ന്യൂഡൽഹി: ജനസാന്ദ്രത ഏറെയുള്ള കേരളത്തിലെ ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനിടെയിലും കേരളത്തിൽ റോഡ് വികസനം അതിവേഗത്തിൽ തന്നെ മുന്നോട്ടു പോയിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അതിവേഗ നടപടികളുമായി മുന്നോട്ടു പോയപ്പോൾ പിണറായിയും അവകാശവാദവുമായി ഒപ്പം കൂടി. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ പണം നൽകാമെന്ന വാഗ്ദാനമായിരുന്നു പിണറായി നൽകിയത്. ഈ വാഗ്ദാനത്തിന് പിന്നാലെ ദേശീയപാതകൾ തോറും പിണറായിയുടെയും മരുമകൻ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന്റെയും അവകാശവാദ ഫള്ക്‌സുകളുമായി സഖാക്കൾ രംഗത്തുവന്നിരുന്നു.

എന്നാൽ, പിണറായിയുടെ വാഗ്ദാനം വിശ്വസിച്ചു മുന്നോട്ടു പോയ കേന്ദ്രസർക്കാർ ഇപ്പോൾ വെട്ടിലായിരിക്കയാണ്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അതിൽ നിന്ന് പിന്മാറിയെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിമർശിച്ചു. കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമ്മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് നിതിൻ ഗഡ്കരി പാർലമെന്‌റിൽ പറഞ്ഞു.

പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിർമ്മാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് പരാമർശിക്കുമ്പോഴാണ് ഗഡ്കരി കേരളത്തിലെ സാഹചര്യം വിശദീകരിച്ചത്.

അതേസമയം ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തുക ഇനി സംസ്ഥാനത്തിന് വഹിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ദേശീയ പാത വികസനം കേരളത്തിന് ലഭിക്കേണ്ട അവകാശമാണ്. ഭൂമി ഏറ്റെടുക്കലിനുള്ള തുക ഒരു സംസ്ഥാനവും വഹിക്കുന്നില്ല. സംസ്ഥാനത്തിന് ഇത് കഴിയില്ലെന്ന് അഥോറിറ്റിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. എല്ലാ പദ്ധതികൾക്കും കേരളത്തിന്റെ വിഹിതമിങ്ങ് പോരട്ടെ എന്ന ദേശീയപാത അഥോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാകില്ല.

ദേശീയപാത വികസനകാര്യത്തിൽ മുമ്പ് ചില കാലതാമസമുണ്ടായി. സംസ്ഥാനത്തിനും ചില വീഴ്ചകളുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാത വികസിക്കുമ്പോഴും ഇവിടെ പഞ്ചായത്ത് റോഡിന്റെ സ്ഥിതിയിലായിരുന്നു. തുടർന്നാണ് 2016ൽ കേന്ദ്രത്തെ സമീപിക്കുന്നത്. കേരളത്തിൽ ഭൂമിക്ക് വലിയ വിലയാണെന്നും സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകണം എന്നുമായിരുന്നു കേന്ദ്രനിലപാട്.

അത് സാധിക്കില്ല എന്ന് അറിയിച്ചു. ഒടുവിൽ ഒത്തുതീർപ്പെന്ന നിലയിലാണ് 25 ശതമാനം വഹിക്കാൻ തീരുമാനിച്ചത്. ഇത് കാലതാമസമുണ്ടാക്കിയതിന് നൽകേണ്ടി വന്ന പിഴയായിരുന്നു. എന്നാൽ, അതൊരു സൗകര്യമായെടുത്ത് ഇനിയും അങ്ങനെ വേണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല.ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഫലപ്രദമായി തുടരുകയാണ്. എല്ലാ മാസവും അവലോകനം ചെയ്യുന്നുണ്ട്. ജനങ്ങളാകെ സഹകരിക്കുന്നുമുണ്ട്. ഈ ജനങ്ങളുടെ കൂട്ടത്തിൽ ബിജെപിക്കാരും യുഡിഎഫുകാരുമുണ്ടെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേസമയം ദേശീയപാതാ സ്ഥലമേറ്റെടുപ്പ് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കുന്നു എന്നതായിരുന്നു പിണറായി സർക്കാർ അവകാശപ്പെട്ടിരുന്നത്. പനവേൽ- കന്യാകുമാരി ദേശീയപാത 66 ആറുവരിയാക്കുന്നതിന് ആവശ്യമായ 1076.64 ഹെക്ടറിൽ 988.09ഉം(91.77 ശതമാനം) ഏറ്റെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭൂമിക്ക് 25 ശതമാനം തുക കേരളം നൽകണമെന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിച്ചതായുമാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ വിലനൽകാൻ 5311 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കിയെന്നുമായിരുന്നു സർക്കാറിന്റെ അവകാശവാദം.

20 റീച്ചായാണ് പാതയുടെ നിർമ്മാണം. 45 മീറ്റർ വീതിയിൽ ആറ് വരിയുണ്ട്. മികച്ച നഷ്ടപരിഹാരം നൽകുന്നതിനാൽ ഒരിടത്തും തർക്കമില്ല. മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ച് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന പാതയുടെ ആകെ ദൈർഘ്യം 1622 കിലോമീറ്ററാണ്. ഗോവ, കർണാടക വഴി കൊങ്കൺ തീരത്തുകൂടിയുള്ള പാത ഏറ്റവും കൂടുതൽ കടന്നുപോകുന്നത് കേരളത്തിലൂടെയാണ്- 669 കിലോമീറ്ററാണ്.