വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വൈക്കം വലിയ കവലയിലെ മന്നം പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ ശിവഗിരി മഠത്തിലെ സന്യാസിമാർക്ക് പ്രവേശനം നിഷേധിച്ചത് വിവാദത്തിൽ. എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ചുമതലയിലുണ്ടായിരുന്നവർ തടഞ്ഞത്.

സത്യഗ്രഹ ശതാബ്ദിയുടെ ഭാഗമായി പുഷ്പാർച്ചനയ്ക്കാണ് വന്നതെന്നും അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ചുമതലയിലുണ്ടായിരുന്നവർ അനുവദിച്ചില്ല. തുടർന്ന് സംഘം പുഷ്പാർച്ചന നടത്താതെ സന്യാസിമാരടങ്ങുന്ന സംഘം മടങ്ങി. വൈക്കം സത്യഗ്രഹം നടന്ന മണ്ണിൽ ഇന്നും ഇത്തരം സങ്കുചിത മനോഭാവം വച്ചു പുലർത്തുന്നത് മന്നത്ത് പത്മനാഭനെ പോലുള്ള മഹാത്മാക്കൾക്ക് അപമാനമാണെന്ന് സ്വാമി ശുഭാംഗാനന്ദ ഇതിനോട് പ്രതികരിച്ചു.

മന്നത്ത് പത്മനാഭന് മുൻപിൽ ഇപ്പോഴും തീണ്ടാപ്പലകയുള്ളതായി സംശയമുണ്ടെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ മൂല്യം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലൊരു സംഭവമെന്നും സ്വാമി പറഞ്ഞു.

'വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളെയും ആദരിക്കാനാണ് എത്തിയത്. ടി കെ മാധവന്റെയും പെരിയോറിന്റെയും പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് മന്നത്തിന്റെ പ്രതിമയ്ക്ക് മുൻപിലെത്തിയത്. എന്നാൽ മുൻകൂട്ടി അനുവാദം വാങ്ങിയാൽ മാത്രമേ കയറാൻ കഴിയൂയെന്ന് പറഞ്ഞ് അവിടെ നിന്നിരുന്നവർ ഞങ്ങളെ തിരികെ അയക്കുകയായിരുന്നു,' സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

''വൈക്കം സത്യഗ്രഹത്തിന്റെ മൂല്യങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന സംഭവമാണുണ്ടായത്. മന്നത്ത് പത്മനാഭനെപ്പോലെയുള്ള നവോത്ഥാന നേതാക്കളെ ചില വിഭാഗങ്ങളുടെ സ്വകാര്യ സ്വത്തായി കരുതുന്നത് ശരിയല്ല. ശ്രീനാരായണ ഗുരുദേവനെ അങ്ങനെയല്ല ഞങ്ങൾ കരുതുന്നത്. ഇത്തരം സംഭവങ്ങൾ മന്നത്തിനെ അപമാനിക്കുന്നതിന് തുല്യമാണ്'' - സ്വാമി പ്രതികരിച്ചു.

വിവിധ വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാരും നായർ സർവീസ് സൊസൈറ്റിയും തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ നേതൃത്വം തീരുമാനിച്ചിരുന്നു. ആഘോഷ സംഘാടക സമിതിയുടെ ഭാഗമാകില്ലെന്നാണ് നേരത്തെ എൻ.എൻ.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചത്.

.എൻഎസ്എസ് ജനറൽ സെക്രട്ടറിയെ സംഘാടക സമിതിയുടെ വൈസ് ചെയർമാനിൽ ഒരാളായി തെരഞ്ഞെടുത്തതായി വാർത്തായിലൂടെയാണ് അറിഞ്ഞതെന്ന് സുകുമാരൻ നായർ പറയുന്നു. കമ്മിറ്റി അംഗമെന്ന നിലയിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിലവിലെ സാഹചര്യം അനുകൂലമല്ല. എൻ.എസ്.എസ് കമ്മിറ്റിയുടെ ഭാഗമല്ലെങ്കിലും സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഞങ്ങൾക്ക് അഭിമാന നിമിഷമാണെന്ന് സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

വൈക്കം സത്യഗ്രഹ സമരം കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ചതായും വിപ്ലവകരമായ ഈ സംരംഭങ്ങളിൽ മന്നം വഹിച്ച പങ്കിന് ചരിത്രം സാക്ഷിയാണെന്നും സുകുമാരൻ നായർ പറഞ്ഞു.