തിരുവനന്തപുരം: ഇന്ന് കേരള രാഷ്ട്രീയത്തിന് അതിനിർണ്ണായകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹർജിയിൽ ലോകായുക്ത ഇന്നു വിധി പറയും. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു പിണറായി മാത്രമായതിനാൽ അദ്ദേഹത്തെ സംബന്ധിച്ചു നിർണായകമാണു വിധി. വിധി എതിരായാൽ പിണറായിക്ക് രാജിവയ്‌ക്കേണ്ടി വരും. എന്നാൽ വിധി അനുകൂലമായാൽ അത് സർക്കാരിന് രാഷ്ട്രീയ കരുത്താകുകയും ചെയ്യും.

ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത സാഹചര്യത്തിൽ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ പിണറായിക്ക് രാജിവയ്‌ക്കേണ്ടി വരും. അല്ലാത്ത പക്ഷം ഗവർണ്ണർക്ക് പിണറായിയെ പുറത്താക്കാം. വിധി എതിരായാൽ അതിവേഗ അപ്പീൽ നൽകാനും പിണറായി നീക്കം നടത്തുന്നുണ്ട്.

വാദം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹൈക്കോടതി നിർദേശ പ്രകാരം ഹർജിക്കാരൻ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. വിധിയുടെ വിവിധ തലങ്ങൾ സിപിഎം ചർച്ച ചെയ്തിട്ടുണ്ട്. എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നൽകിയതും പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി.എൻജിനീയർ ആയി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നൽകിയതുമാണ് പ്രധാന ആരോപണങ്ങൾ.

കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സർക്കാർ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നൽകിയതും കേസിൽ ആരോപണ വിധേയമായി. കഴിഞ്ഞ പിണറായി സർക്കാരിൽ കെടി ജലീലിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ലോകായുക്താ വിധിയെ തുടർന്നാണ്. അന്ന് അപ്പീൽ നൽകാനെല്ലാം സമയമെടുത്തായിരുന്നു ജലീലിന്റെ രാജി. പിണറായി രാജിവയ്‌ക്കേണ്ടി വന്നാൽ പകരം സംവിധാനം എന്താകുമെന്നതിൽ ചർച്ച എല്ലാ കേന്ദ്രങ്ങളിലും പുരോഗമിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തിൽ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹർജിയിൽ ലോകായുക്ത വെള്ളിയാഴ്ച വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും.

വെള്ളിയാഴ്ച വിധി പറയേണ്ട കേസുകളുടെ പട്ടികയിൽ ദുരിതാശ്വാസനിധി കേസും ഉൾപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിതരണം സംബന്ധിച്ചാണ് പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എതിർകക്ഷികൾ. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമവിഗ്ധർ പറയുന്നു.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. ദുരിതാശ്വാസനിധി കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്..

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു.

ലോകായുക്തയിൽ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാൽ പഴയ നിയമമാണ് നിലനിൽക്കുന്നത്. ലോകായുക്ത വിധി എതിരായാൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിർബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്.