കണ്ണൂർ: സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്‌ളാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല അറിയിച്ചു സർക്കാർ അടിയന്തര സഹായം നൽകണം എന്നും ഇവർ ആവശ്യപ്പെട്ടു.

കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ. 48 വയസായിരുന്നു. സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. വിമുക്തഭടൻ കൂടിയാണ് കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ.

ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. സംഘർഷത്തിൽ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണ്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്.

സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർക്ക് വേണ്ട നിർദേശങ്ങൾ കൈമാറി കഴിഞ്ഞു. ആൽബർട്ടിന്റെ പിതാവിനെ നേരിൽ വിളിക്കുകയും വേണ്ട സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആൽബർട്ടിന്റെ കുടുംബം അവിടെ സുരക്ഷിതരെന്ന വിവരവും അദ്ദേഹത്തെ അറിയിച്ചു. വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണത്തിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും വി.മുരളീധരൻ പറഞ്ഞു.

ഇന്നലെ രാത്രിയായിരുന്നു ആൽബർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ടത്. താമസിച്ചുകൊണ്ടിരുന്ന ഫ്ളാറ്റിലെ ജനൽ വഴിയാണ് ആൽബർട്ടിന് വെടിയേറ്റത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ. ആറു മാസമായി സെക്യൂരിറ്റി മാനേജറായി ജോലി ചെയ്തു വരികയാണ്. രണ്ടാഴ്ച മുൻപാണ് ഭാര്യ സൈബല്ലയും ഇളയ മകൾ മാറീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെയെത്തിയത്. അഗസ്റ്റിന്റെ മകൻ ഓസ്റ്റിൻ കാനഡയിലാണ്.

ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചിരുന്നു. സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ ഒട്ടേറെ തവണ വെടിവയ്‌പ്പുണ്ടായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ.