തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതാ വികസനം ഇന്നലെ ദേശീയ തലത്തിൽ വാർത്തയായിരുന്നു. കാരണം സംസ്ഥാനത്ത് ഒരു കിലോമീറ്റർ ദേശീയ പാത പണിയണമെങ്കിൽ 100 കോടി രൂപ ചെലവ് വരുമെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞതായിരുന്നു ഇതിന് കാരണം. മാത്രമല്ല, സ്ഥലമേറ്റെടുപ്പിന്റെ കാര്യത്തിൽ കേരള മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്ന വാദവും വിവാദത്തെ ചൂടുപിടിപ്പിച്ചു. ഇതോടെ കേന്ദ്രസർക്കാർ പദ്ധതികളിൽ ഫ്‌ളക്‌സ് വെക്കുന്ന ഇടതു നയമാണ് ചർച്ചയായത്. വിഷയം ഇടതു സർക്കാറിനാണ് ഏറെ തിരിച്ചടിയായി മാറിയത്. ഇതോടെ ഇന്നലെ ഡാമേജ് കൺട്രോൾ ശ്രമങ്ങളുമായി പിണറായി രംഗത്തിറങ്ങി. കേരളത്തിലെ ദേശീയ പാതാ വികസനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ ശ്രമങ്ങൾ.

അതേസമയം കേരളത്തിലെ റോഡ് വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കലിന് സംസ്ഥാന ബജറ്റിൽ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാന സർക്കാറിന്റെ അവകാശ വാദങ്ങളെ എല്ലാം തള്ളി. സംസ്ഥാനത്തിന്റെ റോയൽറ്റി തുക കുറയ്ക്കുകയും സിമന്റിന്റെയും സ്റ്റീലിന്റെയും സംസ്ഥാന ജിഎസ്ടി കുറയ്ക്കുകയും വേണെന്നും ഗഡ്കിര ആവശ്യപ്പെട്ടു. റോഡിന് സർക്കാർ ഭൂമി വേണ്ടി വന്നാൽ സൗജന്യമായി വിട്ടു നൽകണം. 2025 ന് മുൻപ് സംസ്ഥാനത്തെ റോഡുകൾ യുഎസ് നിലവാരത്തിനു തുല്യമാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.

സംസ്ഥാനത്തു നിർമ്മാണം പൂർത്തിയായ 2 ദേശീയപാത പദ്ധതികളുടെ സമർപ്പണവും നിർമ്മാണം ആരംഭിക്കുന്ന 13 പദ്ധതികളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തിൽ ഇനി മുതൽ നിർമ്മിക്കുന്ന ദേശീയപാതകൾക്ക് ഭൂമിയേറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുകയുടെ 25% വഹിക്കാനാകില്ലെന്നു സംസ്ഥാനം അറിയിച്ചതായി കേന്ദ്രമന്ത്രി ഇന്നലെ രാവിലെ പാർലമെന്റിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 100 കോടി രൂപയാണ് ചെലവ്.

ഗഡ്കരിയുടെ വാക്കുകൾ മുഖ്യമന്ത്രിക്ക് വലിയ ക്ഷീണമായിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയെ പുകഴ്‌ത്തി കൈയിലെടുക്കുന്ന തന്ത്രമായിരുന്നു പിണറായി സ്വീകരിച്ചത്. മാധ്യമങ്ങളെ കുറ്റം പറഞ്ഞു പിണറായി ഇത് പറഞ്ഞു. പാർലമെന്റിൽ നിതിൻ ഗഡ്കരി പറഞ്ഞത് എടുത്ത് കേരളത്തിലെ ചില മാധ്യമങ്ങൾ 'ഓ, കിട്ടിപ്പോയി' എന്ന മട്ടിൽ വലിയതോതിൽ പ്രചരിപ്പിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ''അവർ വിചാരിച്ചത് ഇതിന്റെ ഭാഗമായി വല്ലാത്ത തർക്കം മൂർച്ഛിക്കാൻ പോകുന്നു, കേരളവും ദേശീയപാതാ അഥോറിറ്റിയുമായി ശത്രുതയിലേക്കു നീങ്ങുന്നു, അതുമായി ബന്ധപ്പെട്ട് ഒരു വികസനവും വരില്ല എന്നൊക്കെയാണ്. അങ്ങനെയൊന്നും മനപ്പായസം ആരും ഉണ്ണണ്ട.

നമ്മൾ ഒരു ആവശ്യം കേന്ദ്ര സർക്കാരിനു മുന്നിൽ വച്ചു. എത്രത്തോളം പരിഗണിക്കാനാകുമെന്ന് കേന്ദ്രം വ്യക്തമാക്കണം. ഞാനും കേന്ദ്രമന്ത്രിയുമായി ഇതു സംബന്ധിച്ചു സംസാരിച്ചു. ചർച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂ'' മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതാ വികസനത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ നാലിലൊന്ന് സംസ്ഥാനം വഹിച്ചിരുന്നു. ഇത്തരത്തിൽ 5580 കോടി രൂപയാണ് നൽകിയത്. നേരത്തേ നടത്തേണ്ടിയിരുന്ന ദേശീയപാതാ വികസനം മുടങ്ങിയതുകാരണമുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമോ പിഴയോ ആയി ഇതിനെ കാണാം. എന്നാൽ, ഈ സ്ഥിതി തുടരാനാകില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. രാജ്യത്ത് എവിടെയും ഒരേ രീതിതന്നെ തുടരണം.

എന്നാൽ, സംസ്ഥാനത്ത് ഭൂമിവില കൂടുതലാണെന്ന യാഥാർഥ്യം സംസ്ഥാനസർക്കാരിനും അറിയാം. ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം കേന്ദ്രത്തെ അറിയിച്ചു. അതിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ നിതിൻ ഗഡ്കരി മുൻകൈയെടുത്തതുകൊണ്ടാണ് സംസ്ഥാനത്തെ ദേശീയപാതാവികസനം യാഥാർഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണമാണ് ദേശീയപാതാവികസനത്തിന് മുതൽക്കൂട്ടായതെന്ന് നിതിൻ ഗഡ്കരിയും പ്രതികരിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ജി.ആർ.അനിൽ എന്നിവർ പങ്കെടുത്തു. ഭൂമിയേറ്റെടുക്കലിലെ സങ്കീർണ നടപടികൾ കുറയ്ക്കാനുള്ള ശ്രമം ഒരു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നും ഇതു സംബന്ധിച്ച് കേരളത്തിൽ 12951 കേസുകളുണ്ടെന്നും നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞിരുന്നു. ഈ വർഷം കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 133 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസിനെ നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചിരുന്നു. 2019 2022 കാലത്ത് 531 കോടി രൂപ കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. എന്നാൽ 20192020ൽ അനുവദിച്ച 140.54 കോടി രൂപ ഇതുവരെ കൈമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

'ക്രിസ്തുമസ് ഫ്രണ്ട്‌സായി' മുഖ്യനും ഗവർണറും

അതേസമയം സർക്കാറുമായി ഏറ്റുമുട്ടൽ തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേവേദിയിൽ കണ്ടുമുട്ടിയതും ഏറെ ശ്രദ്ധേയമായി. ദേശീയപാതാ വികസനപദ്ധതികളുടെ ചടങ്ങിൽ നിലവിളക്കുകൊളുത്താനും റിമോട്ട് കൺട്രോൾ സ്വിച്ച് അമർത്താനും ഗവർണറുടെയും മുഖ്യമന്ത്രിയുടെയും കൈകൾ തന്റെ കൈക്കൊപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പിടിപ്പിച്ചത് കൗതുകകരമായി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അഭിപ്രായഭിന്നത മൂർച്ഛിച്ചതിനുശേഷം ഇരുവരും പങ്കെടുത്ത ചടങ്ങായിരുന്നു വ്യാഴാഴ്ച കാര്യവട്ടത്തു നടന്നത്. രണ്ടുപേർക്കും നടുക്കായിരുന്നു ഗഡ്കരിക്കുള്ള കസേര. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ സൗഹൃദഭാവമൊന്നും കാണിക്കാതെയാണ് ഇരുന്നത്.

ഗവർണർ പ്രസംഗിച്ചില്ല. ആദ്യം ഇംഗ്ലീഷിലും തുടർന്ന് മലയാളത്തിലുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. സഹോദരീസഹോദരന്മാരേ, വിശിഷ്ട വ്യക്തികളേ എന്നു സംബോധന ചെയ്ത മുഖ്യമന്ത്രി പ്രസംഗത്തിൽ ഗവർണറെ പരാമർശിച്ചതേയില്ല.