- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
41 കാരൻ ഇനി പണി മതിയാക്കി വീട്ടിലിരിക്കാൻ കോടതി; ലോകമെമ്പാടും ബീജദാനം ചെയ്ത ഡച്ചുകാരന് 600 ഓളം കുട്ടികൾ; ഇനി മേലിൽ ബീജദാനം ചെയ്യാൻ ജോനാഥൻ മെയ്ജർക്ക് വിലക്ക്; കുട്ടികളില്ലാത്ത ദമ്പതികളെ സഹായിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ജോനാഥനും
ഹേഗ്: ഇനി മതിയാക്കാം എന്ന കർശന നിർദ്ദേശമാണ് ഈ 41 കാരന് ഡച്ച് കോടതി വെള്ളിയാഴ്ച നൽകിയത്. ജോനാഥൻ ജേക്കബ് മെയ്ജറാണ് നായകൻ, അതോ വില്ലനോ? വേറൊന്നുമല്ല, ബീജദാനമാണ് ഇയാളുടെ മുഖ്യ ഹോബി. ബീജദാനത്തിലൂടെ ഇതിനകം ലോകമെമ്പാടും ഇയാൾ 500 നും 600 നും ഇടയിൽ കുട്ടികളുടെ പിതാവായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ക്ലിനിക്കുകളിൽ ഇനി ബീജം ദാനം ചെയ്യുന്നതിന് ജോനാഥന് വിലക്കുണ്ടാകും. ബീജം ദാനം ചെയ്യാൻ ശ്രമിച്ചാൽ 1,00,000 യൂറോ (90,41,657 രൂപ) പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിലുണ്ട്.
പുറംരാജ്യങ്ങളിലെ ക്ലിനിക്കുകളിൽ സൂക്ഷിച്ചിരുന്ന തന്റെ ബീജം നശിപ്പിക്കാൻ ആവശ്യപ്പെട്ട് ജോനാഥൻ കത്തെഴുതാനും കോടതി ഉത്തരവിട്ടു. ജോനാഥൻ മെയ്ജറെ ഡോണറായി ഉപയോഗിച്ച ഡച്ച് മാതാപിതാക്കളുടെയും കുട്ടികളുടെയും താൽപര്യം സംരക്ഷിക്കാൻ ജോനാഥന്റെ മക്കളിൽ ഒരാളുടെ അമ്മയും ഡോണർകൈൻഡ് എന്ന ഫൗണ്ടേഷനും നൽകിയ സിവിൽ കേസിലാണ് കോടതി ഉത്തരവ്. തന്റെ ബീജം സ്വീകരിച്ചുണ്ടായ കുട്ടികളുടെ യഥാർഥ കണക്ക് ജോനാഥൻ മറച്ചുവച്ചെന്നും ജഡ്ജി ഹെസെലിങ്ക് പറഞ്ഞു. ഈ കുട്ടികൾക്ക് ഇപ്പോൾ അവരുടെ സമ്മതമില്ലാതെ തന്നെ നൂറുകണത്തിനു അർധസഹോദരങ്ങളാണുള്ളതെന്ന് ജഡ്ജി പറഞ്ഞു.
ജോനാഥൻ മെയ്ജർ ദാതാവായ കുട്ടികളുടെ സ്വകാര്യ ജീവിതത്തിന്റെ ലംഘനത്തിന് തുടർച്ചയായ ബീജദാനം ഇടയാക്കുമെന്നായിരുന്നു വാദം. ഡച്ച് നിയമമനുസരിച്ച്, ബീജദാതാക്കൾ 12ൽ കൂടുതൽ സ്ത്രീകൾക്ക് ദാനം ചെയ്യാൻ പാടില്ല. 25ൽ കൂടുതൽ കുട്ടികളുടെ പിതാവാകാനും പാടില്ല. നൂറുകണക്കിനു സഹോദരങ്ങൾ ഉണ്ടെന്നറിഞ്ഞ് കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ തടയാനാണിത്. ഒരേ പ്രദേശത്ത് ഒരാളുടെ ബീജത്തിൽ നിന്നു തന്നെ നിരവധി കുട്ടികളുണ്ടായാൽ സഹോദരങ്ങൾ തമ്മിലുള്ള വിവാഹത്തിലേക്കും ലൈംഗികബന്ധത്തിലേക്കും അത് എത്തിച്ചേരാനും സാധ്യതയുണ്ട്.
2017 ലാണ് ജോനാഥൻ മെയ്ജർ വ്യാപകമായി ബീജം ദാനം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇയാളെ ഡച്ച് ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ ബീജദാനം ചെയ്യുന്നതിൽ നിന്ന് വിലക്കി. നെതർലൻഡ്‌സിൽ അതിനകം ഇയാൾ 100 കുട്ടികളുടെ അച്ഛനായിരുന്നു. ഇതുകാര്യമാക്കാതെ ഇയാൾ രാജ്യത്തിന് പുറത്ത് ബീജദാനം ചെയ്യാൻ തുടങ്ങി. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഡാനിഷ് സ്‌പേം ബാങ്കായ ക്രയോസിന് വേണ്ടിയും ജോനാഥൻ ബീജദാനം ചെയ്തു. ഇതുകൂടാതെ വ്യത്യസ്തമായ പേരുപയോഗിച്ചും മറ്റും ഡോണർ സൈറ്റുകൾ വഴിയും ബീജദാനം തുടർന്നു.
ചട്ടങ്ങൾ ലംഘിക്കാൻ ജോനാഥന് കഴിഞ്ഞത് ഒരു കേന്ദ്രീകൃത രജിസ്റ്റർ ഇല്ലാത്തതുകൊണ്ടായിരുന്നു. വിദേശത്തും മറ്റും എത്ര കുട്ടികളുടെ അച്ഛനായി എന്നതിന് ക്യത്യമായ കണക്കില്ല. കുട്ടികളുണ്ടാകാത്ത ദമ്പതികളെ സഹായിക്കുക മാത്രമാണ് ജോനാഥൻ ചെയ്തതെന്നായിരുന്നു ഇയാളുടെ അഭിഭാഷകന്റെ കോടതിയിലെ വാദം. ഡോണറുടെ മൗലികാവകാശങ്ങളക്കാൾ ബീജദാനത്തിന് ഇരകളായ കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപര്യങ്ങൾക്കാണ് മുന്തിയ പരിഗണന നൽകേണ്ടതെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ