നയ്‌റോബി: പട്ടിണികിടന്നു മരിച്ചാൽ സ്വർഗത്തിൽ പോകാമെന്നും ദൈവത്തെ കാണാമെന്നുമുള്ള മത പുരോഹിതന്റെ വാക്കുകേട്ട് ആഹാരവും വെള്ളവുമുപേക്ഷിച്ച് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 103 ആയി. മരണത്തിന് കാരണക്കാരനായ ഗുഡ്‌ന്യൂസ് ഇന്റർനാഷണൽ ചർച്ച് എന്ന കൂട്ടായ്മയുണ്ടാക്കിയ എൻതെംഗെ പോൾ മക്കെൻസീ എൻതെംഗെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

തീരനഗരമായ മാലിന്ദിയിൽ നിന്നാണ് കുട്ടികളുടേതടക്കമുള്ളവരുടെ മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തത്. അതേസമയം വനത്തിനുള്ളിൽ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി. പ്രദേശത്ത് പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഗുഡ്‌ന്യൂസ് ഇന്റർനാഷണൽ ചർച്ച്' എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കി പോൾ മക്കെൻസീ എൻതെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരിൽക്കാണാനും പട്ടിണി കിടക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തത്.

തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തിനുള്ളിലെ കൂട്ടകുഴിമാടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ കുഴിമാടമുൾപ്പടെയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന് ചുറ്റുമുള്ള 325 ഹെക്ടർ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. പ്രദേശത്ത് നിന്നും കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് നിന്നും അടുത്തകാലത്തായി 112 പേരെ കാണാതായതായി പൊലീസ് പറഞ്ഞു. കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെയാണ് കണ്ടെത്താനുള്ളത്. നടന്നത് വലിയ കുറ്റകൃത്യമാണ്. ഇതിന് പ്രേരിപ്പിച്ച പുരോഹതനടക്കമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെനിയയുടെ ആഭ്യന്തര മന്ത്രി കിത്തുരെ പറഞ്ഞു. മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മക്കെൻസിയുടെ അടുത്ത അനുയായികളടക്കം ആറു പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.

സമുദ്രതീരത്തുള്ള മലിന്ദി പട്ടണത്തിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇതേത്തുടർന്ന് വെള്ളിയാഴ്ചമുതൽ ഇവിടത്തെ വനമേഖലയിൽ നടത്തുന്ന തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ആഴംകുറഞ്ഞ കുഴികുത്തി, മൂടിയനിലയിലായിരുന്നു അവ. എൻതെംഗെയുടെ വിശ്വാസധാരയിൽപ്പെട്ടവർ ഇനിയുമുണ്ടെന്നും അവർ ഇവിടത്തെ കുറ്റിക്കാടുകളിൽ ഒളിച്ചിരിപ്പുണ്ടെന്നും പൊലീസ് പറയുന്നു.

ഇവിടെനിന്ന് ഏതാനുംപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. 2019-ലും കഴിഞ്ഞമാസവും എൻതെംഗെ അറസ്റ്റിലായിരുന്നു. രക്ഷിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന രണ്ടുകുട്ടികൾ പട്ടിണികൊണ്ടു മരിച്ചതിനാലായിരുന്നു കഴിഞ്ഞമാസത്തെ അറസ്റ്റ്. എന്നാൽ, ഒരുലക്ഷം കെനിയൻ ഷില്ലിങ്ങിന്റെ (57,348 രൂപ) ജാമ്യത്തിൽ വിട്ടയച്ചു. ഈ കേസിലെ വിചാരണ മെയ്‌ രണ്ടിനു നടക്കാനിരിക്കെയാണ് ഷകഹോലയിലെ മരണങ്ങൾ. ഇത്തരം മതസംഘങ്ങളെ ഇല്ലായ്മചെയ്യുമെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.