മലപ്പുറം: കർണാടക സർക്കാർ അനുകൂല നിലപാടെടുത്തിട്ടും നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കർണാടക വനമേഖലയിലൂടെ തുരങ്കപാതയെങ്കിൽ അനുമതി നൽകാമെന്ന് കാണിച്ച് കർണാടക വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിജയകുമാർ ഗോകി 2017 നവംബർ 8ന് കേരള ട്രാൻസ്പോർട്ട് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിന്റെ പകർപ്പ് ഐ.സി ബാലകൃഷ്ണൻ എംഎ‍ൽഎക്കും നൽകിയിരുന്നു. കർണാടക അനുകൂല നിലപാടെടുത്തപ്പോൾ സർവേക്കായി നടപടി സ്വീകരിക്കാതെ സർവെ നിർത്തിവെച്ച് നിലമ്പൂർ- നഞ്ചൻകോട് പാതയെ അട്ടിമറിക്കുകയാണ് ഇടതുസർക്കാർ ചെയ്തത്.

നിലമ്പൂർ- നഞ്ചൻകോട് പാതയുടെ സർവെ എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിൽ 2017 മെയ് 26ന് അന്നത്തെ കർണാടകമുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി കോൺഗ്രസ് പ്രതിനിധി സംഘം ചർച്ച നടത്തി സർക്കാരിന്റെ പിന്തുണ നേടിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, എംപിമാരായ കെ.സി വേണുഗോപാൽ, എം.ഐ ഷാനവാസ്, ഐ.സി ബാലകൃഷ്ണൻ എംഎ‍ൽഎ എന്നിവരുൾപ്പെട്ടിരുന്ന കോൺഗ്രസ് പ്രതിനിധി സംഘത്തിൽ താനും അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ താൽപര്യത്തിന് എതിരു നിൽക്കില്ലെന്നും പദ്ധതിക്കായി ഉന്നതതല യോഗം വിളിക്കാമെന്നും സിദ്ധാരാമയ്യ ഉറപ്പു നൽകിയിരുന്നു. അന്നത്തെ കർണാടക ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്നായിരുന്നു സിദ്ധാരാമയ്യയുമായുള്ള ചർച്ച.

ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനും സർക്കാർ ഇടപെടലിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ഈ ചർച്ചകളുടെ ഗുണഫലമായാണ് പാത കർണാടകയിലെ വനമേഖലയിലൂടെ തുരങ്കത്തിലൂടെയാണ് പോകുന്നതെങ്കിൽ സർവെക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കർണാടകക്ക് സമ്മതമാണെന്ന് രേഖാമൂലം കേരളത്തെ അറിയിച്ചത്.

പാതക്ക് പരിസ്ഥിതി അനുമതി നൽകേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയും ദേശീയ വന്യജീവി ബോർഡുമാണ്. അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടി കർണാടക സ്വീകരിക്കാമെന്നും എന്നാൽ ഇതിനായി കർണാടക സർക്കാരിന് കേരളം അപേക്ഷ നൽകിയാൽ മതിയെന്ന വളരെ അനുകൂല നിലപാട് കർണാടക സർക്കാർ സ്വീകരിച്ചത്. എന്നാൽ കർണാടകയുടെ അനുകൂല തീരുമാനം പ്രയോജനപ്പെടുത്താതെ തലശേരി- മൈസൂർ പാതക്കായി ഇടതു സർക്കാർ നിലമ്പൂർ- നഞ്ചൻകോട് പാതയെ ബോധപൂർവ്വം അട്ടിമറിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 50 ശതമാനം ചെലവ് വഹിക്കാൻ കേരള സർക്കാർ കേന്ദ്രത്തോട് സമ്മതിച്ച ഏക പദ്ധതിയായിരുന്നു നിലമ്പൂർ- നഞ്ചൻകോട് പാത. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും റെയിൽവെയുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദും കേന്ദ്ര റെയിൽവെ മന്ത്രിയെകണ്ട് ഇക്കാര്യം നേരിട്ട് ചർച്ച ചെയ്തിരുന്നു. ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവും റെയിൽവെയുടെ ഏകാംഗകമ്മീഷനുമായ ശ്രീ. ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താൻ നിയോഗിച്ചു. ശ്രീധരന്റെ പഠന റിപ്പോർട്ട് അനുസരിച്ച് 236 കിലോ മീറ്റർ എന്നതിനു പകരം 162 കിലോ മീറ്ററിൽ പാതയുടെ പണി തീർക്കാമെന്നും 6000 കോടിക്കു പകരം 3500 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂ എന്നും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്ന സ്‌പെഷൽ പർപ്പസ് വെഹിക്കിൾ കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. ഈ കമ്പനിയുടെ 51 ശതമാനം ഓഹരി കേരളത്തിനും 49 ശതമാനം ഓഹരി കേന്ദ്രത്തിനും ആയിരിക്കുമെന്നും എം.ഡിയെ നിയമിക്കാനുള്ള അധികാരം കേരളത്തിനും കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുമെന്നും തീരുമാനമെടുത്തു. ഇത് റെയിൽ അംഗീകരിക്കുകയും നിലമ്പൂർ- നഞ്ചൻകോട് പാതയെ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. ബജറ്റിൽ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി യു.ഡി.എഫ് സർക്കാർ 5 കോടി രൂപ അനുവദിച്ചു. വിശദ പദ്ധതി രേഖ സമർപ്പിക്കാൻ ഡി.എം.ആർ.സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തുകയും പ്രാരംഭ ചെലവുകൾക്കായി 2 കോടി അനുവദിക്കുകയും ചെയ്തു.

ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. അതുകൊണ്ട് പദ്ധതി തുടർന്നുകൊണ്ടുപോകാൻ സാധിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഇടത് സർക്കാർ ഡി.എം.ആർ.സി സർവേ നിർത്തിവെക്കുകയും സർവേക്കായി യു.ഡി.എഫ് സർക്കാർ അനുവദിച്ച തുക പിൻവലിക്കുകയുമാണ് ചെയ്തത്. തുടർന്ന് തലശേരി- മൈസൂർ പാതയെക്കുറിച്ച് പഠനം നടത്താൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. ഈ പാത ഒട്ടും പ്രായോഗികമാവില്ലെന്ന് ശ്രീധരൻ റിപ്പോർട്ട് നൽകുകയായിരുന്നു.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രധാന മുൻഗണന നൽകിയ നിലമ്പൂർ-നഞ്ചൻകോട് പാതയെ മുൻഗണനകളെല്ലാം മാറ്റിവെച്ച് ഒട്ടും പ്രായോഗികമല്ല എന്ന് ശ്രീ. ഇ.ശ്രീധരൻ തന്നെ റിപ്പോർട്ട് ചെയ്ത തലശേരി- മൈസൂർ പാതയെ ഒന്നാമതായി ഉൾപ്പെടുത്തുകയുമാണ് ചെയ്തത്. 2016ലെ കേന്ദ്ര റെയിൽവെ ബജറ്റിൽ ഏറ്റെടുക്കുന്ന പദ്ധതികളിൽ ഇന്ത്യയിൽ 11-മതായി നിലമ്പൂർ- നഞ്ചൻകോട് പാതയെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ ഉൾപ്പെടുത്താത്ത തലശേരി- മൈസൂർ പാതക്കാണ് എൽ.ഡി.എഫ് സർക്കാർ പ്രാധാന്യം നൽകിയത്. യു.ഡി.എഫ് സർക്കാർ കേരള റെയിൽഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ പ്രധാനമായി ഉൾപ്പെടുത്തിയ പാതയെ മാറ്റി എട്ടാമതായി ചേർക്കുകയും പ്രായോഗികമല്ലെന്ന ശ്രീധരന്റെ റിപ്പോർ്ട്ട് പോലും അവഗണിച്ച് തലശേരി- മൈസൂർ പാതയെ ഒന്നാമതായും ഉൾപ്പെടുത്തി.

സ്പെഷൽ പർപ്പസ് വെഹിക്കിൾ കമ്പനി രൂപീകരിച്ച് കഴിഞ്ഞ നിലമ്പൂർ- നഞ്ചൻകോട് പാത 5 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുമായിരുന്നിട്ടും അത് അട്ടിമറിക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. കർണാടക അനുകൂല നിലപാട് സ്വീകരിക്കാത്തതുകൊണ്ടാണ് നിലമ്പൂർ- നഞ്ചൻകോട് പാത നടപ്പാക്കാൻ കഴിയാത്തതെന്ന സർക്കാരിന്റെ പുതിയ ന്യായവാദം കളവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്നും ഷൗക്കത്ത് ആരോപിച്ചു.