റേയിലെ ആഷ്ഫോർഡിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു നടന്ന ക്രൂരദൃശ്യങ്ങളുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. 15 വയസ്സുള്ള കറുത്തവർഗ്ഗക്കാരിയായ വിദ്യാർത്ഥിനിയെ തോമസ് നിവെറ്റ്‌കോളേജിന് മുൻപിൽ വെച്ച് ഒരുപറ്റം ആളുകൾ ക്രൂരമായി മർദ്ദിക്കുന്നതും ചവിട്ടുന്നതും തലമുടി പിടിച്ച് വലിക്കുന്നതും ഒക്കെയാണ് ദൃശ്യത്തിൽ ഉള്ളത്. തികച്ചും അസ്വസ്ഥാജനകമാണ് ഈ സംഭവം എന്ന് പറഞ്ഞ ചീഫ് ഇൻസ്പെക്ടർ ഡള്ളസ് മെക് ഡെർമോട്ട് പൊതുജനങ്ങളുടെ പ്രതികരണം നിരാശപ്പെടുത്തുന്നു എന്നും പറഞ്ഞു.

ഇതോടെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനകളും മറ്റ് സാമൂഹിക സംഘടനകളും ഒക്കെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ചേഞ്ച് ഡോട്ട് ഓർഗിൽ, സ്‌കൂളിന്റെ ഹെഡ് ടീച്ചറെ പിരിച്ചുവിടണം എന്നാവശ്യപ്പെടുന്ന നിവേദനത്തിൽ ഇതുവരെ 1 ലക്ഷം പേരിലധികമാണ് ഒപ്പ് വച്ചിരിക്കുന്നത്. വംശീയവിദ്വേഷം പരത്തിയതിനു, ആക്രമിച്ചതിനുമായി നാല് പേരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

39 വയസ്സായ ഒരു സ്ത്രീ, 16 വയസ്സുള്ള ഒരു പെൺകുട്ടി, 11 വയസ്സുള്ള രണ്ട് പെൺകുട്ടികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മറ്റൊരു സ്ത്രീയേയും 43 വയസ്സുള്ള ഒരു പുരുഷനേയും കുട്ടികളോടുള്ള അവഗണന, മനഃപൂർവ്വം അക്രമത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്വേഷം പരത്തുന്ന ആശയപ്രചരണം നടത്തിയതിന് ഒരു 16 കാരിയും അറസ്റ്റിലായതായി റിപ്പോർട്ടുകൾ പറയുന്നു. അതുകൂടാതെ ഒരു 15 കാരിയെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും കർശനമായ ജാമ്യ വ്യവസ്ഥകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. കേവലം ഈ വീഡിയോയെ ആശ്രയിച്ച് കേസുമായി മുൻപോട്ട് പോകാനാവില്ലെന്നും, കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, സ്‌കൂളിലെ അദ്ധ്യാപകർക്കെതിരെ പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടില്ലെന്നും അക്കാര്യം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നുണ്ട് എന്നും പൊലീസ് പറഞ്ഞു.

കടുത്ത പ്രതിഷേധം

സംഭവം വൈറലായതോടെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകൾ കടുത്ത പ്രതിഷേധവുമായി സ്‌കൂളിനു മുൻപിലെത്തി. ഫോർ എവെർ ഫാമിലി എന്ന സംഘടന ഈ സംഭവത്തിന് ഉത്തരവാദികൾ എന്ന് ആരോപിക്കുന്നത് ഒരു കൂട്ടം സഞ്ചാരികളേയാണ്. പാരാമിലിറ്ററി യൂണിഫോം ധരിച്ചെത്തിയ ഈ സംഘടനയിലെ അംഗങ്ങൾ സ്‌കൂളിന് മുപിലും സംഭവത്തിന് ഉത്തരവാദികൾ എന്ന് സംശയിക്കപ്പെടുന്നവരുടെ വീട്ടിന് മുൻപിലും പ്രതിഷേധ പ്രകടനം നടത്തി.

1960 കളിൽ അമേരിക്കയിൽ ഉണ്ടായിരുന്ന ബ്ലാക്ക് പാന്തേഴ്സ് എന്ന സംഘടനയെ ഓർമ്മിപ്പിക്കും വിധമാണ് ഫോർ എവർ ഫാമിലിയുടെയും പ്രവർത്തനങ്ങൾ. റെസ്പെക്ട് എന്ന സ്റ്റേജ് പേരിൽ അറിയപ്പെടുന്ന ഖാരി മെക്കെൻസി എന്ന 29 കാരനായ റാപർ ആണ് ഈ സംഘടനയുടെ സ്ഥാപകൻ. നിങ്ങൾ ഒരാളെ സ്പർശിക്കു, നിങ്ങൾ എല്ലാവരെയും സ്പർശിക്കു എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. ഇതിലെ ഒരു പ്രമുഖ അംഗമായിരുന്നു 2021 മെയ്‌ മാസത്തിൽ മുഖം മൂടിയണിഞ്ഞവരുടെ ആക്രമണത്തിന് വിധേയയായ സാഷ ജോൺസൺ. തലയിലെ വെടിയുണ്ടയേറ്റ മുറിവിൽ നിന്നും ഇവർ രക്ഷപ്പെട്ടുവെങ്കിലും ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

അടിമവ്യാപാരിയായിരുന്ന എഡ്വേർഡ് ക്ലോസ്റ്റന്റെ പ്രതിമ തകർത്തതോടെയായിരുന്നു ഈ സംഘടന ഏറെ പ്രശസ്തമായത്. യു കെയിൽ ആകമാനം പിന്നീട് നിരവധി പ്രതിമകൾ തകർന്നു വീണു. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ളോയ്ഡ് പൊലീസ് മർദ്ദനത്തെ തുടർന്ന് മരിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു ഇത്. സംഘടനാ നേതാവും റാപ്പ് ഗായകനുമായ മെക്കെൻസിയെ ബുധനാഴ്‌ച്ച പ്രതിഷേധം ആരംഭിച്ചതു മുതൽ ലൈവ് സംപ്രേഷണം ചെയ്യുന്നതിൽ നിന്നും യൂട്യുബും ഇൻസ്റ്റാഗ്രാമും വിലക്കിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വരുന്നു.

അക്രമി കുടുംബം എന്നും പ്രശ്നക്കാർ

15 വയസ്സുകാരിയായ കറുത്ത വർഗ്ഗക്കാരിയെ ആക്രമിച്ച കുടുംബത്തെ അയൽക്കാർ വിശേഷിപ്പിക്കുന്നത് നരകത്തിൽ നിന്നുള്ള കുടുംബം എന്നാണ്. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിനെ തുടർന്ന് ഒളിവിൽ പോയ ഇവർ എന്നും അയൽക്കാർക്ക് തലവേദനയായിരുന്നു എന്ന് പറയുന്നു. പ്രായം 30 കളിൽ എത്തിനിൽക്കുന്ന ഒരമ്മയും മൂന്ന് പെൺമക്കളും അടങ്ങുന്ന ആകുടുംബം എന്നും അയൽക്കാരെ ഭീഷണിപ്പെടുത്തിയും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ടും പ്രദേശവാസികൾക്ക് തലവേദന സൃഷ്ടിക്കുകയാണ്.

ഈ കുടുംബത്തിലെ ഏറ്റവും ഇളയ രണ്ട് പെൺകുട്ടികളാണ് മറ്റൊരു കുട്ടിയുടെ സഹായത്തോടെ അക്രമം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. അമ്മയുടെയും മൂത്ത മകളുടെയും സഹായവും ഉണ്ടായിരുന്നു. ഇവരെ സറേയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയതായും അറിയാൻ കഴിയുന്നു. ഇതിൽ ഉൾപ്പെട്ട ഒരു 15 വയസ്സുകാരി കൂടിയുണ്ടെന്നും ആ കുട്ടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.