ഇസ്തംബുൾ: ചുറ്റും മരണത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവൾ നടന്നത് ജീവിതത്തിലേക്ക്. ജനനം കൊണ്ട് തന്നെ വിസ്മയമായ ആ കരുന്ന് ഇനി ആയ എന്നറിയപ്പെടും. 'ദൈവത്തിന്റെ അടയാളം', 'വിസ്മയം' എന്നൊക്കെയാണ് 'ആയ' എന്ന വാക്കിനർഥം.ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണ് അവൾ പിറന്നുവീണത്. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായി 10 മണിക്കൂറിലധികം കഴിഞ്ഞ് ജെൻഡറിസിലെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്ര അബു ഹാദിയയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മുൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്‌ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്.

അഞ്ചുനില പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും 4 സഹോദരങ്ങളും പിറന്നപ്പോഴേ അവൾക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു.സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഭവനരഹിതരായി അഫ്രിൻ നഗരത്തിലെ ജെൻഡറസ് പട്ടണത്തിൽ അഭയാർഥികളായി കഴിയുകയായിരുന്നു ഈ കുടുംബം.സംഭവത്തിന് പിന്നാലെ ആയിരക്കണക്കിന് ആളുകൾ പെൺകുഞ്ഞിനെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.എങ്കിലും കുഞ്ഞിന്റെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു.

ഡിസ്ചാർജ് ചെയ്ത ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് അയയുടെ പിതാവിന്റെ അമ്മാവൻ സലാഹ് അൽ ബദ്റാൻ അറിയിച്ചു. ഭൂകമ്പത്തിൽ സലാഹിന്റെ സ്വന്തം വീട് തകർന്നിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം ടെന്റിലാണ് താമസം.സമീപത്തെ അഫ്രിൻ പട്ടണത്തിലെ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നത്. ശരീരത്തിൽ മുഴകളും ചതവുകളുമുണ്ടായിരുന്നു. തണുത്തുവിറച്ചു, ശ്വസനവും ശരിയായ നിലയിലായിരുന്നില്ല.

ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും നേരത്തേ ഭയന്നതുപോലെ നട്ടെല്ലിനു പരുക്കില്ലെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.ഒരു ഡോക്ടറുടെ ഭാര്യ തന്റെ കുട്ടിയോടൊപ്പം അവളെയും മുലയൂട്ടി.അയയുടെ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു.പ്രകൃതിദുരന്തത്തിന്റെ കെടുതിയുടെ ആഴം വ്യക്തമാക്കുന്ന ചിത്രമായി ഇത് മാറി. തകർന്ന നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാൾ പൊടിയിൽ പൊതിഞ്ഞ ഒരു ചെറിയ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കുതിക്കുന്നതായിരുന്നു ദൃശ്യങ്ങൾ.

പൂജ്യത്തിന് താഴെയുള്ള താപനിലയിൽ നവജാതശിശുവിനായി ഒരു പുതപ്പുമായി രണ്ടാമത്തെയാൾ ഓടിയെത്തന്നു. മൂന്നാമൻ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിനായി നിലവിളിക്കുന്നു.ഇങ്ങനെയായിരുന്നു ചിത്രം.ആശുപത്രിയിലെത്തിച്ച കുഞ്ഞ് പതിയെ പതിയെ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു.

തിങ്കളാഴ്ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അനാഥരായ നിരവധി കുട്ടികളിൽ ഒരാളാണ് അയ. മാതാപിതാക്കളെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്ത കുട്ടികളെ നിരീക്ഷിച്ചുവരികയാണെന്നും കുടുംബാംഗങ്ങളെ കണ്ടെത്താൻ ആശുപത്രികളുമായി ഏകോപനം നടത്തുന്നുണ്ടെന്നും യു.എൻ ഏജൻസിയായ യുനിസെഫ് അറിയിച്ചു.