ലണ്ടൻ: സുരക്ഷാ ഭീഷണിയും, പൊതുജന കോപവും ഭയന്ന് ഹാരിയും മേഗനും ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്തേക്കില്ല എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന റിച്ചാർഡ് ഫിറ്റ്സ്വില്യംസ് പറയുന്നു. രാജകുടുംബവുമായുള്ള ബന്ധം ഉപയോഗിച്ച് മാധ്യമങ്ങളിൽ നിന്നും പണം ഉണ്ടാക്കാനുള്ള ആഗ്രഹപൂർത്തീകരണത്തിന് നല്ലൊരു സാധ്യതയാണ് കിരീടധാരണ ചടങ്ങ് നൽകുന്നത്.

എന്നാൽ, ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെ ഹാരിയുടെയും മേഗന്റെയും ജനപ്രീതി കുത്തനെ ഇടിഞ്ഞതും പലയിടത്തുനിന്നും അവർക്കെതിരെ വന്ന കളിയാക്കലുകളും അവരെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു. അടുത്തിടെ ന്യുസ് വീക്ക് നടത്തിയ ഒരു അഭിപ്രായ സർവേയിൽ അമേരിക്കയിൽ പോലും മേഗന്റെ ജനപ്രീതി മൈനസ് 13 ആയി ഇടിഞ്ഞിരുന്നു. ഹാരിയുടേത് മൈനസ് 7 ഉം.

തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും, ജീവിതത്തിലെ ആദ്യ ലൈംഗികാനുഭവവും, മയക്ക് മരുന്ന് ഉപയോഗവും എല്ലാം തുറന്നെഴുതിയ ഹാരിയും മേഗനും ഇപ്പോൾ പല കോണുകളിൽ നിന്നായി പരിഹാസം ഏറ്റുവാങ്ങുകയാണ്. മാത്രമല്ല, മറ്റു കുടുംബാംഗങ്ങളിൽ നിന്നും തണുത്ത സ്വീകരണമായിരിക്കും ഹാരിക്കും മേഗനും ലഭിക്കുക. ഇതിനൊക്കെ പുറമെ, 25 താലിബാനികളെ വധിച്ചു എന്ന ഹാരിയുടെ പ്രസ്താവന ഉയർത്തുന്ന സുരക്ഷാ ഭീഷണിയും നിലനിൽക്കുന്നു.

മാത്രമല്ല, നെറ്റ്ഫ്ളിക്സിലും ഓർമ്മക്കിൂറിപ്പുകളിലും ഇവർ നടത്തിയ തുറന്നു പറച്ചിലുകൾ കുടുംബാംഗങ്ങൾക്കിടയിൽ ഇവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവരുമായി അധികം സംസാരിക്കാൻ ആരും മുതിരുമെന്നും കരുതാൻ വയ്യ. ഇനിയുമൊരു ഓർമ്മക്കുറിപ്പുകൾ കൂടി പുറത്ത് വന്നേക്കാം എന്ന ഭയത്താൽ കാലാവസ്ഥയെ കുറിച്ചൊ അതുപോലുള്ള പൊതുകാര്യങ്ങളെ കുറിച്ചോ മാത്രമായിരിക്കും കുടുംബാംഗങ്ങൾ ഹാരിയോടും മേഗനോടും സംസാരിക്കുക എന്നും റിച്ചാർഡ് ഫിറ്റ്സ്വില്യംസൺ പറയുന്നു.

പരിഹാസങ്ങളേറ്റു വാങ്ങാൻ മേഗന്റെയും ഹാരിയുടെയും ജീവിതം

സ്വന്തം കുടുംബത്തിനെതിരെ ചെളിവാരിയെറിഞ്ഞ് പണവും പ്രശസ്തിയും നേടാൻ ഒരുങ്ങിപ്പുറപ്പെട്ട ഹാരിയും മേഗനും ഇന്ന് പരിഹാസ കഥാപാത്രങ്ങളാവുകയാണ്. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന അവരുടെ ആവശ്യമാണ് ഇപ്പോൾ എല്ലാവരിലും പരിഹാസം ഉണർത്തുനന്ത്. വാഹ് എന്ന ജീവിചരിത്രം പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് പറയുന്നിടത്താണ് സൗത്ത് പാർക്കിലെ എപിസോഡ് പരിഹാസം ആരംഭിക്കുന്നത്.

ഏതായാലും ഈ പരിഹാസ ശരങ്ങൾ കുറിക്ക് കൊണ്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മേഗനെ ഒരു കാർട്ടൂണിൽ പരിഹാസ്യമായി ചിത്രീകരിച്ചത് ഹാരിയേയും മേഗനേയും കുറച്ച് ദിവസത്തേക്ക് ഏറെ വിഷമിപ്പിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. മേഗന്റെ അഭിഭാഷകർ ഈ എപിസോഡ് സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. വേൾഡ് പ്രൈവസി ടൂർ എന്ന് പേരിട്ടിരിക്കുന്ന ഈ എപിസോഡ് ഇനിയും കൂടുതൽ പരിഹാസ ശരങ്ങൾ എയ്യുമോ എന്നാണ് അവർ നോക്കുന്നത്.

സ്വകാര്യത വേണമെന്ന് ആവശ്യപ്പെടുമ്പോഴും, ഏത് വിധേനയും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ ശ്രമിക്കുന്ന കാനഡയിലെ ഒരു രാജകുമാരന്റെയും രാജകുമാരിയുടെയും കഥയായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. രാജകുമാരന്റെ വാഗ് എന്ന ആത്മകഥക്ക് പ്രചാരണം നൽകാനായി ഇരുവരും ഇറങ്ങിത്തിരിക്കുകയാണ്. ഈ പുസ്തകത്തിന്റെ മുഖചിത്രത്തിന് ഹാരിയുടെ സ്പെയറിന്റെ മുഖ ചിത്രവുമായി ഏറെ സമാനതകളും ഉണ്ട്.