ലാഹോർ: തോഷഖാന കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള ഇസ്ലാമാബാദ് പൊലീസിന്റെ നീക്കം പാളിയതിന് പിന്നാലെ വസതിയിൽ തടിച്ചുകൂടിയ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആർക്കു മുന്നിലും തല കുനിക്കില്ലെന്നും പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് പ്രവർത്തകരെ വിളിച്ചുകൂട്ടിയതെന്നും ഇമ്രാൻ ഖാൻ വിശദീകരിച്ചു.

ഐ.എസ്‌ഐ. തലവനേയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനേയും പോലുള്ളവർക്ക് തന്നെ അവരുടെ വഴിയിൽനിന്ന് ഇല്ലാതാക്കണമായിരുന്നു. അതിനായി അവർ തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന് ഇമ്രാൻ ആരോപിച്ചു. ജീവൻ ഭീഷണിയിലാണെന്ന് പറഞ്ഞ ഇമ്രാൻ, അനാവശ്യമായ കേസുകളിൽ കോടതികളിലേക്ക് വിളിപ്പിക്കുന്നുവെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്നും വ്യക്തമാക്കി. വസതിയായ സമാൻ പാർക്ക് റെസിഡൻസിയിൽ തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'തോഷഖാന കേസിൽ പൊതുവിചാരണ വേണം. ഐ.എസ്‌ഐ. തലവൻ ഒരു മനോരോഗിയാണ്. പാക് സൈന്യം കള്ളന്മാരെ രാജ്യത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. സ്വതന്ത്രരാഷ്ട്രത്തിന് മാത്രമേ പുരോഗതിയുണ്ടാവുകയുള്ളൂ. സർക്കാരിനെ നയിക്കുന്നവർ അവരുടെ സമ്പാദ്യം വിദേശത്തേക്ക് കടത്തി.' ഇന്ന് രാജ്യത്ത് അധികാരത്തിലിരിക്കുന്നവരാണ് വസിറാബാദിൽ തനിക്കെതിരായി നടന്ന വധശ്രമത്തിന് പിന്നിലുള്ളതെന്ന ആരോപണവും ഇമ്രാൻ ആവർത്തിച്ചു.

'ഇന്ത്യയിലെ ചാനലുകൾ കണ്ടാൽ എന്തുകൊണ്ടാണ് പാക്കിസ്ഥാൻ ലോകം മുഴുവൻ വിമർശിക്കപ്പെടുന്നത് എന്ന് മനസ്സിലാകും. ഒരു നേതാവ് കാരണമാണ് രാജ്യം അപകീർത്തിപ്പെടുന്നത്. അഴിമതിക്ക് പിടിയിലാവാനിരുന്ന അയാൾ പ്രധാനമന്ത്രിയായി. രാജ്യത്തെ നയിക്കുന്നവർ ക്രിമിനലുകളായാൽ രാജ്യത്തിന് എന്താണ് സംഭവിക്കുക? തെറ്റുകൾക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത രാജ്യം അടിമകളായി തീരും. പാക്കിസ്ഥാൻ പിച്ചയെടുക്കുകയാണ്.'- ഇമ്രാൻ പറഞ്ഞു.

കോടതിയലക്ഷ്യക്കേസിൽ ഇസ്ലാമാബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. അറസ്റ്റിനുള്ള നീക്കത്തിന്റെ ഭാഗമായി ഇമ്രാന്റെ വസതിക്കു മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

കോടതി നിർദേശപ്രകാരം ഇസ്ലാമാബാദ് പൊലീസ് ഇമ്രാന്റെ വസതിയിലെത്തിയിരുന്നു. ലാഹോർ പൊലീസിന്റെ സഹായത്തോടെയാണ് നടപടികളെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചിരുന്നു. പഞ്ചാബ് പൊലീസും സ്ഥലത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇമ്രാന്റെ വസതിയിൽ പൊലീസ് എത്തിയതിന് പിന്നാലെ, അറസ്റ്റ് തടയുകയെന്ന ലക്ഷ്യത്തോടെ മുഴുവൻ പ്രവർത്തകരോടും എത്തിച്ചേരാൻ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് പാർട്ടി (പി.ടി.ഐ.) ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രവർത്തകർ തടിച്ചുകൂടി. കോടതി നിർദ്ദേശം നടപ്പാക്കുന്നത് തടയാൻ ശ്രമിക്കുന്നവർക്കെതിരെ നടപടികളുണ്ടാവുമെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു.

ഇതിന് പിന്നാലെ ഇമ്രാന്റെ മുറിയിലെത്തിയ എസ്‌പിക്ക് അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ഇതിനിടെയിലാണ് ഇമ്രാൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. അതേസമയം, ഇമ്രാൻ വസതിയിൽ ഇല്ലെന്ന് തെറ്റിദ്ധരിപ്പിച്ച പി.ടി.ഐ. നേതാവ് ശിബിലി ഫറാസിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റുവെന്നാണ് കേസ്. ഇത്തരത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോൾ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവിൽക്കുകയും ചെയ്തു എന്നാണ് ആരോപണം.

കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയ തിരഞ്ഞെടുപ്പു കമ്മിഷൻ, പദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. 2018 മുതൽ 4 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ 14 കോടി പാക്ക് രൂപ (ഏകദേശം 5.25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വാങ്ങുകയും വിൽക്കുകയും ചെയ്‌തെന്നാണ് ആരോപണം. ആദ്യം സർക്കാരിനെ ഏൽപിച്ച വസ്തുക്കൾ പിന്നീട് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ വാങ്ങുകയും അനേകം ഇരട്ടി വിലയ്ക്ക് പൊതുവിപണിയിൽ വിൽക്കുകയും ചെയ്തതായി ഇമ്രാൻ തന്നെ സമ്മതിച്ചിരുന്നു