- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പസിഫിക് മഹാസമുദ്രത്തിൽ നിന്നും 300 വർഷം മുൻപ് കണ്ടെത്തിയ മത്സ്യ കന്യകയുടെ അസ്ഥിപഞ്ജരം ഒരു തട്ടിപ്പോ ? ജപ്പാൻകാർ കോവിഡ് മാറാൻ വരെ പ്രാർത്ഥിച്ച അത്യപൂർവ്വ രൂപത്തെ സ്കാൻ ചെയ്ത് സത്യം കണ്ടെത്തുമ്പോൾ
അമരത്വം നൽകാൻ കെൽപുണ്ടത്രെ ആ മത്സ്യകന്യകയ്ക്ക്. ജപ്പാനിലെ ആസകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ മത്സ്യ കന്യകയുടെ ശരീരം 1736 നും 1741 നും ഇടയിൽ പസഫിക് സമുദ്രത്തിൽ നിന്നും കണ്ടെടുത്തത് എന്നാണ് ഐതിഹ്യം. മമ്മിഫൈ ചെയ്ത് സൂക്ഷിച്ച ഈ മത്സ്യകന്യകയോടെ ജീവനുവേണ്ടി പ്രാർത്ഥിക്കാൻ നിരവധിപേരായിരുന്നു കോവിഡ് കാലത്ത് ഒഴുകിയെത്തിയത്.
ജാപ്പനീസ് സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മത്സ്യകന്യകമാർ. മത്സ്യകന്യകയുടെ മാംസം അല്പം കഴിച്ചാൽ ആ വ്യക്തി പിന്നെ മരിക്കില്ല എന്നാണ് വിശ്വാസം. ജപ്പാനിലെ ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീ അബദ്ധത്തിൽ മത്സ്യകന്യകയുടെ മാംസം കഴിക്കുകയും തത്ഫലമായി 800 വർഷം വരെ ജീവിക്കുകയും ചെയ്തുവത്രെ!
മരണമില്ലാത്ത മത്സ്യകന്യകമാരിൽ ഒരാളായ യാവോ ബികുനിയുടെ ക്ഷേത്രത്തിലായിരുന്നു, അമരത്വം നൽകുന്ന ഈ മത്സ്യകന്യകയുടെ മമ്മിയും സൂക്ഷിച്ചിരുന്നത്. ഈ ഭാഗങ്ങളിലും 800 വർഷം ജീവിച്ചിരുന്ന വനിതയുടെ ഐതിഹ്യം ഏറെ പ്രചാരത്തിലുള്ളതാണ്. ഇത് വിശ്വസിച്ച് ചിലരെങ്കിലും മത്സ്യകന്യക മമ്മികളുടെ ചിതമ്പലുകൾ തിന്നാറുപോലുമുണ്ടത്രെ!
ജപ്പാനിലെ കോച്ചി ഉപദ്വീപിൽ നിന്നും മാറി കടലിൽ വച്ചായിരുന്നു അത്രെ ഈ മത്സ്യകന്യക ഒരു മുക്കുവന്റെ വലയിൽ കുടുങ്ങിയത്. തന്റെ വലയിൽ കുടുങ്ങിയത് മത്സ്യകന്യകയായിരുന്നു എന്ന് മനസ്സിലാക്കാതെ ഈ മുക്കുവൻ അതിനെ ഒസാക്കയിലെ മത്സ്യ ചന്തയിൽ കൊണ്ടുപോയി ഒരു അസാധാരണ മത്സ്യം എന്ന് പറഞ്ഞ് വിൽക്കുകയായിരുന്നത്രെ. തന്റെ പൂർവ്വികർ അതിനെ വാങ്ങി ഇവിടെ പ്രതിഷ്ഠിക്കുകയായിരുന്നു എന്ന് ഈ മത്സ്യകന്യക മമ്മിയെ പരിപാലിക്കുന്ന വ്യക്തി പറയുന്നു.
കഴിഞ്ഞ 40 വർഷമായിട്ടാണ് ഈ മമ്മി ഇവിടെ പൊതു പ്രദർശനത്തിന് വച്ചിരിക്കുന്നതെന്ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരി പറയുന്നു. മത്സ്യകന്യകയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും, കോവിഡ് കാലത്ത് ഈ സവിധത്തിലേക്കുണ്ടായ ഭക്തരുടെ ഒഴുക്കുമായിരുന്നു ഇതിനെ കുറിച്ച് പഠിക്കാൻ ഒരുകൂട്ടം ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.
ശസ്ത്രജ്ഞന്മാർ സംശയിച്ചത്, ഇതിന്റെ പിൻഭാഗം ഏതോ ഒരു വലിയ മത്സ്യത്തിന്റെ വാലാണെന്നും മുകൾ ഭാഗം മനുഷ്യക്കുരങ്ങിന്റേതുമാണെന്നായിരുന്നു. സംശയ നിവർത്തിക്കായി ഈ മമ്മിഫൈഡ് രൂപത്തെ സി ടി സ്‌കാനിന് വിധെയമാക്കി. പഠനത്തിന് നേതൃത്വം നൽകിയ ഓകയാമ ഫോക്ക്ലോർ സൊസൈറ്റിലെ ഹിരോഷി കിനോഷിറ്റ പറയുന്നത് സി ടി സ്‌കാനിന്റെ ഫലം അദ്ഭുതപ്പെടുത്തി എന്നാണ്.
ഒരു സാധാരണ ശാസ്ത്ര കുതുകി പ്രതീക്ഷിക്കുക, ഈ മമ്മിയുടെ പിൻ ഭാഗം മത്സ്യത്തിന്റെ വാലും മുൻ ഭാഗം ഏതെങ്കിലും ആൾക്കുരങ്ങിന്റെതും ആയിരിക്കും എന്നാണ്. എന്നാൽ, അതല്ല കാര്യം എന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. പിൻഭാഗം മത്സ്യത്തിന്റെതാണെന്ന് സ്‌കാനിംഗും സ്ഥിരീകരിക്കുന്നു. എന്നാൽ, മുകൾ ഭാഗം ഒരു സസ്തന ജീവിയുടേതായിരുന്നില്ല. ഈ മമ്മിയൂടെ ശരീരത്തിന്റെ മുകൾ ഭാഗം മുഴുവൻ തുണിയും കടലാസും ചേർത്ത് നിർമ്മിച്ചവയായിരുന്നു എന്ന് പഠനത്തിൽ വ്യക്തമായി.
ഈ കൃത്രിമ ശരീരത്തിനു മേൽ സസ്തനികളുടെ മുടിയിഴകൾ വെച്ചു പിടിപ്പിച്ചു. അതുപോലെ മൃഗ കേരാറ്റിൻ ഉപയോഗിച്ച് നിർമ്മിച്ചവയായിരുന്നു നഖങ്ങൾ. ഇതിന്റെ ചുണ്ടുകൾ ഒരു മാംസഭുക്കായ ഏതോ മത്സ്യത്തിന്റേതുമായിരുന്നു എന്ന് കണ്ടെത്തി. ആന്തരിക അസ്തിപഞ്ജരം കണ്ടെത്താനായില്ല, എന്നാൽ കഴുത്തിന്റെയും അരയുടെയും പുറകിലായി, ശരീരത്തിനുള്ളിൽ ലോഹ കമ്പികൾ കണ്ടെത്തി.
വാലിന് തൊട്ടു മുകളിലുള്ള ശരീരത്തിന്റെ താഴ് ഭാഗം ക്രോക്കർ മത്സ്യത്തിന്റെ ചിതമ്പലുകൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്സ് റേ ഇമേജിങ്, സി ടി സ്‌കാനിങ്, ഫ്ളൂറസെന്റ് എക്സ് - റെ അനാലിസി, ഡി എൻ എ അനാലിസി, റേഡിയോ കാർബൺ ഡേറ്റിങ് തുടങ്ങിയ പരിശോധനകളിലൂടെയായിരുന്നു ശാസ്ത്രജ്ഞർ ഈ രഹസ്യം കണ്ടെത്തിയത്. ഇവയ്ക്കൊപ്പം ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് വച്ചുള്ള നിരീക്ഷണവും നടത്തിയിരുന്നു.
മറുനാടന് ഡെസ്ക്