- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക പ്രശസ്തരായ മാതാപിതാക്കൾ; വായിൽ വെള്ളിക്കരണ്ടിയുമായി ജനനം; ഉയർന്നു വരുന്ന ഫാഷൻ ഡിസൈനർ; എന്നിട്ടും മാതാപിതാക്കളുടെ തണലിൽ നിൽക്കാതെ സാമൂഹ്യരംഗത്തേക്ക്; ബിൽ ഗെയ്റ്റിന്റെ മകൾ ഫീബി വനിത അവകാശങ്ങൾക്കായി രംഗത്തെത്തുമ്പോൾ
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നിൽ, അതിപ്രശസ്തരായ മാതാപിതാക്കൾക്ക് ജനിച്ച ഫീബി ഗെയ്റ്റ്സ് പറയുന്നത് മാതാപിതാക്കളുടെ നിഴലിൽ നിന്നും വിട്ടുമാറി, തന്റെതായ ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കണം എന്നാണ്. മാത്രമല്ല, ആ ആഗ്രഹം പ്രാവർത്തികമാക്കുകയും ചെയ്തിരിക്കുന്നു. കോളേജ് വിദ്യാർത്ഥിനിയും ഫാഷൻ ഡിസൈനറുക്മായ ഈ 20 കാരി ഇതിനോടകം തന്നെ ഫാഷൻ ലോകത്ത് ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.
പ്രശസ്തമായ ന്യുയോർക്ക്-പാരീസ് ഫാഷൻ ഷോകളിലേക്ക് ക്ഷണം ലഭിച്ച അവർ അതിനിടയിൽ ബ്രിട്ടീഷ് വോഗിൽ ഇന്റേൺഷിപ്പും ചെയ്തു. തന്റെ മാതാപിതാക്കൾ ഉണ്ടാക്കിയ സൗഭാഗ്യങ്ങളാണ് ഫീബിയെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് പലരും പറയുമ്പോഴും ബിൽ ഗെയ്റ്റ്സും മുൻ ഭാര്യ മെലിന്ദയും പറയുന്നത് തങ്ങളുടെ മക്കൾ അവരുടെതായ പാത വെട്ടിത്തുറക്കും എന്ന് ഉറപ്പുവരുത്തുകയാണ് തങ്ങൾ എന്നാണ്.
തന്റെ മക്കൾ സമ്പത്ത് കണ്ട് വഴി തെറ്റിപ്പോകാതിരിക്കാൻ തന്റെ സ്വത്തുക്കൾ മുഴുവൻ മക്കൾക്കായല്ല, പാവങ്ങൾക്കായായിരിക്കും ചെലവഴിക്കുക എന്ന് ബിൽ ഗെയ്റ്റ്സ് കൂടെക്കൂടെ ഓർമ്മിപ്പിക്കാറുമുണ്ട്. 107 ബില്യൺ ഡോളറാണ് ബിൽ ഗെയ്റ്റ്സിന്റെ നിലവിലെ ആസ്തി. 2021 മെയ് മാസത്തിൽ വിവാഹമോചനം നേടുന്നതിനു മുൻപുള്ള 27 വർഷക്കാലവും തങ്ങളുടെ മൂന്ന് മക്കൾക്കും സാധാരണ ജീവിതം നൽകാനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത്.
തന്റെ മക്കളെ, 14 വയസ്സ് ആകുന്നത് വരെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല എന്ന് പറയുന്ന ബിൽ ഗെയ്റ്റ്സ് വീട്ടുജോലികളും മക്കൾക്ക് ഭാഗിച്ചു നൽകിയിരുന്നു. ഏഴു കിടപ്പു മുറികൾ ഉള്ള ആഡംബര സൗധത്തിൽ ലളിത ജീവിതം സാധ്യമല്ലെങ്കിലും,കഴിയാവുന്നത് പോലെ സാധാരണക്കാരായിട്ടായിരുന്നു അവരെ വളർത്തിയത്. ഫീബി ഇപ്പോഴും ഒരു ശരാശരി കോളേജ് വിദ്യാർത്ഥിയേക്കാൾ ആർഭാടമായി തന്നെയാണ് ജീവിക്കുന്നതും.
എന്നാൽ, ഇപ്പോൾ ഫീബി തനിക്കായി പുതിയൊരു പാത വെട്ടിത്തുറക്കുകയാണ്. തന്റെ അമ്മയെ പോലെ സ്ത്രീ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുകയാണ് ഈ യുവതിയും. ഗർഭഛിദ്രത്തിനുള്ള അവകാശം, വോട്ടർമാരുടെ അവകാശം എന്നീ വിഷയങ്ങളിൽ ശക്തിയായി ശബ്ദമുയർത്തുകയാണവർ.
മറുനാടന് മലയാളി ബ്യൂറോ