വത്തിക്കാൻ സിറ്റി: വീണ്ടും ചരിത്രമെഴുതി ഫ്രാൻസിസ് മാർപാപ്പ. സമാനതകളില്ലാത്ത തീരുമാനമാണ് മാർപാപ്പ എടുക്കുന്നത്. കത്തോലിക്കാ സഭാ മെത്രാന്മാരുടെ സിനഡിൽ പ്രതിനിധികളായി പങ്കെടുക്കുന്ന സ്ത്രീകൾക്ക് വോട്ടവകാശം നൽകാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. സഭാകാര്യങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അത്മായർക്കു കൂടുതൽ പങ്കാളിത്തം നൽകുന്നതിന്റെ ഭാഗമായുള്ള ചരിത്ര തീരുമാനമാണിത്. ഒക്ടോബറിലാണ് അടുത്ത സിനഡ്. സഭയിൽ സ്ത്രീ പ്രാതിനിധ്യം ഇനി കൂടും. സാധാരണക്കാരായ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിൽ കൂടുതൽ അഭിപ്രായ പ്രാമുഖ്യം നൽകുന്നതാണ് പരിഷ്‌ക്കരണ നടപടികൾ. ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളെ സിനഡിൽ ഉൾപ്പെടുത്താനും തീരുമാനമായി.

കത്തോലിക്കാ സഭയിലെ നവീകരണം പുതിയ തലത്തിലെത്തുകയാണ്. സഭയിൽ നവീകരണത്തിനു തുടക്കമിട്ട 1962-65 ലെ രണ്ടാം വത്തിക്കാൻ സുന്നഹദോസിനു ശേഷം സഭയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ വിളിച്ചുകൂട്ടുന്ന മെത്രാൻ സിനഡിൽ ലോകമെങ്ങും നിന്നുള്ള മെത്രാന്മാർക്കു പുറമേ സന്യാസ സഭാ പ്രതിനിധികളായി 5 വൈദികരും 5 കന്യാസ്ത്രീകളും പങ്കെടുക്കാറുണ്ട്. പുതിയ തീരുമാനം ഈ രീതികളെ എല്ലാം മറ്റി മറിക്കുന്നു. ഇതോടെ കൂടി സ്ത്രീകളുടെ ശബദവും സഭയിൽ നിർണ്ണായകമാകും.

സിനഡിലെ ചർച്ചകൾക്കു ശേഷം നിർദ്ദേശങ്ങൾ വോട്ടിനിട്ട് തീരുമാനത്തിലെത്തി മാർപാപ്പയ്ക്കു സമർപ്പിക്കും.വോട്ടവകാശം പുരുഷന്മാർക്കു മാത്രമായിരുന്നു. സന്യാസ സഭാ പ്രതിനിധികളായി പങ്കെടുക്കുന്ന കന്യാസ്ത്രീകൾക്കും ഇനി വോട്ടവകാശം ഉണ്ടായിരിക്കും. ദീർഘനാളായുള്ള ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്. ഓഡിറ്റർ ചുമതലയിൽ സിനഡിൽ പങ്കെടുത്തിരുന്ന 70 പേർക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇതു നിർത്തലാക്കി. പകരം 35 സ്ത്രീകളുൾപ്പെടെ വോട്ടവകാശമുള്ള 70 പ്രത്യേക പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

ഇവരിൽ വൈദികരും സന്യസ്തരും അത്മായരും ഉണ്ടായിരിക്കും. ഈ വർഷത്തെ പ്രാദേശിക സിനഡ് യോഗങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന 140 പേരുടെ പട്ടികയിൽ നിന്നാണ് മാർപാപ്പ ഇവരെ തിരഞ്ഞെടുക്കുക. നടപടികളെല്ലാം സുതാര്യമാക്കും. അതിലൂടെ കൂടുതൽ ജനാധിപത്യപരമായ തീരുമാനങ്ങൾ സഭാ സിനഡിലുണ്ടാകും. പട്ടികയിൽ യുവജനങ്ങൾക്ക് പ്രാധാന്യം ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്. വത്തിക്കാൻ ഭരണസമിതികളിൽ നിന്നുള്ള പ്രതിനിധികളെ മാർപാപ്പ നേരിട്ട് തിരഞ്ഞെടുക്കും. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ 10 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനു നൽകുന്ന 20 പേരുടെ പട്ടികയിൽ 10 പേർ സ്ത്രീകളായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

സഭയിൽ തീരുമാനമെടുക്കാൻ സ്ത്രീകൾക്കും തുല്യപരിഗണന നൽകണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്. ബിഷപ്പുമാരുടെ സിനഡിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളിൽ പരിഷ്‌ക്കാരത്തിന് മാർപാപ്പ അനുമതി നൽകിയതായി വത്തിക്കാൻ അറിയിച്ചു. നിശ്ചിത കാലയളവിൽ ലോകത്തിലെ ബിഷപ്പുമാരെ ഒന്നിച്ചു കൂട്ടുന്ന വത്തിക്കാനിലെ സംവിധാനമാണ് ബിഷപ്പുമാരുടെ സിനഡ്.

സഭയെ നവീകരിച്ച 1960 ലെ രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമാണ് സിനഡിന്റെ ഭാഗമായി ലോകത്തെ ബിഷപ്പുമാരെ റോമിലേക്ക് വിളിക്കുന്ന രീതി ആരംഭിച്ചത്. ഏതാനും ആഴ്ച നീളുന്ന സിനഡിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും തീരുമാനവുമുണ്ടാകും. യോഗത്തിന്റെ അവസാനം ബിഷപ്പുമാർ നിർദ്ദേശങ്ങൾ വോട്ടിനിടുകയും തീരുമാനം ബിഷപ്പിന് സമർപ്പിക്കുകയും ചെയ്യും. ഇതുകൂടി പരിഗണിച്ചാണ് നിർണായക വിഷയങ്ങളിൽ മാർപാപ്പ അന്തിമരേഖ തയ്യാറാക്കുക. നിലവിൽ വനിതകൾക്ക് സിനഡിൽ വോട്ടവകാശം ഇല്ല. ഈ സമ്പ്രദായമാണ് മാറുന്നത്.

പുരോഹിതന്മാർക്കും ബിഷപ്പുമാർക്കും കർദിനാൾമാർക്കും വളരെക്കാലമായി വിട്ടുകൊടുത്തിരുന്ന സഭാ കാര്യങ്ങളിൽ, സാധാരണ വിശ്വാസികൾക്കും വലിയ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ ഭേദഗതികൾ. ഒക്ടോബർ നാല് മുതൽ 29 വരെയാണ് അടുത്ത സിനഡ് തീരുമാനിച്ചിരുക്കുന്നത്. യുവാക്കളെ കൂടി ഉൾപ്പെടുത്തുക ലക്ഷ്യമിട്ടാണ് ബിഷപ്പുമാരല്ലാത്ത അംഗങ്ങളെയും സമിതിയിൽ ചേർക്കുന്നത്.