- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022 ൽ യു കെയിൽ റെജിസ്റ്റർ ചെയ്ത 26,321 ഡോക്ടർമാരിൽ 12,148 പേരും വിദേശ ഡോക്ടർമാർ; കഴിഞ്ഞ വർഷം ആകെ മെഡിസിൻ പഠിക്കാൻ ചേർന്നത് 7000 ബ്രിട്ടീഷുകാർ; യു കെയിലെ വിദേശ ഡോക്ടർമാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ പഠിച്ചു പാസ്സായവർ
ലണ്ടൻ: കഴിഞ്ഞ വർഷം എൻ എച്ച് എസി ചേർന്ന വിദേശ ഡോക്ടർമാരുടെ എണ്ണം കഴിഞ്ഞ വർഷം വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്ന ബ്രിട്ടീഷുകാരെക്കാൾ കൂടുതൽ. 2022-ൽ 12,000 ൽ അധികം വിദേശ ഡോക്ടർമാർ എൻ എച്ച് എസിൽ ജോലിക്ക് കയറിയപ്പോൾ വിവിധ സ്ഥാപനങ്ങളിലായി മെഡിസിന് പഠിക്കാൻ ചേർന്നത് 7000 ബ്രിട്ടീഷ് വിദ്യാർത്ഥികൾ മാത്രം എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൈഗ്രേഷൻ വാച്ച് യു കെ ശേഖരിച്ച ഈ കണക്കുകൾ പറയുന്നത്, കഴിഞ്ഞവർഷം എൻ എച്ച് എസ്സിൽ ജോലിക്ക് കയറിയ ഡോക്ടർമാരിൽ പകുതിയോളം പേർ വിദേശികളാണെന്നാണ്.
സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ കൃത്യവിലോപമാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതെന്ന് മൈഗ്രേഷൻ വാച്ച് കുറ്റപ്പെടുത്തുന്നു. യു കെയിലെ വിദ്യാർത്ഥികൾക്കായി കൂടുതൽ മെഡിക്കൽ സീറ്റുകൾ മാറ്റിവയ്ക്കണം എന്നുംഅവർ ആവശ്യപ്പെടുന്നു. ഇന്നലെ പ്രസിദ്ധപ്പെടുത്തിയ കണക്കിൽ പറയുന്നത് 2022 ൽ എൻ എച്ച് എസ് ഇംഗ്ലണ്ട് 26,321 ഡോക്ടർമാരെ റിക്രൂട്ട് ചെയ്തു എന്നാണ്. അതിൽ 12,148പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതായത് 46 ശതമാനം പേർ വിദേശികളാണ് എന്നർത്ഥം. അതിൽ തന്നെ മഹാഭൂരിപക്ഷം യൂറോപ്യൻ യൂണിയനു വെളിയിൽ നിന്നുള്ളവരും. 10193 പേർ യൂറോപ്യൻ യൂണിയന് വെളിയിൽ ഉള്ളവരാണ്.
കുടിയേറ്റം നിയന്ത്രിക്കുന്നതിനായി വിവിധ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന മൈഗ്രേഷൻ വാച്ച് യു കെ പറയുന്നത് കഴിഞ്ഞവർഷം മെഡിക്കൽ പഠനത്തിന് ചേർന്ന ബ്രിട്ടീഷ് വിദ്യാർത്ഥികളേക്കാൾ 75 ശതമാനം അധികം വരും ബ്രിട്ടനിലെത്തിയ വിദേശ ഡോക്ടർമാരുടെ എണ്ണം എന്നാണ്. 2018-ൽ 6222 ഡോക്ടർമാരെയായിരുന്നു വിദേശങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്തത്. കഴിഞ്ഞവർഷം അത് ഇരട്ടിയായി വർദ്ധിച്ചു. ഇതേ കാലയളവിൽ പക്ഷെ ബ്രിട്ടീഷ് മെഡിക്കൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് കേവലം 17 ശതമാനം മാത്രമാണെന്നും മൈഗ്രേഷൻ വാച്ച് ചൂണ്ടിക്കാട്ടുന്നു.
വരുന്ന വർഷങ്ങളിൽ എൻ എച്ച് എസിൽ ജോലിക്ക് കയറുന്ന ഡോക്ടർമാരിൽ ഭൂരിപക്ഷവും വിദേശികൾ ആയിരിക്കുമെന്നാണ് ഇത് കാണിക്കുന്നതെന്ന് അവർ പറയുന്നു. അതായത്, ആരോഗ്യ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർക്ക് വിദേശികളെ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാകും. വൈദ്യശാസ്ത്രം പഠിക്കാൻ താത്പര്യപ്പെട്ട ബ്രിട്ടീഷുകാരായ 10,000 ൽ അധികം വിദ്യാർത്ഥികളുടെ അപേക്ഷകൾ കഴിഞ്ഞവർഷം തള്ളിക്കളഞ്ഞതായി മൈഗ്രേഷൻ വാച്ച് പറയുന്നു.
സർക്കാർ ഫണ്ടിംഗിൽ ഉള്ള പരിധി കാരണം 7500 ൽ അധികം തദ്ദേശീയർക്ക് സീറ്റ് നൽകാൻ കഴിയുന്നില്ല എന്നും അവർ ചൂണ്ടിക്കാണിച്ചു. എൻ എച്ച് എസിൽ ഡോക്ടർമാരുടെ ക്ഷാമം അതി കഠിനമാണ്. കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഉയര്ന്നു കഴിഞ്ഞു. ഇംഗ്ലണ്ടിൽ മാത്രം ഏകദേശം 1,30,000 ഡോക്ടർമാരുടെ ഒഴിവുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വിദേശികളെ കൂടുതലായി ആശ്രയിക്കാതിരിക്കാൻ യു കെ വിദ്യാർത്ഥികൾക്കുള്ള സീറ്റുകളുടെ എണ്ണം 8500 ആക്കണമെന്നുംഅവർ ആവശ്യപ്പെടുന്നു.
നേരത്തെ യു കെ മെഡിക്കൽ സ്‌കൂൾ കൗൺസിലും യു കെ വിദ്യാർത്ഥികൾക്കായി 5000 സീറ്റുകൾ അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. വികസിത രാജ്യമായ ബ്രിട്ടൻ എന്തിനാണ് ആരോഗ്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷക്കും മറ്റു രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നതെന്നും അവർ ചോദിച്ചിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുവാനായി മാത്രം കഴിഞ്ഞ വർഷം എൻ എച്ച് എസ് ഏകദേശം 584 മില്യൺ പൗണ്ട് കഴിഞ്ഞവർഷം ചെലവാക്കിയിരുന്നു. റിക്രൂട്ട്മെന്റ് ഏജൻസികളുടെ കമ്മീഷൻ, വിദേശ യാത്രകൾ, വിസകൾ എന്നിവയുൾപ്പടെയാണ് ഈ ചെലവ്.
മറുനാടന് മലയാളി ബ്യൂറോ