തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും.

വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയിൽ ദുരിതാശ്വാസനിധി കേസും ഉൾപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിർകക്ഷികൾ. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമവിഗ്ധർ പറയുന്നു.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലിസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതിന് എതിരായ പരാതിയിലാണ് കേസെടുത്തത്.

ദുരിതാശ്വാസനിധി കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്..

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റന്റ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെതിരെയാണ് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്.

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു. 2022 മാർച്ച് 18ന് വാദം പൂർത്തിയായി. ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞില്ല.

ലോകായുക്തയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാൽ പഴയ നിയമമാണ് നിലനിൽക്കുന്നത്. ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിർബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്.