ലണ്ടൻ: അമ്മയുടെ സ്വത്തുക്കൾ പങ്കുവയ്ക്കാൻ തയ്യാറാകാത്ത ചാൾസ് രാജാവിന്റെ നടപടിയിൽ ആൻഡ്രു രാജകുമാരൻ അമർഷത്തിലാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ഏകദേശം 650 മില്യൺ പൗണ്ട് മൂല്യം വരുന്ന രാജ്ഞിയുടെ സ്വത്തിന്റെ ഏക അവകാശിയാണ് ചാൾസ് രാജാവ്. എന്നാൽ, തങ്ങൾക്കും കൂടി അവകാശപ്പെട്ട സ്വത്ത് പങ്കുവയ്ക്കാത്തതിലാണ് ആൻഡ്രൂ രാജകുമാരന് അമർഷം.

അതേസമയം, രാജാധികാരിയുടെ സ്വത്തുക്കൾ അടുത്ത രാജാധികാരിക്ക് കൈമാറ്റം ചെയ്യുന്ന രീതിയാണ് കൊട്ടാരം പിന്തുടർന്ന് വരുന്നത്. 1993 ൽ ആയിരുന്നു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അതുവഴി ഇൻഹെരിറ്റൻസ് ടാക്സ് ഒഴിവാക്കാം എന്നതിനാലാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ, ഈ സമ്പ്രദായം പിന്തുടരുമ്പോൾ രാജ്ഞിയുടെ മറ്റ് മക്കൾക്കൊന്നും സ്വത്ത് ലഭിക്കുകയില്ല.

ഇതാണ് ആൻഡ്രുവിനെ നിരാശനാക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞു.. ഓരോ തവണയും രാജാവിന് മുൻപിൽ ചെന്ന് കൈനീട്ടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ആൻഡ്രുവിനെ പരിശീലിപ്പിക്കാൻ റോയൽ ലോഡ്ജിൽ തങ്ങുന്ന ഇന്ത്യൻ യോഗ ഗുരുവിന്റെ 32,000 പൗണ്ടിന്റെ ഫീസ് നൽകാൻ ചാൾസ് വിസമ്മതിച്ചു എന്ന വാർത്തക്കൊപ്പമാണ് രാജകുടുംബത്തിലെ സ്വത്ത് തർക്കവും പുറത്ത് വന്നിരിക്കുന്നത്.

ഇപ്പോൾ, സ്വന്തമായി വരുമാനം ഉണ്ടാക്കുവാൻ ആൻഡ്രുവും ഹാരിയുടെ മാർഗ്ഗം തിരഞ്ഞെടുത്തേക്കും എന്ന അഭ്യുഹങ്ങളും പുറത്തു വരുന്നുണ്ട്. ഒരു പ്രൈം ടൈം അഭിമുഖത്തിലൂടെയായിരിക്കും തുടക്കം എന്നും പറയപ്പെടുന്നു. എന്നാൽ, ആൻഡ്രുവിനെ പ്രത്യേകം ലക്ഷ്യം വച്ചുള്ള ഒരു നടപടിയും ചാൾസ് രാജാവ് കൈക്കൊള്ളുന്നില്ല എന്നാണ് കൊട്ടാരം വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ മക്കളെയും ഒരുപോലെ കണ്ട് സഹായിച്ച എലിസബത്ത് രാജ്ഞി തന്റെ മരണ ശേഷവും മക്കൾക്ക് എല്ലാവർക്കും ജീവിക്കാനുള്ള വഴിയും ഒരുക്കി വെച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു.

രാജകുടുംബത്തിലെ കടമകൾ നിർവഹിക്കുന്ന അംഗങ്ങൾ എന്ന നിലയിൽ എഡ്വേർഡിനും ആൻ രാജകുമാരിക്കും സ്‌റ്റൈപ്പൻഡ് ലഭിക്കുന്നുണ്ട്. എന്നാൽ, ചുമതലകളിൽ നിന്നും മൂന്ന് വർഷം മുൻപ് ഒഴിവാക്കപ്പെട്ട ആൻഡ്രുവിന് അതില്ല. മാത്രമല്ല, ലക്ഷക്കണക്കിന് പൗണ്ട് നൽകിയാണ് അമേരിക്കയിലെ ലൈംഗിക പീഡന കേസ് ഒത്തു തീർത്തത് എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പണം സ്വരൂപിക്കാൻ ആൻഡ്രുവിനെ മറ്റ് കുടുംബാംഗങ്ങൾ സഹായിച്ചതായി പറയപ്പെടുന്നു.

ഔദ്യോഗിക ചുമതലകളോ ജോലിയോ ഇല്ലാത്ത ആൻഡ്രു ഇപ്പോൾ പരിപൂർണ്ണമായും തന്റെ ജ്യേഷ്ഠന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ഇപ്പോൾ ബക്കിങ്ഹാം കൊട്ടാരത്തിലെ റോയൽ ലോഡ്ജിൽ നിന്നും ഒഴിയുവാൻ ആൻഡ്രു നിർബന്ധിതനായിരിക്കുന്നു. മേഗനും ഹാരിയും ഒഴിയുന്ന ഫ്രോഗ്മോർ കോട്ടേജിലേക്കായിരിക്കും ആൻഡ്രു താമസം മാറ്റുക. ഇത്തരത്തിലൊരു മാറ്റം നേരത്തേ രാജ്ഞി തന്നെ നിർദ്ദേശിച്ചിരുന്നതായി കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.