പ്രണയത്തിനു കണ്ണില്ല എന്നതുപോലെ പ്രായവും ബാധകമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മാധ്യമ രാജാവ് റൂപർട്ട് മുഡ്രോക്ക്. ഈശ്വര സ്മരണയിൽ നല്ലൊരു മരണവും കാത്ത് സാധാരണക്കാർ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്ന പ്രായത്തിൽ വീണ്ടുമൊരു പ്രണയത്തിൽ അകപ്പെട്ടിരിക്കുകയാണ് മുഡ്രോക്ക്. പ്രണയം തലക്ക് പിടിച്ച കാമുകൻ, കാമുകിക്ക് പ്രണയ സമ്മാനമായി നൽകിയത് 20 കോടി രൂപ വിലമതിക്കുന്ന മോതിരമാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് ലോകത്ത് ലഭ്യമായതിൽ ഏറ്റവും മനോഹരങ്ങളായ മോതിരങ്ങളിൽ ഒന്ന് എന്ന് ആഭരണ രംഗത്തെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയ മോതിരവും അണിഞ്ഞു നിൽക്കുന്ന കാമുകി ആൻ ലെസ്ലി സ്മിത്തിന്റെ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മുഡ്രോക്ക് തന്നെ നേരിട്ട് തിരഞ്ഞെടുത്ത് ഇക്കഴിഞ്ഞ മാർച്ച് 17 ന് തന്റെ കാമുകിയുടെ വിരലിൽ അണിയിച്ചതാണത്രെ ഈ 11 കാരറ്റ് രത്ന മോതിരം.

മുഡ്രോക്ക് അഞ്ചാമതും കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ദിവസം ന്യു യോർക്ക് പോസ്റ്റ് എഴുതിയിരുന്നു. താൻ തീരെ അസ്വസ്ഥനാണെന്നും പ്രണയിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം ന്യു യോർക്ക് പോസ്റ്റിനോട് പറഞ്ഞിരുന്നു. എന്നാൽ ഇത് തന്റെ അവസാനത്തെ പ്രണയമായിരിക്കുമെന്ന് അറിയാമെന്നും അതുകൊണ്ട് തന്നെ താൻ കൂടുതൽ സന്തോഷവാനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റേഡിയോ- ടി വി എക്സിക്യു്യൂട്ടീവും പാശ്ചാത്യ സംഗീതജ്ഞനുമായിരുന്ന ചെസ്റ്റർ സ്മിത്തിന്റെ ഭാര്യയാണ് ഇപ്പോൾ മുഡ്രോക്കിന്റെ കാമുകിയായ ആൻ ലെസ്ലി സ്മിത്ത്. ചെസ്റ്റർ സ്മിത്ത് 2008 ൽ മരണമടഞ്ഞിരുന്നു. മാധ്യമ രംഗത്തുള്ള പ്രവർത്തനത്തിലൂടെയാണ് ഇരുവരും അടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും ഇത് ദൈവം നൽകിയ സമ്മാനമാണെന്നാണ് 66 കാരിയായ ആൻ ന്യുയോർക്ക് പോസ്റ്റിനോട് പറഞ്ഞത്.

കഴിഞ്ഞ 14 വർഷമായി ഒരു വിധവയായി കഴിയുന്ന താൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു മുഡ്രോക്കിനെ കണ്ടുമുട്ടിയതെന്ന് അവർ പറഞ്ഞു. മുഡ്രോക്കിനെ പോലെ ആഗോള സാന്നിദ്ധ്യമില്ലായിരുന്നെങ്കിൽ കൂടി തന്റെ ഭർത്താവും നിരവധി പ്രാദേശിക റേഡിയോ- ടി വി ചാനലുകൾ വളർത്തിയെടുത്ത ഒരു ബിസിനസ്സുകാരനാണ്. അതുകൊണ്ടു തന്നെ മുഡ്രോക്കിന്റെ ഭാഷ തനിക്ക് സംസാരിക്കാൻ കഴിയുമെന്നും അവർ പറയുന്നു.

ഈയാഴ്‌ച്ച ലോസ് ഏഞ്ചലസിലെ വിമാനത്താവളത്തിൽ മുഡ്രോക്കിനൊപ്പം ആൻ എത്തിയത് പ്രണസമ്മാനമായി ലഭിച്ച മോതിരവും അണിഞ്ഞു കൊണ്ടായിരുന്നു. ഒരു ഡെന്റിസ്റ്റ് ആയി ജീവിതം ആരംഭിച്ച ആൻ ലെസ്ലി സ്മിത്ത് പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിയുകയയിരുന്നു. അതിനിടയിൽ മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. അറ്റോർണി ആയ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചതിനു ശേഷമായിരുന്നു ചെസ്റ്റർ സ്മിത്തിനെ വിവാഹം കഴിച്ചത്. 2008-ൽ സ്മിത്ത് മരിക്കുന്നതു വരെ ഈ ബന്ധം തുടർന്നിരുന്നു.