രുകാലത്ത് ഹോളിവുഡിനെ അടക്കി ഭരിച്ചിരുന്ന ഹാർവി വിൻസ്റ്റീൻ ഇപ്പോൾ മറ്റൊരു കേസിൽ കൂടി കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെട്ടിരിക്കുന്നു. നേരത്തേ 2020-ൽ ലൈംഗികാതിക്രമ കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാൾ ന്യുയോർക്ക് സിറ്റി കോടതി തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. 23 വർഷത്തെ തടവിൽ ഇനിയും 20 വർഷം കൂടി കഴിയാനുള്ളപ്പോഴാണ് ഇപ്പോൾ ലോസ് ഏഞ്ചൽസിലെ കോടതി ഇയാൾക്ക് ബലാത്സംഗ കുറ്റത്തിന് 16 വർഷം തടവ് വിധിച്ചിരിക്കുന്നത്.

എന്നാൽ, ഈ കുറ്റം വിൻസ്റ്റീൻ നിഷേധിക്കുകയാണ്. സംഭവസ്ഥലത്ത് പോലും താൻ ഉണ്ടായിരുന്നില്ലെന്നും താൻ ഈ കേസിൽ തികച്ചും നിരപരാധിയാണെന്നുമാണ് വിധിക്ക് ശേഷം ഈ 70 കാരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതിൽ ഇര എന്നവകാശപ്പെടുന്ന നടി തനിക്കെതിരെ ഇതിനു മുൻപ് മൂന്നു തവണ കള്ളപ്പരാതി നൽകിയിട്ടുണ്ടെന്നും, പണം ആവശ്യപ്പെട്ട് കേസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം പിടുങ്ങുന്നതിനുള്ള കളികൾ മാത്രമാണ് അവർ കളിക്കുന്നതെന്നും വിൻസ്റ്റീൻ ആരോപിക്കുന്നു.

നേരത്തേ റഷ്യൻ വംശജയായ ഇറ്റാലിയൻ മോഡലിനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന കുറ്റത്തിന് 23 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. ഈ ശിക്ഷയുടെ കാലാവധി തീർന്നതിനു ശേഷം മാത്രമേ ഇപ്പോൾ ലോസ് ഏഞ്ചൽസ് കോടതി വിധിച്ച 16 വർഷത്തെ തടവ് ശിക്ഷ ആരംഭിക്കുകയുള്ളു. 2013 ഫെബ്രുവരിയിൽ നടന്ന ഒരു സംഭവമാണ് ഈ പുതിയ കേസിന് ആധാരം.

വിധി കേട്ട ഉടനെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു വിൻസ്റ്റീൻ പ്രതികരിച്ചത്. ഈ സ്ത്രീയെ തനിക്ക് അറിയുകയില്ലെന്നും, അവർക്കും തന്നെ അറിയില്ലെന്നും, താൻ നിരപരാധിയാണെന്നും പറഞ്ഞ വിൻസ്റ്റീൻ, തന്നെ ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കരുതെന്ന് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. ഇപ്പോഴത്തെ തടവു കൂടി കണക്കിലെടുത്താൽ വിൻസ്റ്റീന് 107 വയസ്സ് ആകുമ്പോൾ മാത്രമെ ഇയാൾക്ക് ജയിൽ മോചിതനാകുവാൻ സാധിക്കുകയുള്ളു.

2013 ഫെബ്രുവരിയിൽ ലോസ് ഏഞ്ചലസിൽ വെച്ച് ഒരു ഇറ്റാലിയൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനിടയിലായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്ന് ഇര കോടതിയിൽ പറഞ്ഞിരുന്നു. തന്റെ ഹോട്ടൽ മുറിയിലെക്ക് ക്ഷണിക്കപ്പെടാതെ എത്തുകയായിരുന്നു വിൻസ്റ്റീൻ എന്നും അവർ പറഞ്ഞു. തുടർന്ന് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും അവർ പറഞ്ഞു. അതിനു പുറമെ മറ്റൊരു വസ്തുകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി അവർ പറഞ്ഞു.