ന്യൂഡൽഹി: എൻഡിഎയുടെ കരുത്തിൽ ഒന്നിച്ച് മുന്നേറാൻ മൂന്നാം നരേന്ദ്ര മോദി സർക്കാർ. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലികൊടുത്തതോടെ മൂന്നാം മോദി സർക്കാർ യാഥാർഥ്യമായി. ബിജെപിയുടെ അതികായന്മാരായ നേതാക്കൾ അടക്കം 72 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. 30 കാബിനറ്റ് മന്ത്രിമാർ. ആറ് പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാർ എന്നിവർ ഉൾപ്പെട്ടതാണ് മൂന്നാം മോദി സർക്കാർ.

രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽ ബിഹാരി വാജ്‌പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

നരേന്ദ്ര മോദിയെ രാഷ്ട്രപതി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂർത്തിയായപ്പോൾ സദസിൽനിന്ന് കരഘോഷമുയർന്നു. മുതിർന്ന നേതാവ് രാജ്‌നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിൻ ഗഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയിൽ ഇടംപിടിച്ചു.

ദേശീയ അദ്ധ്യക്ഷനായ ജെ.പി നഡ്ഡ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. നിലവിൽ രാജ്യസഭാംഗമായ നിർമല, കാബിനറ്റിൽ കഴിഞ്ഞ അഞ്ച് വർഷം ധനവകുപ്പ് കൈകാര്യം ചെയ്ത നേതാവാണ്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാൽ ഖട്ടാർ, എച്ച് ഡി കുമാരസ്വാമി, പീയുഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ് സോനോവാൾ, വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജോതിരാദിത്യ സിന്ധ്യ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര ഷെഖാവത്ത്, അന്നപൂർണ ദേവി, കിരൺ റിജിജു, ഹർദീപ് സിങ് പുരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മൻസൂഖ് മാണ്ഡവ്യ, ഡോ. വീരേന്ദ്ര കുമാർ, ജുവാൽ ഓറം, സിആർ പാട്ടീൽ, ജി. കിഷൻ റെഡ്ഡി, ജെഡിയുവിന്റെ ലല്ലൻ സിങ്, രാജീവ് രഞ്ജൻ, എച്ച്എഎം നേതാവ് ജിതൻ റാം മാഞ്ചി, ടിഡിപിയുടെ രാം മോഹൻ നായിഡു, എൽജെപി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഏറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എംപി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.

ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് സംബന്ധിച്ച വിവരം പിന്നീടാകും പുറത്തുവരിക. 75,000 വോട്ടിലേറെ നേടിയാണ് സുരേഷ് ഗോപി കേരളത്തിൽ ആദ്യമായി താമര വിരിയിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കേരളമെമ്പാടും വലിയ ആഘോഷമാണ് നടക്കുന്നത്. മധുര വിതരണവും പദയാത്രയുമായി തൃശൂരിൽ പ്രവർത്തകർ ആഘോഷങ്ങൾ കൊഴുപ്പിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മാതാവ് ജ്ഞാന ലക്ഷ്മിയമ്മ, മകൾ ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ് എന്നിവരും ഡൽഹിയിൽ എത്തിയിരുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.