- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി ഇടപെട്ട് തടഞ്ഞതിൽ വൻ ജനരോഷം; ശക്തമായ എതിർപ്പ് അറിയിച്ച് ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികൾ; വയനാട്ടിൽ നിന്നും കുങ്കിയാനകളെ കൊണ്ടു വരുന്നതും നീട്ടി; കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്: കോട്ടയത്ത് ഇന്ന് ഉന്നതതല യോഗം
കോട്ടയം: ഇടുക്കിയിലെ അരികൊമ്പൻ ദൗത്യത്തിന് ഹൈക്കോടതി ഇടപെട്ട് നടപടികൾ തടഞ്ഞതിൽ ജനരോഷം. ദൗർഭാഗ്യകരമായ നടപടിയാണെന്നും, ഏറെക്കാലത്തെ ആവശ്യമാണ് ഹൈക്കോടതി തടഞ്ഞതെന്നും ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതികരിച്ചു. ജനങ്ങളും പ്രതിഷേധത്തിലാണ്. ആനയുടെ ആക്രമണത്തിന് ഇരകളായ പ്രദേശവാസികളും ശക്തമായ എതിർപ്പ് അറയിച്ചു. കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും എംപി പറഞ്ഞു .
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ഇന്ന് കോട്ടയത്ത് ചേരും. നടപടികൾ ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തിൽ വയനാട്ടിൽ നിന്ന് മറ്റു രണ്ടു കുങ്കിയാനകളെ കൊണ്ടുവരുന്നതും നീട്ടി. ഉന്നത തല യോഗത്തിന് ശേഷം ആനകളെ കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കും. ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹർജിയാണ് തിരിച്ചടിയായത്. അപ്പീൽ നൽകുന്നതും പരിഗണനയിലുണ്ട്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കോട്ടയത്താണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചത്. ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാകും പ്രധാന ചർച്ച. ആനയ്ക്ക് റേഡിയോ കോളർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തോ എന്ന് ചോദിച്ചാണ് കോടതി ആനയെ പിടികൂടുന്നത് 29 വരെ തടഞ്ഞത്. ജനങ്ങളുടെ ഇടയിൽ നില നിൽക്കുന്ന പ്രതിഷേധമടക്കം പരിഗണിച്ചാവും സർക്കാരും വനം വകുപ്പും തുടർ നിലപാട് കൈക്കൊള്ളുക കഴിഞ്ഞ രാത്രി 8 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.
കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ദൗത്യം നീട്ടിവെക്കാൻ ഹൈക്കോടതി നിർദ്ദേശം. മയക്കുവെടി വെക്കുന്നത് ഈ മാസം 29-ന് കേസ് പരിഗണിച്ചതിന് ശേഷം മതിയെന്നും കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ആനയെ 29 വരെ മയക്കുവടി വയ്ക്കാൻ പാടില്ല. എന്നാൽ ഈ കാലയളവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ