- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്‌ഐ ജില്ലാ നേതാവ് ഉൾപ്പെട്ട കേസ് പിൻവലിക്കണമെന്ന് ആവശ്യം; പാലക്കാട് ഗവ. കോളേജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് എസ്എഫ്‌ഐ പ്രവർത്തകർ: കുഴഞ്ഞുവീണ പ്രിൻസിപ്പലിനെ മോചിപ്പിച്ചത് പൊലീസ് എത്തി
പാലക്കാട്: പാലക്കാട് ഗവ. കോളേജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് എസ്എഫ്‌ഐ പ്രവർത്തകർ. എസ്എഫ്‌ഐ ജില്ലാ നേതാവ് ഉൾപ്പെട്ട കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിനെ ഒരു സംഘം എസ്എഫ്‌ഐ പ്രവർത്തകർ ചേർന്നു തടഞ്ഞുവച്ചത്. മുറിയിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ നടന്ന പ്രതഷേധത്തിനിടെ കുഴഞ്ഞുവീണ പ്രിൻസിപ്പലിനെ പൊലീസ് എത്തിയാണു മോചിപ്പിച്ചത്. സംഭവത്തിൽ പ്രിൻസിപ്പളിനെ തടഞ്ഞു വയ്ക്കുകയും പ്രിൻസിപ്പിളിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കോളജ് വിദ്യാർത്ഥികളായ 27 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
കോളജ് പ്രിൻസിപ്പൽ കെ.വി.മേഴ്‌സിയെ ആണ് പ്രതിഷേധക്കാർ മണിക്കൂറുകളോളം മുറിയിൽ തടഞ്ഞുവെച്ചത്. പ്രിൻസിപ്പലിന്റെ പരാതിയിൽ റിജു കൃഷ്ണൻ, മുഹമ്മദ് സുഹൈൽ, സഞ്ജയ്, സ്‌നേഹ, റോഷിനി, ചാരുത, സംവൃത എന്നിവർക്കും കണ്ടാലറിയുന്ന 20 പേർക്കുമെതിരെ പൊലീസ് കേസ് എടുത്തു. എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളജ് യൂണിയനും കോളജിലെ കായികതാരങ്ങളും തമ്മിൽ മുൻപുണ്ടായ തർക്കവും അത് കേസിലേക്ക് എത്തിയതുമാണ് സംഭവങ്ങളിലേക്കു നയിച്ചത്.
കോളേജിലെ കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ നൽകിയത് എസ്എഫ്‌ഐ നേതാക്കൾ ചോദ്യംചെയ്തിരുന്നു. കൂടാതെ എസ്എഫ്‌ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ മാർച്ച് 24നു പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തി. തുടർന്ന് പ്രിൻസിപ്പൽ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകി. ഇതിൽ ഒമ്പതു പേർക്കെതിരെ മങ്കര പൊലീസ് കേസെടുത്തിരുന്നു. ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കൾ പ്രിൻസിപ്പലിനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. സംഭവം അറിഞ്ഞ് പ്രശ്‌നം തീർക്കാൻ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്.
ഈ കേസ് ഒത്തു തീർപ്പാക്കാൻ കെ.ശാന്തകുമാരി എംഎൽഎ, പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി.സ്വാമിനാഥൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യൂണിയൻ ഭാരവാഹികളും പ്രിൻസിപ്പലുമായി വീണ്ടും ചർച്ച നടത്തി. അഭിഭാഷകനുമായി സംസാരിച്ചു കേസ് പിൻവലിക്കാമെന്ന ധാരണയിൽ പ്രിൻസിപ്പൽ എത്തിയിരുന്നതായും വിവരമുണ്ട്. എന്നാൽ, കേസിൽ നിന്നും പ്രിൻസിപ്പൽ പിന്മാറിയില്ല. കഴിഞ്ഞ ദിവസം കേസിന്റെ മഹസർ തയാറാക്കുന്നതിനു മങ്കര എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് കോളജിൽ എത്തിയതോടെയാണു പ്രകോപിതരായ എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചത്.
മുറിയിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ നടന്ന പ്രതിഷേധത്തിനിടെ ഭക്ഷണം കഴിക്കാനോ വൈദ്യുതി നിലച്ചപ്പോൾ ഇൻവെർട്ടർ പ്രവർത്തിപ്പിക്കാനോ അനുവദിച്ചില്ല. മുദ്രാവാക്യം മുഴക്കിയ കുട്ടികൾക്കിടയിൽ പ്രിൻസിപ്പൽ കുഴഞ്ഞു വീണതോടെ മങ്കര ഇൻസ്‌പെക്ടർ കെ.ഹരീഷ്, എസ്‌ഐ കെ.ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.