തിരുവനന്തപുരം: മുൻ എംപി. പി.കെ. ബിജു ഉൾപ്പെടെ സാങ്കേതിക സർവകലാശാലയിലെ ആറ് അംഗങ്ങളുടെ സിൻഡിക്കേറ്റ് അംഗത്വം അനധികൃതമെന്ന് ആക്ഷേപത്തിൽ ഗവർണ്ണറുടെ നടപടി നിർണ്ണായകം. ഇവരുടെ നാമനിർദ്ദേശത്തിന് അടിസ്ഥാനമായ ബില്ലിന് ഗവർണറുടെ അനുമതി കിട്ടിയിട്ടില്ല. അതിനാൽ സിൻഡിക്കേറ്റ് അംഗത്വം അനധികൃതമെന്നുകാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. രാജ്ഭവൻ എടുക്കുന്ന തീരുമാനം നിയമ പ്രശ്‌നങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിയമോപദേശം തേടിയാകും തീരുമാനം എടുക്കുക.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ പി.കെ. ബിജുവിനു പുറമേ, സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗം ഐ. സാജു, കേരള സർവകലാശാലാ മുൻ അദ്ധ്യാപിക ഡോ. ബി.എസ്. ജമുന, എൻജിനിയറിങ് കോളേജ് അദ്ധ്യാപകരായ വിനോദ്കുമാർ ജേക്കബ്, ജി. സഞ്ജീവ്, എസ്. വിനോദ് മോഹൻ എന്നിവരുടെ അംഗത്വത്തിനെതിരേയാണ് ആക്ഷേപം. ഇവരെ സിൻഡിക്കേറ്റിൽനിന്ന് നീക്കണമെന്നും വാങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു. സാങ്കേതികത്വങ്ങൾ ഏറെയുള്ള വിഷയമാണ്. രാജ്ഭവന്റെ ഇടപെടലുകളാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കുന്നത്.

2021 ഫെബ്രുവരി 20-ന് ഓർഡിനൻസിലൂടെയാണ് ആറുപേരെയും സിൻഡിക്കേറ്റ് അംഗങ്ങളായി നാമനിർദ്ദേശംചെയ്തത്. ഈ ഓർഡിനൻസ് 2021 ജൂലായ് രണ്ടിനും ഓഗസ്റ്റ് 24-നും പുനർവിളംബരംചെയ്തു. 2021 ഒക്ടോബറിൽ ഇതുസംബന്ധിച്ച ബിൽ നിയമസഭ പാസാക്കി. അതോടെ ഓർഡിനൻസ് അസാധുവായി. ജില്ലാജഡ്ജിയെ സർവകലാശാലാ ട്രിബൂണലായി ഗവർണർ നിയമിക്കണമെന്ന നിയമം ഭേദഗതിചെയ്ത്, പകരം വിരമിച്ച ഹൈക്കോടതി ജഡ്ജിയെയോ ജില്ലാ ജഡ്ജിയെയോ സർക്കാരിന് നിയമിക്കാമെന്ന ഭേദഗതി ഉൾപ്പെടുത്തിയാണ് ബിൽ അവതരിപ്പിച്ചത്. എന്നാൽ, ഭേദഗതികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ബില്ലിൽ ഒപ്പിട്ടില്ല. ഇതാണ് പ്രതിസന്ധിയാകുന്നതിന് കാരണം.

ഓർഡിനൻസ് അസാധുവായതോടെ ആറുപേരുടെയും സിൻഡിക്കേറ്റ് അംഗത്വം അനധികൃതമാണെന്ന വാദമാണ് ഉയരുന്നത്. നിയമപരമായി അത് ശരിയുമാണ്. എന്നാൽ ഓർഡിനൻസ് ഉള്ളകാലത്തും ഇവർ സിൻഡിക്കേറ്റ് അംഗമാണ്. സിറ്റിങ് ഫീസിനത്തിൽ ഓണറേറിയമായി 3000 രൂപയും യാത്രാപ്പടിയും ഉൾപ്പെടെ ഓരോ മീറ്റിങ്ങിനും 10,000 മുതൽ 15,000 രൂപവരെ ഇവർ വാങ്ങുന്നതായും കാമ്പയിൻ കമ്മിറ്റി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ പരാതിയുമായി എത്തുന്നത്.

കഴിഞ്ഞ ഒരുവർഷത്തിനിടെ 50 ലക്ഷം രൂപ ഈയിനത്തിൽ സർവകലാശാലാഫണ്ട് ഇവർ അനധികൃതമായി കൈപ്പറ്റി. ഇവരെടുത്ത തീരുമാനങ്ങളെല്ലാം അനധികൃതമാണെന്നും പുനഃപരിശോധിക്കാൻ വി സി.ക്ക് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ സർവകലാശാലാ കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.