തിരുവനന്തപുരം: എല്ലാം ചുവക്കുകയാണ് കേരളത്തിൽ. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചത് ചുവപ്പു നിറത്തിലായിരുന്നു. ചോദ്യപേപ്പർ കറുപ്പിനു പകരം ചുവപ്പിൽ അച്ചടിച്ച ചോദ്യ പേപ്പർ കണ്ട് പലരും ഞെട്ടി. കറുപ്പ് കണ്ണിന് വേഗത്തിൽ പിടിക്കും. എന്നാൽ ചുവപ്പിൽ ചില പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ ചുവപ്പ് ചോദ്യപേപ്പറിനോട് സമ്മിശ്രമായാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്. ചുവപ്പു നിറം പ്രശ്‌നമല്ലെന്നായിരുന്നു ചില വിദ്യാർത്ഥികളുടെ പ്രതികരണം. അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചിലർ പറഞ്ഞു.

വിഷയത്തിൽ ട്രോളുകളും സജീവമാണ്. ഇനി കറുപ്പ് കണ്ടാൽ ഹാലിളകുന്ന പിണറായിയെ പേടിച്ചിട്ടെങ്ങാനും ചുവപ്പ് മഷിയിൽ അച്ചടിച്ചതാണോ ......? പിണറായിക്കാലം ....-ഇതാണ് ഒരു സോഷ്യൽ മീഡിയാ പ്രതികരണം. ആ ചോദ്യപ്പേപ്പർ കണ്ടാൽ അറിയാം..വെളുത്ത പേപ്പറിലുള്ള ചുവന്ന എഴുത്തുകളിലേക്ക് കൂടുതൽ നേരം നോക്കി ഇരിക്കാൻ കഴിയില്ല,കണ്ണു വേദന അനുഭവപ്പെടും, ഇത് വിദ്യാർത്ഥികൾക്ക് സുഗമമായും, ശാന്തമായും പരീക്ഷ എഴുതുന്നതിനു തടസ്സമാകും, ആദ്യ പരീക്ഷക്ക് ശേഷം വിദ്യാർത്ഥി കളിൽ നിന്ന് തന്നെ വ്യാപകമായ പരാതി ഉയരാൻ സാധ്യതയുണ്ട്-ഇതാണ് മറ്റൊരു കമന്റ്.

എന്നാൽ കരുതലാണ് ഇതിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നു. അതേസമയം, ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചോദ്യം. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. അതായത് ഭാവിയിലും ചോദ്യ പേപ്പർ ചുമപ്പാകാൻ സാധ്യത ഏറെയാണ്.

4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയും എഴുതുന്നുണ്ട്. ആകെ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2,023. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ്‌ ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണയ ക്യാംപുകൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

അതിനിടെ ചോദ്യപേപ്പർ ചുവപ്പു മഷിയിൽ അച്ചടിച്ചതിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രംഗത്ത്. ചോദ്യപേപ്പർ പച്ച മഷികൊണ്ടാകാത്തത് ഭാഗ്യമായെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇല്ലെങ്കിൽ താൻ രാജി വയ്‌ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് പരിഹസിച്ചു. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം.

ഇല്ലെങ്കിൽ ഞാൻ രാജി വയ്‌ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം 'പാരമ്പര്യ കല'കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.-അബ്ദുറബ്ബ് പറയുന്നു.