ലണ്ടൻ: ഗാരി ലിനെക്കർ പണി ചോദിച്ചു വാങ്ങുകയാണെന്ന വാർത്തകൾ പുറത്തുവരുന്നു. ബ്രിട്ടണിൽ ഋഷി സുനകിന്റെ സർക്കാർ കൊണ്ടു വന്ന കുടിയേറ്റ നിയമത്തിനെതിരെ പൊട്ടിത്തെറിച്ച മുൻ ഫുട്ബോൾ താരത്തിനെതിരെ ബി ബി സിയുടെ ന്യുസ് വിഭാഗം ജീവനക്കാർ ഒന്നടങ്കം രംഗത്ത് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കോർപ്പറേഷൻ ഇന്നു വരെ പുലർത്തിയിരുന്ന നിഷ്പക്ഷത തട്ടിയെറിഞ്ഞ് ടോറി സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർത്തിയതിനാണിത്.

ബി ബി സിയിലെ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന അവതാരകനായ ഗാരി ലിനേക്കർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിനെ കുറിച്ച് ബി ബി സി അധികൃതരും ആലോചിക്കുകയാണ്. കുടിയേറ്റനിയന്ത്രണ നിയമത്തെ നാസി ജർമ്മനിയോട് ഉപമിച്ച ലിനേക്കറുടെ ട്വീറ്റാണ് സംഭവങ്ങൾക്ക് നിദാനം. പ്രതിവർഷം 1.35 മില്യൺ പൗണ്ടാണ് അദ്ദേഹം ബി ബി സിയിൽ നിന്നും കൈപ്പറ്റുന്നത്.

എന്നാൽ, അതൊന്നും വകവയ്ക്കാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ലിനേക്കർ. ഇനിയും താൻ സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയും എന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. അതേസമയം, ബി ബി സി അധികൃതർ കൂടുതൽ കരുതലോടെയാണ് പ്രതികരിക്കുന്നത്. നിഷ്പക്ഷതയാണ് ബി ബി സിയുടെ മുഖമുദ്ര എന്നും, അതിനാണ് തങ്ങൾ ഏറെ പ്രാധാന്യം കൽപിക്കുന്നത് എന്നുമായിരുന്നു ഡയറക്ടർ ജനറൽ ടിം ഡേവിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച ലിനേക്കർ ഇട്ട ഒരു ട്വീറ്റ് ആണ് എല്ലാ പ്രശ്നങ്ങള്ക്കും കാരണം. കുടിയേറ്റ നിയന്ത്രണ നിയമം വിവരിക്കുന്ന സുവെല്ല ബ്രേവർമാന്റെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ക്രൂരമായ നയം എന്ന് അദ്ദേഹം കുറിച്ചു. 30 കളിൽ ജർമ്മനി ഉപയോഗിച്ചതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഭാഷയിൽഅവശരോടും അശരണരോടും ഭരണകൂടം പ്രതികരിക്കുന്നു എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.

ഭരണകക്ഷി നേതാക്കളിൽ നിന്നു മാത്രമല്ല, ബി ബി സി ജീവനക്കാരിൽ നിന്നു വരെ ഈ ട്വീറ്റിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ബി ബി സി അധികൃതർ നടപടികൾ സ്വീകരിക്കാതെ മണ്ണിൽ മുഖം താഴ്‌ത്തി ഇരിക്കുകയാണെന്ന് ചില ഭരണകക്ഷി എം പി മാർ ആരോപിച്ചു. സ്വീകാര്യമല്ലാത്തതും നിരാശപ്പെടുത്തുന്നതുമായ പ്രതികരണം എന്നായിരുന്നു ലിനേക്കറുടെ പോസ്റ്റിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. തികച്ചും നിരുത്തരവാദിത്തപരം എന്നായിരുന്നു സുവെല്ല ബ്രേവർമാൻ പ്രതികരിച്ചത്.

ബി ബി സിയുടെ പ്രതിച്ഛായ തകർക്കുന്ന നടപടി എന്നാണ് ലിനേക്കറുടെ ട്വീറ്റിനെ കുറിച്ച് ബി ബി സി ജീവനക്കാർക്കിടയിലെ പൊതു അഭിപ്രായം. ലിനേക്കറുടെ ഈ ട്വീറ്റിനെതിരെ ബി ബി സിക്കുള്ളിൽ അമർഷം ശക്തമാവുകയാണെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ലിനേക്കർ സ്വമേധയാ ഒഴിഞ്ഞു പോകുമെന്നും ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.