ടൊറന്റോ: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ ഇന്ന് അപൂർവ കാഴ്ചയല്ല. 40 ആഴ്ചയെന്ന ശരാശരി പ്രസവസമയം തികയ്ക്കാതെ 37ാം ആഴ്ചയിലോ അതിന് ഏതാനും ആഴ്ചകൾ മുമ്പോ ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് പ്രിമെച്ച്വർ ബേബീസ് എന്നുവിളിക്കാറുള്ളത്. നാല് മാസം മുമ്പേ പിറന്ന് വീണ് ഗിന്നസ് ലോക റെക്കോഡ് നേടിയിരിക്കുകയാണ് കാനഡയിലെ രണ്ട് ഇരട്ടക്കുട്ടികൾ. ഇരുവർക്കും ഒരുവയസ് തികഞ്ഞപ്പോഴാണ് അംഗീകാരം.

മാർച്ച് നാലിന്, 22 ആഴ്ച പ്രായമുള്ളപ്പോഴാാണ് ആദിയ ലോലിൻ, ആഡ്രിയൽ ലുക്ക നടരാജ എന്നീ കുട്ടികളുടെ ജനനം. എളുപ്പമായിരുന്നില്ല, കുട്ടികളെ രക്ഷിച്ചെടുക്കാൻ എന്ന് മാതാപിതാക്കൾ പറയുന്നു. 'ഞങ്ങളുടെ കൺമുന്നിൽ, രണ്ടുപേരുടെയും ആരോഗ്യം പലവട്ടം വഷളായി. എന്തയാലും ഇപ്പോൾ ഇരട്ടകൾ സുഖമായിരിക്കുന്നു', അവർ പറഞ്ഞു.

ജനിച്ചപ്പോൾ രണ്ടുപേർക്കും കൂടി 750 ഗ്രാമായിരുന്നു ഭാരം. ഈ കുട്ടികൾ ഒരുമണിക്കൂർ മുമ്പേ പിറന്നിരുന്നെങ്കിൽ, തങ്ങൾ രക്ഷിക്കാൻ മുതിരുമായിരുന്നില്ല എന്നാണ് ഡോക്ടർമാർ അന്നുപറഞ്ഞത്.

ആദിയ നല്ല സുന്ദരിക്കുട്ടയായി ഇരിക്കുന്നു. എല്ലാവരോടും ഇണങ്ങുന്ന, ചിരിക്കുന്ന കുട്ടി. ആഡ്രിയാലിനെ രണ്ടുതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നിരുന്നാലും നല്ല പുരോഗതി. പ്രസവത്തിന് മുമ്പ് ആദ്യം ഡോക്ടർമാർ അമ്മ ഷക്കീന രാജേന്ദ്രത്തോട് പറഞ്ഞിരുന്നു കുട്ടികൾ രക്ഷപ്പെടാൻ സാധ്യത കുറവെന്ന്. എന്നാൽ, പിന്നീട് കൂടുതൽ സൗകര്യങ്ങൾ ഉള്ള ടൊറന്റോയിലെ മൗണ്ട് സിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, മാതാപിതാക്കൾക്ക് പ്രതീക്ഷയായി. കുഞ്ഞുങ്ങൾ രക്ഷപ്പെടാൻ 22 ആഴ്ചയെങ്കിലു പ്രായം വേണമെന്നും പറഞ്ഞിരുന്നു.

ഇപ്പോൾ ഒന്റാറിയോയിലെ വീട്ടിലാണ് ഇരട്ടക്കുട്ടികൾ. ആഡ്രിയൽ എപ്പോഴും ആലോചനയിലാണ്. ആദിയ ചിരികളികളിലും. അതാണ് വ്യത്യാസം. നേരത്തെ അയോവയിൽ 2015 ൽ ജനിച്ച ഇരട്ടക്കുട്ടികൾക്കായിരുന്നു റെക്കോഡ്. അവർ 125 ദിവസം നേരത്തെ എത്തിയവരായിരുന്നു.

22 ആഴ്ച പ്രായം മാത്രമുള്ള കുഞ്ഞുങ്ങൾ 28 ശതമാനമാണ് രക്ഷപ്പെടാൻ സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു. 21 ആഴ്ചയും ഒരുദിവസവും മാത്രം പ്രായമുള്ള അലബാമയിൽ നിന്നുള്ള കർട്ടിസ് മീൻസ് എന്ന കുഞ്ഞാണ് ലോകത്ത് രക്ഷപ്പെട്ട ഏറ്റവും മാസം തികയാതെ ജനിച്ച കുഞ്ഞ്.