- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിയിട്ട ക്രിമിനൽ! പൊലീസിൽ വീണ്ടും അച്ചടക്ക നടപടി; ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്കും മൂന്ന് എസ്ഐമാർക്കും പിരിച്ചുവിടൽ നോട്ടീസ്; മൂന്ന് ഡിവൈ.എസ്‌പിമാർ ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി
തിരുവനന്തപുരം: ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടി പൊലീസ് സേനയിൽ തുടരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ശിവശങ്കറിനാണ് പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
ക്രിമിനൽ കേസിൽ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടരാൻ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഇൻസ്‌പെക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
21 തവണ വകുപ്പ് തല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. ഇയാൾക്കെതിരേ ബലാത്സംഗം, വധശ്രമം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളുണ്ട്. ശിവശങ്കരനെ കൂടാതെ മൂന്ന് എസ്‌ഐമാരേക്കൂടി പിരിച്ചുവിടാനുള്ള നടപടിയും തുടങ്ങിയതായാണ് വിവരം. ഇതുസംബന്ധിച്ച ഡി.ജി.പി. റേഞ്ച് ഡി.ഐ.ജിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം അയിരൂർ സിഐയായിരുന്ന ജയസനലിനും പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
കാസർഗോഡ് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറായ ശിവശങ്കറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സൂചന ലഭിച്ചപ്പോൾ ഓഫീസിൽ നിന്നും മുങ്ങി. പാലക്കാട്ടെ വീട്ടിൽ പോയാണ് നോട്ടീസ് നൽകിയത്. ശിവശങ്കറിനെതിരായ ഗുരുതരമായ വകുപ്പുതല നടപടികൾ ക്രമസമാധാന ചുമതലയുണ്ടായിരുന്ന മുൻ എഡിജിപി വിജയ് സാക്കറെ നേരത്തെ കുറച്ചിരുന്നു. ഈ കുറ്റങ്ങൾ പുനപരിശോധിച്ചാണ് അഞ്ചുദിവസം പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ശിവശങ്കറിന് നോട്ടീസ് നൽകിയത്.
മെയ് മാസത്തിൽ വിരമിക്കുന്നതിനാൽ പിരിച്ചുവിടൽ ഒഴിവാക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ തള്ളിയാണ് നടപടി. ബേപ്പൂർ കോസ്റ്റൽ സിഐയായിരുന്ന സുനുവിനെയാണ് ഇതിന് മുമ്പ് പിരിച്ചുവിട്ടത്. രണ്ട് ഇൻസ്‌പെക്ടർമാരെ കൂടി പിരിച്ചുവിടാനുള്ള നടപടികൾ പൊലിസ് ആസ്ഥാനത്ത് തുടരുകയാണ്.
മൂന്ന് ഡിവൈഎസ്‌പിമാരെ പിരിച്ചുവിടാനുള്ള റിപ്പോർട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. നിരവധി കേസിൽ പ്രതിയായ മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാൻ റെയ്ഞ്ച് ഡിഐജിമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
ക്രിമിനൽ പ്രവർത്തനങ്ങളിലുൾപ്പെടുകയും ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്ത 59 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തേ തയാറാക്കിയിരുന്നു. പട്ടികയിലുൾപ്പെട്ടവർക്കെതിരായ പരിശോധന ആരംഭിച്ചതിന്റെ ഭാഗമായാണ് ശിവശങ്കരനും ജയസനലിനും നോട്ടീസ് നൽകിയിരിക്കുന്നത്.
പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്നാണ് ജയസനലിനെതിരായ പ്രധാന കേസ്. കൈക്കൂലിയടക്കമുള്ള കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. വിദേശത്തേക്കു കടന്ന പോക്‌സോ പ്രതിയെ വിളിച്ചുവരുത്തി ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പണം വാങ്ങിയെന്നുമാണ് ജയസനലിനെതിരായ പരാതി. സാമ്പത്തിക ആരോപണങ്ങളിൽ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി.
മൂന്ന് ഡിവൈ.എസ്‌പിമാരടക്കം മറ്റ് എട്ടു പേർക്കെതിരെക്കൂടി നടപടിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് ഡി.വൈ.എസ്‌പിമാർ, രണ്ട് സിഐമാർ, മൂന്ന് എസ്‌ഐമാർ എന്നിവർക്കെതിരെയാണ് നടപടികൾ ആരംഭിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ജോലി ചെയ്യുമ്പോൾ വിവിധ കേസുകളിലുൾപ്പെട്ടവരാണ് ഈ ഉദ്യോഗസ്ഥർ.
സംസ്ഥാനത്ത് പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനം ഇന്റലിജൻസും ജില്ല സ്‌പെഷൽ ബ്രാഞ്ചും പരിശോധിച്ചു വരികയാണ്. ഗുണ്ടാബന്ധത്തിന്റെ പേരിൽ ഇതിനകം 14 പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടന്നുവരികയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട 21 ഉദ്യോഗസ്ഥരെ നീക്കം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ