- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മൾ ഇപ്പോഴും നാലുവരി പാത തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആവേശം കൊള്ളുന്നു; ഇവിടൊരു രാജ്യം വാഹനങ്ങൾ ഓടുമ്പോൾ ബാറ്ററി തന്നെ ചാർജ്ജാവുന്ന റോഡുകൾ കണ്ടെത്തി; ലോകത്തെ ആദ്യ ഇ ഹൈവേയുമായി സ്വീഡൻ; വാഹനങ്ങൾ തന്നെ ചാർജ്ജാവും
വെളിച്ചം വിതറുന്ന നാലുവരിപ്പാത കാണാൻ വിനോദ സഞ്ചാരികൾ എത്തും എന്ന് ഊറ്റം കൊള്ളുന്നവരുടെ നാട്ടിൽ തീർത്തും അവിശ്വസനീയമായ വാർത്തയായിരിക്കും ഇത്. ഒരു ത്രില്ലർ സിനിമയിലെ സംഭവങ്ങൾ പോലെ അതിഭാവുകത്വം ചേർത്തുണ്ടാക്കിയ വാർത്ത. എന്നാൽ ഇത് കഥയല്ല, കാര്യമാണ്. റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ തന്നെ സ്വയം ചാർജ്ജിംഗും ആകുന്ന ഒരു സാഹചര്യം നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ അത് യാഥാർത്ഥ്യമാവുകയാണ്.
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവെ നിർമ്മിക്കാൻ ഒരുങ്ങുകയാണ് സ്വീഡൻ. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജ്ജ് ചെയ്യാൻ ഈ റോഡുകൾക്ക് ആകും. യൂറോപ്യൻ റൂട്ട് ഇ 20 യിൽ ഹാൾസ്ബെർഗ് നഗരത്തിനും ഓറെബ്രോ നഗരത്തിനും ഇടയിലുള്ള 21 കിലോമീറ്റർ ദൂരമാണ് ആദ്യമായി ഇ റോഡ് ആക്കി മാറ്റുക. സ്വീഡനിലെ വൻ നഗരങ്ങളായ സ്റ്റോക്ക്ഹോം, ഗോതെൻബർഗ്, മാല്മോ എന്നിവയ്ക്ക് ഇടയിലായാണ് ഈ സ്ഥലം.
2035 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വിൽക്കുന്ന എല്ലാ കാറുകളും സീറോ കാർബൺ എമിഷൻ ഉറപ്പ് നൽകുന്നവയായിരിക്കണം എന്ന് യൂറോപ്യൻ യൂണിയൻ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ വേണം ഈ പുതിയ ആശയത്തെ കാണാൻ. കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കുവാൻ ഹൈവെ വൈദ്യൂതവത്ക്കരണം അത്യാവശ്യമാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
നേരത്തെ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് റെയിൽ 2018 ൽ സ്വീഡൻ പരീക്ഷിച്ചിരുന്നു. ആർലാൻഡ് വിമാനത്താവളത്തിനും റോസെർബെർഗിനും ഇടയിലുള്ള 1.6 കിലോ മീറ്റർ ദൂരത്തിലായിരുന്നു ഇലക്ട്രിക് ചാർജ്ജിങ് റെയിൽ പരീക്ഷണം നടത്തിയത്. അതിനു പുറകെയാണ് ഇപ്പോൾ വാഹനങ്ങൾ ചാർജ്ജ് ചെയ്യാൻ സഹായിക്കുന്ന ഹൈവേയുമായി സ്വീഡൻ എത്തുന്നത്.
ഇപ്പോൾ ഇതിന്റെപ്രവർത്തനങ്ങൾ പ്രാരംഭ ദശയിലാണ്. 2025 ഓടെ പണി പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഈ റോഡിൽ ഉപയോഗിക്കുന്ന ചാർജ്ജിങ് രീതി ഏതാണെന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല. മൂന്ന് തരത്തിലുള്ള ചാർജ്ജിങ് രീതികളാണ് ഇതിനായി ഉപയോഗിക്കുക, കറ്റേനറി സിസ്റ്റം, ഇൻഡക്ടീവ് സിസ്റ്റം, കൻഡക്ടീവ് സിസ്റ്റം എന്നിവയാണ് അവ. ഇതിൽ കറ്റേനറി സിസ്റ്റത്തിൽ വൈദ്യൂതി വിതരണം ചെയ്യുവാൻ പുറത്തേക്ക് തള്ളി നിൽക്കുന്ന വയറുകൾ ഉപയോഗിക്കും എന്നതിനാൽ, പ്രത്യേക തരത്തിലുള്ള ബസ്സുകൾ, ട്രക്കുകൾ പോലുള്ള ഹെവി വാഹനങ്ങൾക്ക് മാത്രമെ ഇത് ഉപയോഗിക്കാൻ കഴിയുകയുള്ളു.
അതേസമയം കൻഡക്ടീവ് സിസ്റ്റം പ്രവർത്തിക്കുന്നത്, സ്മാർട്ട് ഫോണുകളുടെ വയർലെസ് ചാർജ്ജിങ് സിസ്റ്റത്തിന്റെ മാതൃകയിലാണ്. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പാഡിൽ നിന്നോ പ്ലേറ്റിൽ നിന്നോ വാഹനങ്ങൾക്ക് ഊർജ്ജം ലഭിക്കും. അതേസമയം, ഇൻഡക്ടീവ് സിസ്റ്റത്തിൽ, വൈദ്യൂതി പ്രവഹിക്കുക ഭൂമിക്കടിയിൽ കുഴിച്ചിട്ട ചില ഉപകരണങ്ങളിൽ നിന്നായിരിക്കും. ഇത് വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോയിലേക്ക്പ്രവഹിക്കും.
മൊത്തം അഞ്ച് ലക്ഷം കിലോമീറ്ററോളം ദൂരമാണ് സ്വീഡനിലെ റോഡുകൾക്ക് ഉള്ളത്. എന്നാൽ, ഹൈവേകളിൽ മാത്രമെ ഇത്തരത്തിലുള്ള ചാർജ്ജിങ് സംവിധാനം ഉണ്ടാക്കുകയുള്ളു. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജ്ജാകും എന്നതാണ് ഇതിന്റെ പ്രത്യേകത. 2045 ആകുമ്പോഴേക്കും 3000 കിലോമീറ്ററിൽ ഇത്തരത്തിൽ വൈദ്യൂതി വത്ക്കരണം നടപ്പിലാക്കാനാണ് സ്വീഡൻ ഉദ്ദേശിക്കുന്നത്. മാത്രമല്ല, ഈ മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം സ്വീഡനും സംയുക്തമായി ഗവേഷണങ്ങൾ നടത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ