ്റൊരു വ്യക്തിയെ രക്ഷപ്പെടുത്തിയത്.
മരണ സംഖ്യ 12,000 ആകുന്നു
ഏറ്റവും ഒടുവിൽ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരട്ട ഭൂകമ്പങ്ങളിൽ തുർക്കിയിൽ 9,057 പേരും സിറിയയിൽ 2,662 പേരും മരണമടഞ്ഞു. രണ്ടു രാജ്യങ്ങളിലേയും മൊത്തം മരണ സംഖ്യ 11,179 ആയി എന്നർത്ഥം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം കാലത്തിനിടയിൽ നടന്ന ഏറ്റവും ഉയർന്ന മരണ സംഖ്യയുള്ള ഭൂകമ്പമായി ഇത് മാറിയിരിക്കുകയാണ്. ഔദ്യോഗിക കണക്കുകളാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. യഥാർത്ഥ മരണ സംഖ്യ ഇതിലും വളരെ കൂടുതൽ വരും എന്നാണ് കണക്കാക്കുന്നത്.
2015-ൽ നേപ്പാളിൽ നടന്ന ഭൂചലനത്തിലായിരുന്നു അടുത്തിടെ ഏറ്റവും അധികം പേർ മരിച്ചത്. 8,800 പേരായിരുന്നു അന്ന് മരണമടഞ്ഞത്. അതിനു മുൻപ് 2011-ൽ ജപ്പാനിൽ നടന്ന ഭൂചലനത്തിൽ 20,000 പേരോളം മരിച്ചിരുന്നു. രക്ഷാ പ്രവർത്തനങ്ങൾ ശക്തമായി തന്നെ നടക്കുന്നുണ്ടെങ്കിലും ഇനി ഏറെ പ്രതീക്ഷക്ക് വകയില്ലെന്നാണ് ദുരന്ത നിവാരണ വിദഗ്ദ്ധർ പറയുന്നത്. ഏതൊരു ഭൂകമ്പത്തിലും രക്ഷപ്പെടുന്നവരിൽ 90 ശതമാനം പേരെയും രക്ഷപ്പെടുത്തുന്നത് ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളിൽ ആണെന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഡിസാസ്റ്റേഴ്സ് വിഭാഗം പ്രൊഫസർ ഇലാൻ ക്ലീമാൻ പറയുന്നു.
പ്രതികൂല കാലാവസ്ഥയും പ്രശ്നമാകുന്നു
തുർക്കിയിലും സിറിയയിലും കാലാവസ്ഥയും മൊത്തത്തിൽ പ്രതികൂലമാണ്. അന്തരീക്ഷ താപനില പലയിടങ്ങളിലും മൈനസിൽ എത്തിയതോടെ രക്ഷപ്പെട്ടവരിൽ പലരും മരണത്തിനു കീഴടങ്ങിയേക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കനത്ത മഴയും മഞ്ഞുവീഴ്‌ച്ചയും കാരണം പലയിടങ്ങളിലും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം വരുന്നുമുണ്ട്.
ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവർ ആയിരങ്ങളാണ്. ഇവരിൽ പലരും ഇപ്പോഴും നിരത്തുകളിലും തുറസ്സായ സ്ഥലങ്ങളിലായുമൊക്കെയാണ് കഴിയുന്നത്. ഇതും ആശങ്കക്ക് വഴിയൊരുക്കുന്നു. കടുത്ത തണുപ്പ് എത്തിയതോടെ ശരീരോഷ്മാവ് പെട്ടെന്ന് താഴ്ന്ന് പോകുന്ന ഹൈപോതെർമിയ എന്ന രോഗാവസ്ഥയിലേക്ക് ഇവർ എത്തിച്ചേരുമെന്ന ആശങ്ക ആരോഗ്യ രംഗത്തെ പ്രമുഖർ പങ്കു വയ്ക്കുന്നു.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. ഇവിടെയും പ്രതികൂല കാലാവസ്ഥ തടസ്സം സൃഷ്ടിക്കുകയാണ്. നാലോ അഞ്ചോ ദിവസം ഇതുപോലെ തുടർന്നാൽ ചിലയിടങ്ങളിൽ ജനങ്ങൾ വെള്ളം കിട്ടാതെ മരിക്കുന്ന സാഹചര്യം വരെ ഉണ്ടായേക്കും എന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
ഇരട്ടി ദുരിതവുമായി സിറിയ
ഭൂകമ്പത്തിന്റെ ആഘാതവും മരണ സംഖ്യയും കൂടുതൽ തുർക്കിയിലാണെങ്കിലും, ദുരന്തം ഏറെ വലയ്ക്കുന്നത് സിറിയയെ തന്നെയാണ്. പതിറ്റാണ്ടുകളുടെ ആഭ്യന്തര യുദ്ധവും സിറിയൻ- റഷ്യൻ വ്യോമാക്രമണങ്ങളും ഈ മേഖലയിലെ ആശുപത്രികളെയൊക്കെ ഏതാണ്ട് നശിപ്പിച്ചിരിക്കുകയാണ്. തകർന്നടിഞ്ഞ സമ്പദ്ഘടനക്കൊപ്പം കൂന്നിൻ മേൽ കുരു എന്നതുപോലെ വൈദ്യൂതി-ഇന്ധന ക്ഷാമവും സിറിയയെ പിടിമുറുക്കുന്നു.
അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം ഇപ്പോഴും സിറിയയ്ക്കെതിരെ നിൽക്കുന്നതിനാൽ സഹായം എത്തിക്കുന്നതിനും പല രാജ്യങ്ങളും മടിക്കുന്നു. മാത്രമല്ല, ദുരന്തത്തിലും മതഭ്രാന്ത് കൈവിടാത്ത തീവ്രവാദികൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ തുർക്കി അതിർത്തി വഴി സഹായമെത്തിക്കുന്നതും ദുഷ്‌കരമാവുകയാണ്. പാശ്ചാത്യ രാജ്യങ്ങളോട്, താത്ക്കാലികമായി ഉപരോധം പിൻവലിച്ച് സിറിയൻ ജനതയെ രക്ഷിക്കണമെന്ന് സിറിയൻ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം സിറിയൻ സർക്കാരിന് സഹായധനം നൽകാതെ വിവിധ സംഘടനകൾ വഴി സിറിയൻ ജനതയെ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ സഹായം ലഭ്യമാക്കുന്നതിനായി അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ചില സംഘടനകളും സിറിയൻ സർക്കാരീനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ