- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടം റിലീസാകുമെന്ന് പറഞ്ഞ് ഞങ്ങളെ അഭിമുഖത്തിനും പ്രമോഷനുമൊക്കെ വിടും; പക്ഷെ നിർമ്മാതാവിന് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്; താൻ മുന്നോട്ട് വന്നപ്പോൾ വച്ച നിർദ്ദേശം സിനിമയുടെ മൊത്തം ബാധ്യതയേറ്റെടുത്താൽ പടം തരാമെന്ന്; തുറമുഖം നിർമ്മാതാവിന്റെ ചതി തുറന്ന് പറഞ്ഞ് നിവിൻപോളി; ചിത്രം വെള്ളിയാഴ്ച്ചയെത്തും
കൊച്ചി: ഒരുപക്ഷെ മലയാളസിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തവണ റിലീസ് മാറ്റിവെച്ച ചിത്രങ്ങളിൽ മുൻപന്തിയിലാവും തുറമുഖത്തിന്റെ സ്ഥാനം.റിലീസ് ഡേറ്റും പോസ്റ്ററും ട്രെയ്‌ലറും വരെ വന്നിട്ടും മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.ഇപ്പോഴിത കാത്തിരിപ്പിനൊടുവിൽ മാജിക് ഫ്രെയിംസിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്.ഇ സമയം ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നിർമ്മാതാവിന്റെ ചതിയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നിവിൻ പോളി.
ചിത്രത്തിന്റെ പ്രതിസന്ധിക്കു പിന്നിൽ നിർമ്മാതാവിന്റെ പ്രശ്‌നങ്ങളാണെന്ന് തുറന്നു പറയുകയാണ് നായകനായ നിവിൻ പോളി. കൊച്ചിയിൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നിവിൻ മനസ്സ് തുറന്നത്.ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.കോടികളുടെ ബാധ്യത എന്റെ തലയിൽ ഇടാൻ ശ്രമിച്ചു എന്ന കാര്യം അടക്കമാണ് നിവിൻ വിവരിക്കുന്നത്.
തുറമുഖം ഇത്ര പ്രശ്‌നത്തിലേക്ക് പോകേണ്ട സിനിമയല്ല. ഇത് ഒരു നാൽപ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുരകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റിൽ ഒരുക്കിയ ചിത്രം. ഇത്രയും സാമ്പത്തിക പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവർ അതിന് ഉത്തരം പറയേണ്ടതാണ്. ഈ ചിത്രവുമായി നടൻ എന്ന നിലയിൽ പരിപൂർണ്ണമായി സഹകരിച്ചിട്ടുണ്ടായിരുന്നു.
രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോൾ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു. മൂന്ന് പ്രവാശം പടം റിലീസ് ചെയ്യാൻ ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങൾ അണിയറക്കാർ പടം റിലീസ് ആകുമോ എന്ന് നിർമ്മാതാവിനോട് ചോദിക്കും ആകുമെന്ന് അദ്ദേഹം പറയും. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നൽകാൻ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു.
എന്നാൽ പ്രൊഡ്യൂസർക്ക് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്. അത് നല്ല കാര്യമായി തോന്നിയില്ല. ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തിൽ ലിസ്റ്റിനാണ് ഈ സിനിമ ഏറ്റെടുത്തത്. ലിസ്റ്റിൻ ഈ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു.ഒരുഘട്ടത്തിൽ ഞാൻ ഈ പടം റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന്റെ സാമ്പത്തിക ബാധ്യത മുഴുവൻ ഏറ്റെടുത്താൽ സമ്മതിക്കാം എന്നാണ് നിർമ്മാതാവ് പറഞ്ഞത്.
അന്ന് കോടികളുടെ ബാധ്യത തലയിൽ വയ്ക്കാൻ അന്ന് എനിക്ക് കഴിയില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നത്. തുടർന്ന് തുറമുഖത്തിന്റെ സാമ്പത്തിക പ്രശ്‌നത്തിന്റെ ഒരോ കുരുക്കും അഴിച്ച് അത് ഒടുവിൽ യാഥാർത്ഥ്യമാക്കിയ ലിസ്റ്റന് വേദിയിൽ വച്ച് തന്നെ നന്ദിയും നിവിൻ പോളി പറഞ്ഞു.ഇന്ന് ലിസ്റ്റിൻ വളരെ കഷ്ടപ്പെട്ടാണ് ഇത് ഇപ്പോൾ റിലീസാകുന്ന രീതിയിൽ നടത്തിയെടുത്തത്. പത്ത് ഇരുപത്തിയഞ്ച് പടം പ്രൊഡക്ഷനിൽ നിൽക്കുന്ന ലിസ്റ്റന് ഈ പടം എടുക്കേണ്ട ഒരു ആവശ്യവും ഇല്ല. അദ്ദേഹം ഈ പടത്തിന്റെ കൂടെ നിന്നതിൽ സന്തോഷം അല്ല, ഒരു കടപ്പാടാണ് ഉള്ളതെന്നും നിവിൻ കൂട്ടിച്ചേർത്തു.
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് മാർച്ച് പത്തിനാണ് പ്രദർശനത്തിന് എത്തുന്നത്.ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ എത്തിക്കുന്നത്.മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മറുനാടന് മലയാളി ബ്യൂറോ