ലോകത്തെയാകെ ഞെട്ടിച്ച തുർക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തിന് രണ്ടാഴ്‌ച്ചകൾക്കിപ്പുറം ന്യുസിലാൻഡിലും ഭൂകമ്പം. റിറ്റ്ച്ചർ സ്‌കെയിലിൽ 6 തീവ്രത അടയാളപ്പെടുത്തിയ ഭൂകമ്പം ന്യുസിലാൻഡിലെ രണ്ട് ദ്വീപുകളേയും പിടിച്ചു കുലുക്കിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയപ്പെട്ടിട്ടില്ല.

ഭൂകമ്പങ്ങൾ കൂടെക്കൂടെ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. അവയിൽ മിക്കവയും വളരെ കുറഞ്ഞ തീവ്രതയുള്ളവ ആയതിനാലും, ഒരുപാട് ആഴത്തിൽ സംഭവിക്കുന്നതിനാലുംനാം അറിയാതെ പോകുന്നു എന്ന് മാത്രം. ഇപ്പോൾ ന്യുസിലാൻഡിൽ നടന്ന ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കുക്ക് കടലിടുക്കാണ്. ന്യുസിലൻഡിന്റെ തെക്കും വടക്കും ദ്വീപുകളെ തമ്മിൽ വേർതിരിക്കുന്നതാണ് ഈകടലിടുക്ക്.മാത്രമല്ല, ഭൗമോപരിതലത്തിൽ നിന്നും 74 കിലോമീറ്റർ ആഴത്തിലായിരുന്നു ഇത് സംഭവിച്ചത്.

നമുക്ക് അറിയാവുന്നതുപോലെ എതിർ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് ടെക്ടോണിക് പ്ലേറ്റുകൾ കൂട്ടി മുട്ടുമ്പോഴാണ് ഭൂചലനം ഉണ്ടാകുന്നത്. ആസ്ട്രേലിയൻ പ്ലേറ്റിന്റെയും പസഫിക് പ്ലേറ്റിന്റെയും അതിർത്തിയിലാണ് ന്യുസിലാൻഡ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, അതിർത്തിയിൽ നിന്നും ഏറെ മാറിയാണ് ആസ്ട്രേലിയയുടെ സ്ഥാനം അതുകൊണ്ടു തന്നെ അവിടെ ഭൂകമ്പ സാധ്യത തുലോം കുറവാണ്.

ഇത്തരത്തിൽ ഉള്ള പ്ലേറ്റുകളുടെ അതിർത്തികളെ ഫോൾട്ടുകൾ എന്നാണ് വിളിക്കുന്നത്. ഒരു ഫോൾട്ടിൽ ഉണ്ടാകുന്ന ഭൂകമ്പം തൊട്ടടുത്ത ഫോൾട്ടിൽ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം.അ അങ്ങനെ അവിടെയും ഭൂകമ്പം ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ, ന്യുസിലൻഡിൽ നടന്ന ഭൂകമ്പഥ്റ്റിന് തുർക്കിയിലേതുമായി ബന്ധമില്ലെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. ഇത് രണ്ടും ഒരുപാറ്റ് ദൂരെയാണ്, ഉദ്ദേശം 10,0000 മൈൽ, സ്ഥിതി ചെയ്യുന്നത് എന്നതു തന്നെയാണ് കാരണം.

ലോകത്ത് ഏറ്റവും അധികം ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളെ വിളിക്കുന്നത് ഫയർ റിങ് എന്നാണ്. ഈ ഫയർ റിംഗിൽ ഉൾപ്പെടുന്ന കാലിഫോർണീയ നിരവധി ഭൂകമ്പങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. അടുത്ത ഭൂകമ്പത്തിനുള്ള സാധ്യത അവിടെയാണെന്ന് വിദഗ്ദ്ധർ പറയുന്നു.