തിരുവനന്തപുരം: നാലു സെക്കൻഡ് വൈകിപ്പിച്ച് ഉദ്യോഗസ്ഥൻ 'പക തീർത്ത'തിനാൽ കൊല്ലം ചവറ സ്വദേശി നിഷ  ബാലകൃഷ്ണന് സർക്കാർ ജോലി നഷ്ടപ്പെട്ടതു സംബന്ധിച്ച വിവാദത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചു. മന്ത്രി എം.ബി.രാജേഷ് നഗരകാര്യ ഡയറക്ടറോട് റിപ്പോർട്ട് തേടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. നഗരകാര്യ ഡയറക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സംഘത്തിനാണ് അന്വേഷണച്ചുമതല.

'എന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥൻ എന്തു നേടി ? ഇനിയൊരു പിഎസ്‌സി ടെസ്റ്റ് എഴുതി റാങ്ക് പട്ടികയിൽ വരാൻ കഴിഞ്ഞേക്കില്ലെന്നു പലവുരു ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്റെ ജീവിതം അയാൾ തുലാസിലാക്കി...' റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി 12 മണിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്ത നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥൻ ചെയ്തതുകൊടുംക്രൂരതയാണ്. ഇനി അതിൽ നീതി കിട്ടുമോ എന്ന്  നിഷ ബാലകൃഷ്ണന് അറിയില്ല. ഇതിനിടെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുന്നത്.

നഗരകാര്യ വകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫിസിൽ നിന്ന് വിവിധ ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക്, റാങ്ക് പട്ടികയുടെ അവസാനദിവസമായ 2018 മാർച്ച് 31ന് അർധരാത്രിയോടെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതെന്ന് അന്വേഷണത്തിന്റെ ഭാഗമായ രേഖാപരിശോധനയിൽ സ്ഥിരീകരിച്ചു. തിരുവനന്തപുരം, മലപ്പുറം, തൃശൂർ, കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക് രാത്രി 11.36 മുതൽ അർധരാത്രി വരെ ഉള്ള സമയത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ നിഷയ്ക്കു ജോലി നഷ്ടപ്പെട്ടു എന്നാണു പരാതി.

കൊച്ചി കോർപറേഷൻ ഓഫിസിൽ ഉണ്ടായ ഒഴിവുകൾ നിഷയുടെയും മറ്റ് ഉദ്യോഗാർഥികളുടെയും ശ്രമഫലമായി നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28ന് റിപ്പോർട്ട് ചെയ്യിച്ചിരുന്നു. അടുത്ത രണ്ടു ദിവസം അവധിദിനങ്ങൾ ആയിരുന്നു. പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഇപ്പോൾ ഓൺലൈൻ സംവിധാനം ഉണ്ടെന്നും അന്ന് മാനുവൽ രീതിയായിരുന്നുവെന്നും ആണ് ഉദ്യോഗസ്ഥർ വാക്കാൽ നൽകിയിരിക്കുന്ന വിശദീകരണം. ഇതു സർക്കാർ പരിശോധിക്കും.

എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696ാം റാങ്കുകാരിയായിരുന്നു നിഷ. 2015 മാർച്ച് 31 നു നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2018 മാർച്ച് 31നു തീർന്നു. അതിനു ദിവസങ്ങൾക്കു മുൻപ് 28 നാണ് കൊച്ചി കോർപറേഷനിലെ ഒഴിവ് (എൻജെഡി ഒഴിവ്) നഗരകാര്യ ഡയറക്ടറെ അറിയിക്കുന്നത്. നഗരകാര്യ ഡയറക്ടർ ഓഫിസിൽ ഈ ഇമെയിൽ വരുമ്പോൾ നിഷയും റാങ്ക് പട്ടികയിലെ മറ്റ് ഉദ്യോഗാർഥികളും അവിടെയുണ്ടായിരുന്നു.

'ഇന്നു തന്നെ ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണേ' എന്നു ഓഫിസിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ക്ലാർക്ക് ബിനുരാജിനോടു യാചിച്ചു പറഞ്ഞു. 'ചെയ്യാം ചെയ്യാം' എന്നായിരുന്നു മറുപടി. ആ മറുപടിയിൽ പ്രതീക്ഷയർപ്പിച്ചു മടങ്ങി. 29നും 30നും പൊതു അവധി. 31ന് പലതവണ വിളിച്ചപ്പോഴും എല്ലാം പോസിറ്റീവായിരുന്നു. പക തീർക്കാനെന്നോണം അന്ന് അർധരാത്രി കൃത്യം 12ന് അയാൾ ഒഴിവ് റിപ്പോർട്ട് ചെയ്തു കൊണ്ട് എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു മെയിൽ അയച്ചു. രേഖകൾ പ്രകാരം അതു പിഎസ്‌സി ഓഫിസിലെത്തിയത് 12.04ന്. ആ സാങ്കേതികതയിൽ നിഷയ്ക്ക് ജോലി നഷ്ടമായി. ഇനി പി എസ് സി പരീക്ഷയും എഴുതാനാകില്ല.

'എന്റെ അറിവിൽ ഞാൻ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ അനിശ്ചിതകാല സമരത്തിൽ പങ്കെടുത്തു നിരാഹാരം കിടന്നു. പലപ്പോഴും നിരാഹാര പന്തലിൽ നിന്നിറങ്ങിയാണു തലസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫിസുകളും ഞാനും മറ്റുള്ളവരും കയറിയിറങ്ങിയത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽ നിന്നാണെന്നറിഞ്ഞ് നൂറുതവണയെങ്കിലും അവിടെ പോയി. 'തലസ്ഥാനത്തു വന്നു പട്ടിണികിടന്നു ചാവാനാണോ പ്ലാൻ..?' എന്നായിരുന്നു ഒരിക്കൽ ചെന്നപ്പോൾ ചില ഉദ്യോഗസ്ഥരുടെ ചോദ്യം. ആർക്കും എതിരെയായിരുന്നില്ല, ജീവിക്കാൻ ഒരു തൊഴിലിനു വേണ്ടി മാത്രമായിരുന്നു ആ സമരം...' നിഷ പറയുന്നു.

അന്നത്തെ പിഎസ്‌സി അംഗം ആർ.പാർവതീ ദേവിയെ കണ്ടു വിവരങ്ങളെല്ലാം ധരിപ്പിച്ചതാണ്. പിഎസ്‌സി യോഗത്തിൽ എതിർപ്പുണ്ടായി എന്നു പറഞ്ഞ് അപേക്ഷ നിരസിച്ചതായും നിഷ പറയുന്നു. മന്തി വി. ശിവൻകുട്ടിയുടെ ഭാര്യയാണ് പാർവ്വതി ദേവി. ഏതായാലും നിയമ പോരാട്ടം തുടരുകയാണ് നിഷ.