വാഷിങ്ടൻ: അമേരിക്കയിൽ ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിൽ പിതാവിന് ജോലി നഷ്ടപ്പെടുമെന്ന ആശങ്കകൾക്കിടെ ഇന്ത്യൻ വംശജയായ സ്‌കൂൾ വിദ്യാർത്ഥിനിയെ മൂന്നാഴ്ചയായി കാണാനില്ല. മാതാവിന്റെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പിതാവിനും ജോലി നഷ്ടപ്പെട്ട് അമേരിക്കയിൽനിന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കെയാണ് പതിനാലുകാരിയായ പെൺകുട്ടിയെ കാണാതായത്.

ജനുവരി 17മുതലാണ് ഇന്ത്യൻ വംശജയായ തൻവി മരുപ്പള്ളി എന്ന കൗമാരക്കാരിയെ അർക്കൻസയിൽ നിന്ന് കാണാതായത്. പെൺകുട്ടിക്കായി അമേരിക്കയിൽ തെരച്ചിൽ തുടരുകയാണ്. വർഷങ്ങളായി അമേരിക്കയിൽ താമസമാക്കിയ തൻവിയുടെ മാതാപിതാക്കൾക്ക് ഇനിയും ഇവിടെ പൗരത്വം ലഭിച്ചിരുന്നില്ല. അടുത്തിടെ ജോലി നഷ്ടമായ തൻവിയുടെ അമ്മയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.

കുടിയേറ്റ നിയമങ്ങളിൽപെട്ട് വലയുന്ന കുടുംബത്തിലെ അംഗമായ പെൺകുട്ടി അമേരിക്കയിൽനിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് വീട് വിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ബസിൽ സ്‌കൂളിലേക്കു പോയ തൻവിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു.

തിരികെ ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്‌തേക്കുമോയെന്ന ആശങ്കയിൽ തൻവി ഓടിപ്പോയതേക്കാമെന്ന സംശയമാണ് അമേരിക്കൻ പൊലീസിനുമുള്ളത്. ഇമിഗ്രേഷൻ നടപടികൾ തൻവിയുടെ കുടുംബത്തെ ഏറെ വലച്ചിരുന്നു. പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെക്കാലമായി അമേരിക്കയിൽ തുടരുന്ന തൻവിയുടെ കുടുംബത്തിനുണ്ടായിരുന്നത്.

വർഷങ്ങളായി യുഎസിൽ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോൾ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തിൽ കുടിയേറ്റ നിയമങ്ങളിൽപെട്ട് വലയുകയാണെന്ന് തൻവിയുടെ മാതാപിതാക്കൾ പറഞ്ഞു. ടെക് കമ്പനി ജീവനക്കാരനായ തൻവിയുടെ പിതാവ് പവൻ റോയിയുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

പിതാവിന്റെ തൊഴിൽവീസ നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന് തൻവി പവനോട് ചോദിച്ചിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് കുട്ടിയോടു പറഞ്ഞിരുന്നതായും പിതാവ് പവൻ പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് അറിഞ്ഞത് തൻവിക്കു വലിയ ഞെട്ടലായിരുന്നു. ഞാൻ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവൾ ചോദിച്ചിരുന്നു. ഇത്തരം ആശങ്കകൾ മൂലമാകാം തൻവി വീട് വിട്ട് പോയതെന്നാണ് കോൺവേ പൊലീസ് കരുതുന്നത്.

ടെക് മേഖലയിലെ ജോലി നഷ്ടമായേക്കുമെന്ന ആശങ്ക പവൻ കുടുംബവുമായി പങ്കുവച്ചിരുന്നു. തൻവിയുടെ അമ്മ ശ്രീദേവി ഈടറ അടുത്തിടെയാണ് തിരികെ നാട്ടിലെത്തിയത്. ഏകദേശം ഒരു വർഷം വിസാ നടപടികൾ ഇഴഞ്ഞ് നീങ്ങിയ ശേഷമാണ് ശ്രീദേവിക്ക് ആശ്രിത വിസയിൽ തിരികെ അമേരിക്കയിൽ എത്താനായത്.

തൻവിയേയും അമ്മയേയും ഇന്ത്യയിലേക്കും മടക്കി അയച്ച ശേഷം എന്ത് ചെയ്യാനാവുമെന്ന് പഠിക്കേണ്ടി വരുമെന്നായിരുന്നു ഇതിന് പവൻ നൽകിയ മറുപടി. മറ്റൊരു ജോലി നേടി നിങ്ങളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും പവൻ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ തൻവി അസ്വസ്ഥയായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. തൻവിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5000 അമേരിക്കൻ ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് തൻവിയുടെ കുടുംബം.

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം നവംബർ മുതൽ 2 ലക്ഷത്തോളം ജീവനക്കാർക്കാണ് ഐടി മേഖലയിൽ തൊഴിൽ നഷ്ടമായിട്ടുള്ളത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്‌ബുക്ക്, ആമസോൺ അടക്കമുള്ള സ്ഥാപനങ്ങളിലാണ് വലിയ രീതിയിൽ പിരിച്ചുവിടൽ നടന്നത്. ഇതിൽ മുപ്പത് മുതൽ 40 ശതമാനം വരെ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളാണ്.

എച്ച് 1 ബി വിസാ നിയമവും എൽ 1 വിസാ നിയമവും ഇത്തരത്തിൽ ജോലി നഷ്ടമായവർക്ക് അമേരിക്കയിൽ തുടരുന്നതിന് തടസമാകുന്നുണ്ട്. 2023 ജനുവരിയിൽ മാത്രം 91000 പേര്ക്ക് ജോലി നഷ്ടമായെന്നും വരും മാസങ്ങളിൽ ഇത് കൂടുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എച്ച് 1 ബി വിസയിലെത്തിയവർക്ക് തൊഴിൽ നഷ്ടമായാൽ ഗ്രേസ് പിരിയഡ് അവസാനിച്ചാൽ 10 ദിവസത്തിന് ശേഷം അമേരിക്കയിൽ തുടരാനാവില്ല.