- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ സമര സമിതി നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 11 കോടി വിദേശ ഫണ്ട് വന്നെന്ന വാർത്ത; ന്യൂസ് 18 ചാനലിന് എതിരെ എ.ജെ.വിജയന്റെ ഭാര്യ ഏലിയാമ്മ വിജയന്റെ വക്കീൽ നോട്ടീസ്; വ്യാജ വാർത്തയ്ക്ക് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരുകോടി നഷ്ടപരിഹാരം വേണം; എ.ജെ.വിജയൻ സമരസമിതി നേതാവ് അല്ലെന്നും ലത്തീൻ അതിരൂപതയാണ് സമരം നയിക്കുന്നതെന്നും നോട്ടീസിൽ
തിരുവനന്തപുരം: വിഴിഞ്ഞം സമരം അട്ടിമറിക്കാൻ, സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടന 11 കോടി വിദേശ ഫണ്ട് വാങ്ങിയെന്ന ആരോപണത്തിൽ ന്യൂസ് 18 മലയാളം ചാനലിന് വക്കീൽ നോട്ടീസ്. ഒരു കോടി രൂപയാണ് ഏലിയാമ്മ വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. സമരസമിതി നേതാവെന്ന് ന്യൂസ് 18 ആരോപിച്ച എ.ജെ.വിജയന്റെ ഭാര്യയാണ് ഏലിയാമ്മ വിജയൻ.
ഒക്ടോബർ 30 ന് ന്യൂസ് 18 സംപ്രേഷണം ചെയ്ത 'വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന' എന്ന ബ്രേക്കിങ് ന്യൂസ് വ്യാജവും അപകീർത്തികരവും ആണെന്ന് ഏലിയാമ്മ വിജയൻ വക്കീൽ നോട്ടീസിൽ പറയുന്നു. വ്യാജ വാർത്ത സംപ്രേഷണം ചെയ്തതിന് മാപ്പ് പറഞ്ഞില്ലെങ്കിൽ ഒരു കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ചാനലിന്റെ എഡിറ്റർ പ്രദീപ് പിള്ളയ്ക്കും, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഡാൻ കുര്യനുമാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
എ.ജെ.വിജയൻ വിഴിഞ്ഞം സമര സമിതിയുടെ നേതാവ് ആണെന്ന വ്യാജ ആരോപണമാണ് വാർത്തയിൽ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, സമരം നയിക്കുന്നത് ലത്തീൻ അതിരൂപത ആണെന്നും എ.ജെ.വിജയൻ അല്ല സമര നേതാവെന്നും ചാനലിന് ബോധ്യമുള്ളതാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ചാനൽ വാർത്തയിൽ, ഏലിയാമ്മ വിജയന്റെ ഫോൺ നമ്പറും വാട്‌സാപ്പ് നമ്പറും നൽകുക വഴി, അധിക്ഷേപിക്കുന്ന സന്ദേശങ്ങൾ ഫോണിലേക്ക് വരാൻ വഴിയൊരുക്കുകയും, അതുവഴി സൽപേരിന് കൂടുതൽ ക്ഷതമുണ്ടാക്കുകയും ചെയ്തു.
ന്യൂസ് 18 ലെ വാർത്ത പ്രകാരം, എ.ജെ.വിജയന് 11 കോടിയുടെ വിദേശ ഫണ്ട് ലഭിച്ചത് ഭാര്യയായ ഏലിയാമ്മ വിജയന്റെ അക്കൗണ്ടിലേക്ക്, അതായത് സന്നദ്ധ സംഘടനയുടെ അക്കൗണ്ടിലേക്ക് ആണെന്നാണ് ആരോപിച്ചിരിക്കുന്നത്. എന്നാൽ, 'സഖി' എന്ന സംഘടന ഇന്ത്യൻ ട്രസ്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. ക്യത്യമായി ഓഡിറ്റിങ് നടത്തുന്ന ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സംഘടനയുമാണ്. 'സഖി' വിദേശ ഫണ്ട് സ്വീകരിക്കുന്നത്, അവർ നടപ്പാക്കുന്ന പദ്ധതികളുടെ ആവശ്യത്തിനായി എഫ്‌സിആർഎ അക്കൗണ്ട വഴിയാണ്, അല്ലാതെ ചാനൽ ആരോപിക്കുന്നത് പോലെ, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിന് വേണ്ടിയല്ല.
ന്യൂസ് 18 കേരളയുടെ വാർത്ത ചുവടെ
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന. ഇതേതുടർന്ന് തുറമുഖ വിരുദ്ധസമരസമിതിയിലെ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ട് പരിശോധിച്ചുവരികയാണ്. ഇതിൽ ഒരു അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് എത്തിയതായി കണ്ടെത്തിയ 11 കോടി രൂപയുടെ വിനിമയം സംബന്ധിച്ചാണ് പ്രധാനമായും പരിശോധന. ഇത് പദ്ധതി അട്ടിമറിക്കാനായി വിനിയോഗിച്ചു എന്നാണ് ആരോപണം. സമരസമിതി നേതാവ് എ ജെ വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരനാണ് ജോസഫ് വിജയൻ എന്ന എ ജെ വിജയൻ.
2017 മുതൽ അക്കൗണ്ടിലേക്ക് എത്തിയ വിദേശ പണത്തേ സംബന്ധിച്ചാണ് ഇന്റലിജൻസ് ബ്യൂറോയുടെ അന്വേഷണം. വിദേശനാണയവിനിമയച്ചട്ടം (FCNRA) ലംഘിച്ചതായി പ്രാഥമിക സൂചനയുണ്ട്. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഇതര സന്നദ്ധ സംഘടനകൾക്ക് ലഭിച്ചിരുന്ന ഫണ്ടിന്റെ ഒരു വിഹിതവും മറ്റുകാര്യങ്ങൾക്ക് കൈമാറിയിരുന്നതായി ഇന്റലിജൻസ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ക്യാമ്പ് ചെയ്ത് വിവരങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നുണ്ട്. എ ജെ വിജയൻ നേതൃത്വം നൽകുന്ന കോസ്റ്റൽ വാച്ച് എന്ന സംഘടനയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജൂലൈ 20ന് മുമ്പേ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചതായും ബിഷപ്പ് എമിരിറ്റസ് ഡോ.എം സൂസപാക്യത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരത്തിന് ഇരുത്താൻ രഹസ്യനീക്കം നടക്കുന്നതായും കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പണം കൈമാറിയിരുന്നത് തിരുവനന്തപുരം വഞ്ചിയൂർ കോൺവെന്റ് റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഖി(SAKHI )എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് തുറമുഖം വരുന്നത് ചൈനയും ശ്രീലങ്കയുമടക്കം ചില വിദേശ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടംകുളം ആണവനിലയ പദ്ധതി അട്ടിമറിക്കാനായി ചില വിദേശരാജ്യങ്ങൾ ഇന്ത്യയിലെ സന്നദ്ധ സംഘടനകളെ കരുവാക്കിയെന്ന് മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രസ്താവിച്ചിരുന്നു.
ഉറച്ച നിലപാടിൽ തുറമുഖ മന്ത്രി
അതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടു നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതു നാടിന്റെ പൊതു ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാൽ പങ്കും നിലവിൽ കൊളംബോയിൽ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവർഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാർഥ്യമാകുന്നതോടെ ഇതിൽ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും.
തുറമുഖ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെർത്തുകൾ പ്രവർത്തനക്ഷമമായാൽത്തന്നെ ആദ്യവർഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചെലവിൽ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഒരു ദശലക്ഷം ടി.ഇ.യു. കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖം പ്രാപ്തമാകും.
അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിനു തൊഴിൽ സാധ്യതകളും വേറെയുമുണ്ടാകും. ഇതു കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റും. വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ഫീഡർ വെസലുകൾ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ