സൻഫ്രാൻസിസ്‌കോ: ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ, ലോകമെമ്പാടുമുള്ള ജീവനക്കാർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും, പണി പോയെന്ന സന്ദേശം ഇ മെയിലിൽ വരാം. ഏറ്റവുമൊടുവിൽ പത്ത് ശതമാനത്തോളം വരുന്ന ജീവനക്കാരെ പിരിച്ചുവിട്ടു. 200-ഓളം പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രൊഡക്റ്റ് മാനേജർമാർ, ഡാറ്റാ സൈന്റിസ്റ്റുകൾ, എഞ്ചിനീയർമാർ ഉൾപ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്.

ചിലർക്ക് ശനിയാഴ്ച രാത്രി വൈകിയാണ് പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത്. മറ്റുചിലർക്കാകട്ടെ, കമ്പനിയുടെ ആഭ്യന്തര സംവിധാനത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ പണി പോയെന്ന് മനസ്സിലായി. അതിനിടെ, എല്ലുമുറിയെ പണിയെടുത്തിട്ടും, ജോലി പോയ ചിലരുടെ കാര്യമാണ് സങ്കടകരം, മുതിർന്ന ജീവനക്കാരിയായ എസ്തർ ക്രോഫോർഡിന്റെ കാര്യം കഷ്ടം എന്നേ പറയേണ്ടതുള്ളു. കഴിഞ്ഞ വർഷം ഓഫീസ് ജോലി തിരക്ക് കാരണം വീട്ടിൽ പോലും പോകാനാവാതെ ഓഫീസിലെ തറയിൽ കിടന്നുറങ്ങുന്ന എസ്തറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ സബ്‌സ്‌ക്രിപ്ഷൻ സേവനമായ ട്വിറ്റർ ബ്ലുവിന്റെ ചുമതലക്കാരിയായിരുന്നു എസ്തർ ക്രോഫോർഡ്. ട്വിറ്ററിന്റെ ബ്‌ളൂ വെരിഫിക്കേഷൻ സബ്സ്‌ക്രിപ്ഷൻ, പുതുതായി അവതരിപ്പിക്കുന്ന പേയ്മെന്റ് പ്‌ളാറ്റ്ഫോം എന്നിവയുടെ മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു എസ്തർ. പണി പോയെന്ന വിവരം അറിഞ്ഞ് എസ്തർ ആകെ ഷോക്കിലാണ്. വിവരം അറിയിച്ചുകൊണ്ടുള്ള ട്വീറ്റിലും ആ നിസ്സഹായവസ്ഥ കാണാം. ' എന്റെ ശുഭാപ്തി വിശ്വാസവും കഠിനാദ്ധ്വാനവും തെറ്റായി പോയെന്ന് തോന്നുന്നു. കളിയാക്കുന്നവരും പരിഹസിക്കുന്നവരും പുറത്തുനിൽക്കുന്നവരാണ്. ഈ ബഹളത്തിനും, കുഴപ്പത്തിനുമിടയിൽ ഒരുടീമിനെ വളർത്തിയെടുത്തതിൽ എനിക്ക് അഭിമാനമുണ്ട്', എസ്തർ ട്വീറ്റ് ചെയ്തു.

മസ്‌ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ എസ്തർ ഇട്ട പോസ്റ്റ് വൈറലായിരുന്നു. ഡെഡ്‌ലൈനുകൾ പാലിക്കാൻ ജീവനക്കാർക്ക് ജോലി ചെയ്യുന്നിടത്ത് തന്നെ ചിലപ്പോൾ ഉറങ്ങേണ്ടി വരും എന്നായിരുന്നു പോസ്റ്റ്. ട്വിറ്ററിന്റെ പുതിയ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പതിവായി പങ്കുവച്ചിരുന്നതുകൊണ്ട് തന്നെ മസ്‌കിന്റെ വിശ്വസ്ത അനുയായി ആയാണ് എസ്തറിനെ പലരും നിരീക്ഷിച്ചത്. കഴിഞ്ഞ വർഷം മറ്റൊരു ട്വീറ്റിൽ എസ്തർ ഇങ്ങനെ പറഞ്ഞു: 'കമ്പനി സിഇഒ പല കാര്യങ്ങളും പരീക്ഷിക്കാൻ തയ്യാറാണ്. ചിലത് പരാജയപ്പെടും, ചിലത് വിജയിക്കും. വിജയകരമായ മാറ്റങ്ങളുടെ ശരിയായ ചേരുവ കണ്ടെത്തി ദീർഘകാല ആരോഗ്യകരമായ വളർച്ച സാധ്യമാക്കുകയാണ് ലക്ഷ്യം'

നവംബറിൽ 3,700 ഓളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. 44 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുത്ത ഇലോൺ മസ്‌കിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. മസ്‌കിന്റെ ഇടപെടലുകൾ നേരത്തെയും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ പരസ്യ ദാതാക്കൾ പരസ്യങ്ങൾ നിർത്തുകയും ചെയ്തിരുന്നു.