തിരുവനന്തപുരം: മോട്ടർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ പ്രവർത്തിക്കുന്നത് സോളർ എനർജി ഉപയോഗിച്ച്. അതുകൊണ്ട് തന്നെ മാറ്റി സ്ഥാപിക്കലും എളുപ്പം നടക്കും. ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി മനസിലാക്കിയും ക്യാമറകൾ തിരിച്ചറിയാൻ കഴിയുന്ന ആപ്പുകൾ ഉപയോഗിച്ചും നിയമലംഘനം നടത്താൻ സംവിധാനമുണ്ട്. ഈ സാഹചര്യത്തിലാണ് ക്യമാറകൾ മാറ്റി സ്ഥാപിക്കുക. 675 എഐ ക്യാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിട്ടുള്ളത്.

എഐ ക്യാമറയിലൂടെ കിട്ടുന്ന ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിൽനിന്ന് ജില്ലാ ആർടിഒ എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ കൈമാറും. അവിടെ നിന്നു നോട്ടിസ് തയാറാക്കി വാഹന ഉടമകൾക്ക് നൽകും. അതോടൊപ്പം, വാഹന ഡാറ്റാ ബേസിൽ ഇ ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തി വെർച്വൽ കോടതിയിലേക്ക് റഫർ ചെയ്യും. അതിനാൽ പിഴ അടച്ചേ മതിയാകു. ആല്ലെങ്കിൽ വാഹനം കരിമ്പട്ടികയിൽ പ ടെും.

എഐ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമുകളിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്ന മറ്റു കുറ്റങ്ങൾക്കു കൂടി നോട്ടിസ് തയാറാക്കി അയയ്ക്കുന്നതും പരിഗണനയിലുണ്ട്. തൽകാലം അതുണ്ടാകില്ല. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും.

കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ കഴിയുന്ന രീതിയിലും, നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിശോധന കൂടുതൽ കാര്യക്ഷമമായും തെറ്റു സംഭവിക്കാത്ത രീതിയിലും സ്വയം പരിഷ്‌ക്കരിക്കുന്ന രീതിയിലുമുള്ള ഡീപ് ലേണിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ആണ് എഐ ക്യാമറകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

ചലാനുകളെ സംബന്ധിച്ചുള്ള പരാതികൾക്ക് അതത് ജില്ലാ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടണം. ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടിസുകൾ തയാറാക്കി അയയ്ക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കിയതും കെൽട്രോൺ ആണ്. 166 കോടി രൂപയാണ് ചെലവ്. കെൽട്രോൺ ചെലവാക്കിയ തുക 5 വർഷ കാലാവധിയിൽ 20 തുല്യ ത്രൈമാസ ഗഡുക്കളായി സർക്കാർ നൽകും.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും.

കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ചു കെൽട്രോൺ വഴിയാണു നടപ്പാക്കുക. നിയമലംഘനം വാഹന ഉടമയ്ക്കും സ്പോട്ടിൽ മനസ്സിലാക്കാൻ സാധിക്കും എന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. ക്യാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും.

നമ്പർ ബോർഡ് സ്‌കാൻ ചെയ്ത് വാഹൻ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കാനുള്ള സംവിധാനവുമുണ്ട്. രേഖകൾ കൃത്യമല്ലെങ്കിൽ അക്കാര്യവും ക്യാമറ തന്നെ കണ്ടെത്തും. സ്ഥലം മാറ്റാൻ കഴിയുന്ന തരത്തിലാണ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. കേബിളുകൾക്കു പകരം മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ഇവ കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജത്തിലാണ് പ്രവർത്തനം. പെട്ടെന്ന് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന തൂണുകളാണ് ക്യാമറകൾ സ്ഥാപിക്കാനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങൾക്കനുസരിച്ച് ക്യാമറകൾ മാറ്റാനാകും.

തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകൾ കൂടുതൽ സ്ഥാപിച്ചിരിക്കുന്ന ജില്ലകൾ. മിക്ക ജില്ലകളിലും നാൽപതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പിഴ ഓൺലൈനായി അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റും അടയ്ക്കന്നതിന് 30 ദിവസം വരെ സമയമുണ്ട്. നിശ്ചിത സമയം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും.

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഇവ റോഡുകൾക്ക് സമീപം സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. ക്യാമറകളുടെ നിയന്ത്രണത്തിനായി കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ വാഹനങ്ങളെ സംബന്ധിച്ച് നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ ഡാറ്റകൾ കിട്ടാൻ വൈകിയതാണ് എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കുന്നത് വൈകാൻ ഇടയാക്കിയത്.